25 വർഷത്തെ നിക്ഷേപം; ലാഭത്തിൽ ഓഹരികളെ മറികടന്ന് സ്വർണവും വെള്ളിയും
text_fieldsമുംബൈ: ഇന്ത്യയിൽ 25 വർഷത്തിനിടെ ഏറ്റവും നേട്ടം നൽകിയ ആസ്തിയായി സ്വർണവും വെള്ളിയും. ഓഹരി വിപണികളെ മറികടന്നാണ് ഇരു ലോഹങ്ങളും നിക്ഷേപകരുടെയും വ്യാപാരികളുടെയും പ്രിയങ്കരമായി മാറിയത്. ആഗോള വിപണിയിലും സമാനമായ റിട്ടേണാണ് ലോഹങ്ങൾ സമ്മാനിച്ചത്.
10 ഗ്രാം സ്വർണത്തിന് 1999ൽ 4,400 രൂപയായിരുന്നു വില. 25 വർഷങ്ങൾക്ക് ശേഷം സ്വർണ വില 1.4 ലക്ഷത്തിലേക്ക് വളർന്നു. 14.3 ശതമാനം കോമ്പൗണ്ടഡ് അന്യുവൽ ഗ്രോത് റേറ്റ് (സി.എ.ജി.ആർ) അതായത് ശരാശരി വാർഷിക വളർച്ച നിരക്ക് രേഖപ്പെടുത്തി.
അതുപോലെ, 1999ൽ വെള്ളി വില കിലോ ഗ്രാമിന് 8100 രൂപയായിരുന്നു. ഇന്ന് 2.5 ലക്ഷമായി ഉയർന്നു. 14 .1 ശതമാനം സി.എ.ജി.ആർ വളർച്ച കൈവരിച്ചു.
സ്വർണത്തിന്റെയും വെള്ളിയുടെയും വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇതേകാലയളവിൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിഫ്റ്റി സൂചിക 11.7 ശതമാനം സി.എ.ജി.ആർ റിട്ടേണാണ് നൽകിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെൻസെക്സ് സൂചിക 11.5 ശതമാനവും വളർച്ച കൈവരിച്ചു.
സ്വർണത്തിന്റെയും വെള്ളിയുടെയും വളർച്ചയെ മറികടക്കണമെങ്കിൽ നിലവിൽ 85,000 ത്തിൽ വ്യാപാരം ചെയ്യപ്പെടുന്ന സെൻസെക്സ് 1.6 ലക്ഷത്തിലേക്ക് കടക്കണമായിരുന്നു. അതുപോലെ, 26000ത്തിൽ വ്യാപാരം ചെയ്യപ്പെടുന്ന നിഫ്റ്റി 48,000 ത്തിനു മുകളിലെത്തിയാൽ മാത്രമേ വെള്ളിയെക്കാൾ കൂടുതൽ നേട്ടം നൽകാൻ കഴിയൂ.
ഹ്രസ്വകാലത്തേക്ക് വിലയിൽ ചാഞ്ചാട്ടം നേരിടുമെങ്കിലും നിക്ഷേപം വൈവിധ്യവത്കരിക്കുന്നതിൽ സ്വർണത്തിനുള്ള പ്രാധാന്യം നിലനിൽക്കുമെന്ന് നിപ്പോൺ ഇന്ത്യ മ്യൂച്ച്വൽ ഫണ്ടിന്റെ കമ്മോഡിറ്റി വിഭാഗം ഫണ്ട് മാനേജർ വിക്രം ധവാൻ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രണ്ട് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആഭ്യന്തര മൊത്ത വരുമാനത്തേക്കാൾ കൂടുതൽ സ്വർണം ഇന്ത്യക്കാരുടെ കൈയിലുണ്ടെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്.
ആഭരണങ്ങളിലൂടെയാണ് സ്വർണത്തിന്റെ ഡിമാന്റ് പ്രധാനമായും നിലനിൽക്കുന്നത്. എന്നാൽ, വർഷങ്ങളായി ആഭരണങ്ങൾക്ക് പകരം വെള്ളിയുടെ നാണയങ്ങൾക്കും ബാറുകൾക്കും പാത്രങ്ങൾക്കുമാണ് വിപണി. വില കുതിച്ചുയർന്നതോടെ സ്വർണവും വെള്ളിയും ചേർന്നുള്ള ആഭരണങ്ങളാണ് ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നതെന്ന് ജ്വല്ലറി ഉടമകൾ പറഞ്ഞു.
യു.എസിൽ ഫെഡറൽ റിസർവ് തുടർച്ചയായി പലിശ നിരക്ക് കുറച്ചതാണ് സ്വർണത്തിന്റെയും വെള്ളിയുടെയും ഡിമാന്റ് വർധിച്ചതിനുള്ള ഒരു കാരണം. പലിശ നിരക്ക് കുറയുന്നതോടെ മറ്റു പ്രധാന കറൻസികളെ അപേക്ഷിച്ച് യു.എസ് ഡോളറിന്റെ മൂല്യം കുറയും. സ്വർണത്തിന്റെയും വെള്ളിയുടെയും വില കണക്കാക്കുന്നത് ഡോളറിലാണ്. ഡോളറിനേക്കാൾ മൂല്യമുള്ള കറൻസികൾക്ക് ലോഹങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
മാത്രമല്ല, ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതാവസ്ഥയും താരിഫ് നയവും സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെയും വെള്ളിയുടെയും വില വർധനക്ക് ഊർജം പകർന്നു. ഇതിനെല്ലാം പുറമെ, സിൽവർ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഇ.ടി.എഫ്) നിക്ഷേപം ഒഴുകി. സോളാർ, ഇലക്ട്രിക് വാഹനങ്ങൾ, സെമികണ്ടക്ടറുകൾ തുടങ്ങിയ നിരവധി വ്യവസായ മേഖലയിൽ ഉപയോഗിക്കുന്നതിനാലും വെള്ളിക്ക് ഇരട്ടി നേട്ടമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

