സ്വർണം, വെള്ളി വില തകരുന്നു; വാങ്ങാമോ? വിദഗ്ധരുടെ ഉപദേശം നോക്കൂ
text_fieldsമുംബൈ: രണ്ടാം ദിവസവും സ്വർണം, വെള്ളി വില ഇടിഞ്ഞതോടെ നിക്ഷേപകർ ആശങ്കയിലാണ്. ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യം ഉയർന്നതാണ് സ്വർണത്തിനും വെള്ളിക്കും തിരിച്ചടിയായത്. യു.എസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പുതിയ ചെയർമാനായി ഡോളർ അനുകൂല നിലപാടുള്ള കെവിൻ വാർഷിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തതോടെയാണ് ഡോളറിന്റെ ഡിമാന്റ് ഉയർന്നത്. ഡോളറിൽ നിക്ഷേപകരുടെ താൽപര്യം വർധിക്കുന്നത് സ്വർണത്തിനും വെള്ളിക്കും തിരിച്ചടിയാണ്.
ജനുവരിയിൽ നടത്തിയ റെക്കോഡ് കുതിപ്പിന് ശേഷം നിക്ഷേപകർ ലാഭമെടുത്തതോടെയാണ് ഇരു ലോഹങ്ങളുടെയും വില കുത്തനെ ഇടിയുന്നത്. ലോഹങ്ങളിൽ വ്യാപാരം നടത്തുന്നതിന് ഡിപോസിറ്റ് ചെയ്യേണ്ട തുക ലോകത്തെ ഏറ്റവും വലിയ എക്സ്ചേഞ്ചായ ലണ്ടനിലെ സി.എം.ഇ ഗ്രൂപ്പ് ഉയർത്തിയതോടെ നിക്ഷേപകർ സ്വർണവും വെള്ളിയും കൂട്ടമായി വിറ്റൊഴിവാക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 60 ശതമാനം റിട്ടേൺ സമ്മാനിച്ച ലോഹമാണ് വെള്ളി. സുരക്ഷിത നിക്ഷേപമെന്ന നിലക്കും വ്യാവസായിക ഡിമാന്റ് ഉയർന്നതും ലഭ്യത കുറഞ്ഞതുമാണ് വെള്ളിക്ക് നേട്ടമായത്. വെള്ളിയാഴ്ച സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ കനത്ത ഇടിവ് നേരിട്ടു. ആറ് ശതമാനം കുറഞ്ഞ് കിലോഗ്രാമിന് 2.29 ലക്ഷത്തിലാണ് വെള്ളി വ്യാപാരം ചെയ്യപ്പെടുന്നത്. കിലോഗ്രാമിന് 4.2 ലക്ഷത്തിൽനിന്നാണ് വെള്ളി വിലയിൽ ഒരാഴ്ചക്കിടെ 45 ശതമാനത്തിന്റെ കുറവുണ്ടായത്. ഒരു പവൻ സ്വർണത്തിന് സർവകാല റെക്കോഡ് വിലയായ 1,31,160 രൂപയിൽനിന്ന് വെള്ളിയാഴ്ച 1,11,720 രൂപയിലെത്തി.
വിപണിയിൽ ശക്തമായ മുന്നേറ്റമുണ്ടായതിന് പിന്നാലെ കനത്ത ഇടിവുണ്ടാകാറുണ്ടെന്ന് ബൊനാൻസയിലെ സീനിയർ കമ്മോഡിറ്റി റിസർച്ച് അനലിസ്റ്റ് നിർപേന്ദ്ര യാദവ് പറഞ്ഞു. നിക്ഷേപകർ വൻതോതിൽ സ്വർണവും വെള്ളിയും വാങ്ങിക്കൂട്ടിയ സാഹചര്യത്തിൽ ആഗോള രാഷ്ട്രീയ സാഹചര്യം മാറുന്നതും അപകട സാധ്യത ഉയരുന്നതും അനുസരിച്ച് ലാഭമെടുക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യു.എസ്-ഇറാൻ ചർച്ചകളുടെ ഫലമെന്തായിരിക്കുമെന്നാണ് വിപണി ഉറ്റുനോക്കുന്നതെന്ന് പൃഥ്വി ഫിൻമാർട്ടിലെ മനോജ് കുമാർ ജെയിൻ പറഞ്ഞു. ഈ ചർച്ചയായിരിക്കും ഇനി സ്വർണത്തിന്റെയും വെള്ളിയുടെയും വിലയുടെ ഗതി നിർണയിക്കുക. അതുകൊണ്ട്, വിപണിയിലെ ചാഞ്ചാട്ടം അവസാനിക്കുന്നത് വരെ സ്വർണവും വെള്ളിയും വാങ്ങാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഉപദേശിച്ചു.
വെള്ളിയാഴ്ച എഡിൽവെയ്സ് സിൽവർ ഇ.ടി.എഫ്, ആദിത്യ ബിർല സൺ ലൈഫ് സിൽവർ ഇ.ടി.എഫ് എന്നിവ എട്ട് ശതമാനവും ഇടിഞ്ഞു. എസ്.ബി.ഐ സിൽവർ ഇ.ടി.എഫ്, എച്ച്ഡിഎഫ്‌സി സിൽവർ ഇ.ടി.എഫ്, സെറോദ സിൽവർ ഇ.ടി.എഫ്, യു.ടി.ഐ സിൽവർ ഇ.ടി.എഫ്, ടാറ്റ സിൽവർ ഇ.ടി.എഫ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ സിൽവർ ഇ.ടി.എഫ്, നിപ്പോൺ ഇന്ത്യ സിൽവർ ഇ.ടി.എഫ് എന്നിവ ഏഴ് ശതമാനം വീതവും കുറഞ്ഞു.
ഗോൾഡ് ഇ.ടി.എഫുകളിൽ മോതിലാൽ ഓസ്വാൾ ഗോൾഡ് ഇ.ടി.എഫ് മൂന്ന് ശതമാനം ഇടിഞ്ഞു. ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഗോൾഡ് ഇ.ടി.എഫ്, ഡി.എസ്.പി ഗോൾഡ് ഇ.ടി.എഫ്, യു.ടി.ഐ എം.എഫ് ഗോൾഡ് ഇ.ടി.എഫ് തുടങ്ങിയവ രണ്ട് ശതമാനം വീതവും കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

