സ്വർണ വില കൂപ്പുകുത്തി; ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ
text_fieldsമുംബൈ: നിക്ഷേപകരെയും ആഭരണ പ്രേമികളെയും അമ്പരിപ്പിച്ച് നടത്തിയ കുതിപ്പിന് ശേഷം സ്വർണ വില ശനിയാഴ്ച കൂപ്പുകുത്തി. വെള്ളിയുടെയും വില തകർന്നു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണവും വെള്ളിയും നിക്ഷേപകർ കൂട്ടമായി വിറ്റഴിച്ചതോടെയാണ് വില ഇടിഞ്ഞത്. ഗ്രാമിന് 175 രൂപ കുറഞ്ഞതോടെ സ്വർണത്തിന്റെ വില 11,995 രൂപയായി. പവന്റെ വിലയിൽ 1400 രൂപയുടെ കുറവുണ്ടായി. ഒരു പവൻ സ്വർണം വാങ്ങാൻ 95,960 രൂപ നൽകണം. സർവകാല റെക്കോഡിൽനിന്നാണ് സ്വർണ വില തലകുത്തി വീണത്. വിലയിൽ ഒറ്റ ദിവസം കൊണ്ട് മൂന്ന് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. വെള്ളിയുടെ വിലയിൽ എട്ട് ശതമാനത്തിന്റെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്. ഒരു കിലോ ഗ്രാം വെള്ളിക്ക് 1,70,415 രൂപയുണ്ടായിരുന്നത് 1,53,929 രൂപയിലെത്തി.
സ്വർണ വിലയിലെ ഇടിവ് പ്രതീക്ഷിച്ചിരുന്നെന്നാണ് വിപണിയിലെ വിദഗ്ധർ പറയുന്നത്. വിലയിലുണ്ടായ അസാധാരണ കുതിപ്പിന് ശേഷം നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുക്കുകയാണുണ്ടായതെന്ന് ബാങ്ക്, വിപണി വിദഗ്ധനായ അജയ് ബഗ്ഗ പറഞ്ഞു. സ്വർണ വിലയിലെ ഇടിവ് ആരോഗ്യകരവും എന്നാൽ താൽകാലികവും മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി
ചൈനക്കെതിരെ ചുമത്തിയ കനത്ത തീരുവ അധികകാലം തുടരില്ലെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് നിക്ഷേപകർ തന്ത്രം മാറ്റിയത്. മാത്രമല്ല, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യു.എസും റഷ്യയും തമ്മിൽ വീണ്ടും ചർച്ചകൾ നടത്തുമെന്ന സൂചനകളുമുണ്ടായിരുന്നു. ആഗോള രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതാവസ്ഥക്ക് അറുതി വരികയാണെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇനിയും ഉയരാനുള്ള സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും നിക്ഷേപകർ ഡോളർ വിറ്റൊഴിവാക്കുന്നതും വെള്ളിക്ക് കനത്ത ക്ഷാമം നേരിടുന്നതും കരുതൽ ധനമായി സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും പലിശ നിരക്ക് കുറയുന്നതുമെല്ലാം സ്വർണ വിലയുടെ റാലി പുനരാരംഭിക്കാനുള്ള കാരണമാകും. നിലവിലെ വിലയിടിവ് കൂടുതൽ സ്വർണം വാങ്ങിക്കാനുള്ള അവസരമായി ദീർഘകാല നിക്ഷേപകർ കാണണമെന്നും അദ്ദേഹം നിർദേശിച്ചു.
അതേസമയം, മൂല്യമേറിയ ലോഹവും വ്യവസായിക പ്രാധാന്യവും കൂടുതലായതിനാൽ സ്വർണത്തേക്കാൾ സാധ്യത വെള്ളിക്കാണ്. പക്ഷെ, ഭൗതിക രൂപത്തിലുള്ള വെള്ളിയുടെ വിതരണത്തിലെ തടസ്സങ്ങളും ഊഹക്കച്ചവ സാധ്യത വർധിച്ചതും കാരണം വ്യാപാരികൾ ജാഗ്രത പാലിക്കണമെന്നും ബഗ്ഗ പറഞ്ഞു.
ആഗസ്റ്റിന്റെ തുടക്കം മുതൽ ഒക്ടോബർ 17 വരെ സ്വർണ വിലയിൽ അതിശക്തമായ കുതിപ്പുണ്ടായതിനാൽ തിരുത്തൽ ആവശ്യമായിരുന്നെന്ന് കേഡിയ കമ്മോഡിറ്റീസ് ഡയറക്ടർ അജയ് കേഡിയ പറഞ്ഞു. ഒമ്പത് ആഴ്ചക്കിടെ ഒരു തവണ പോലും വിലയിടിവ് നേരിട്ടിരുന്നില്ല. സാങ്കേതികമായി പറഞ്ഞാൽ സ്വർണം നിക്ഷേപകർ അമിതമായി വാങ്ങിക്കൂട്ടിയ സാഹചര്യമായിരുന്നു. അതിനാൽ വിൽപന അനിവാര്യവുമായിരുന്നു. എന്നാൽ, വിലയിടിവ് തുടരുമെന്ന് ഉറപ്പില്ല. ഇനി ട്രംപ് എന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യവും അവ്യക്തമാണ്. അതുകൊണ്ട് അടുത്ത ആഴ്ച നിക്ഷേപകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും കേഡിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

