സവാള വിലക്കയറ്റം; സർക്കാറിന്‍റെ വിപണി ഇടപെടലിന് തുടക്കം
text_fieldsതിരുവനന്തപുരം: പൊതുവിപണിയിൽ സവാള വില കിലോക്ക് 65-70 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കിലോക്ക് 35 രൂപ നിരക്കിൽ സവാള ലഭ്യമാക്കുന്ന സംസ്ഥാനതല വിതരണത്തിന് തുടക്കമായി.
കൃഷി മന്ത്രി ടി. സിദ്ദീഖ് പാളയം ഹോർട്ടികോർപ് വിപണിയിൽ വിതരണത്തിന്റെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നിർവഹിച്ചു. തുടർന്ന് ഹോർട്ടികോർപ് വഴിയുള്ള വിതരണത്തിനാവശ്യമായ നാലു ലോഡ് സവാള വിവിധ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടു. ആദ്യ വിൽപനയും മന്ത്രി നിർവഹിച്ചു. ഹോർട്ടികോർപ് ഔട്ട്‌ലെറ്റുകൾക്ക് പുറമെ ആവശ്യമായ സ്ഥലങ്ങളിൽ മൊബൈൽ ഔട്ട്‌ലെറ്റുകൾ വഴിയും സവാള വിതരണം ചെയ്യും. സപ്ലൈകോ വഴിയും വിതരണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യകത വർധിക്കുന്നതനുസരിച്ച് കൂടുതൽ സവാള എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വില സാധാരണ നിലയിലേക്ക് എത്തുന്നതുവരെ വിപണി ഇടപെടൽ തുടരും.
കൃഷിവകുപ്പിന്റെയും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെയും സംയുക്ത ഇടപെടലിന്റെ ഭാഗമായി നൂറു ടൺ സവാള അടിയന്തരമായി കേരളത്തിലെത്തിക്കും. ആദ്യഘട്ടത്തിൽ ഓർഡർ നൽകിയ 30 ടണ്ണിൽ 20 ടൺ ഇതിനകം കേരളത്തിലെത്തി. ഇതിൽ 10 ടൺ വടക്കൻ മേഖലയിലേക്കും 10 ടൺ തെക്കൻ കേരളത്തിലേക്കുമാണ് എത്തിച്ചത്. 30 ടൺ സവാള കൂടി വ്യാഴാഴ്ച കേരളത്തിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

