വാര്‍ഷ് എഫക്ടില്‍ സ്വര്‍ണം വീഴുമോ?
text_fieldsസ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ക്ക് തുടക്കമിട്ടാണ് കഴിഞ്ഞയാഴ്ച കടന്നുപോയത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ പരാമര്‍ശങ്ങളാണ് വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പണനയത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടി വന്നേക്കാമെന്ന സൂചനയാണ് വാര്‍ഷ് നല്‍കിയത്. ഇതോടെ വരും മാസങ്ങളില്‍ സ്വര്‍ണവിലയുടെ മുന്നേറ്റത്തിന് വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന വിലയിരുത്തലുകള്‍ ശക്തമായി.
പലിശനിരക്കും സ്വര്‍ണവും
ഫെഡറല്‍ റിസര്‍വ് വാര്‍ഷിക സാമ്പത്തിക സിംപോസിയമായ ജാക്‌സണ്‍ ഹോള്‍ സമ്മേളനത്തിലാണ് പലിശനിരക്കും പണപ്പെരുപ്പവും സംബന്ധിച്ച് വാര്‍ഷ് നിലപാട് വ്യക്തമാക്കിയത്. അമേരിക്കയിലെ പണപ്പെരുപ്പം ഫെഡറല്‍ റിസര്‍വിന്റെ രണ്ട് ശതമാനം ലക്ഷ്യത്തിന് മുകളിലാണെന്നും അതിനാല്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമായി വരുമെന്നും വാര്‍ഷ് പറഞ്ഞു. പലിശനിരക്ക് ഉയര്‍ന്നാല്‍ യു.എസില്‍ ബോണ്ട് നിക്ഷേപം കൂടുതല്‍ ആകര്‍ഷകമാവും. ഇതോടെ ആളുകളിലെ നിക്ഷേപതാല്‍പര്യം ബോണ്ടുകളിലേക്ക് തിരിയും. ഇത് സ്വര്‍ണത്തിന് തിരിച്ചടിയുണ്ടാക്കുകയും സ്വാഭാവികമായി വില കുറയുകയും ചെയ്യും.
വാര്‍ഷിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ ഇടിവും ഇതിന്റെ സൂചനയായാണ് വിപണി വിലയിരുത്തുന്നത്. എന്നാല്‍ പലിശനിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം, അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകള്‍, തൊഴില്‍ വിപണിയുടെ സ്ഥിതി എന്നിവയായിരിക്കും സ്വര്‍ണവിലയുടെ അടുത്ത നീക്കത്തില്‍ നിര്‍ണായകമാകുക.
കേരളത്തിലും പ്രതിഫലിക്കും
രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയിലെ ചലനങ്ങള്‍ സ്വാഭാവികമായും കേരള വിപണിയിലും പ്രതിഫലിക്കും. രാജ്യാന്തര വിലക്കൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റവും ആഭ്യന്തര സ്വര്‍ണവിലയെ സ്വാധീനിക്കും. അതിനാല്‍ വരും ദിവസങ്ങളില്‍ ആഗോള വിപണിയിലെ സ്വര്‍ണവില, ഡോളര്‍, യുഎസ് ബോണ്ട് യീല്‍ഡുകള്‍, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച നീക്കങ്ങള്‍ എന്നിവ കേരളത്തിലെ സ്വര്‍ണവിപണിക്കും നിര്‍ണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

