സ്വർണപ്പണയം ഇനി എളുപ്പത്തിൽ
text_fieldsസ്വർണം, വെള്ളി പണയ വായ്പ സംബന്ധിച്ച് കഴിഞ്ഞാഴ്ച റിസർവ് ബാങ്ക് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം പകരുന്നതും ധനകാര്യ സ്ഥാപനങ്ങൾ പാലിക്കേണ്ട ചട്ടങ്ങൾ കൂടുതൽ കർശനമാക്കുന്നതുമാണ്. സ്വർണ വിലയുടെ 85 ശതമാനം വരെ (എൽ.ടി.വി) വായ്പ നൽകണമെന്ന നിർദേശം വായ്പയെടുക്കുന്നവർക്ക് ഏറെ ഗുണം ചെയ്യും. അതായത്, ഒരു ലക്ഷം രൂപ വിപണി മൂല്യമുള്ള സ്വർണം പണയം വെച്ചാൽ 85,000 രൂപ വരെ വായ്പ ലഭിക്കും.
രണ്ടര ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പരിധി ഉയർത്തിയത്. നിലവിൽ ഇത് 75 ശതമാനമാണ്. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള വായ്പകൾക്ക് സ്വർണ മൂല്യത്തിന്റെ 80 ശതമാനം വരെയും അഞ്ചു ലക്ഷത്തിനു മുകളിൽ വായ്പകൾക്ക് 75 ശതമാനം വരെയും ലഭിക്കും. വായ്പ കാലാവധിയിൽ മേൽപറഞ്ഞ അനുപാതം നിലനിർത്തണം.
പലിശയടക്കമുള്ള തുകയാണിത്. രണ്ടര ലക്ഷം വരെയുള്ള വായ്പകൾക്ക് വരുമാനം നോക്കുകയോ രേഖകൾ ആവശ്യപ്പെടുകയോ വേണ്ടെന്ന നിർദേശം സാധാരണക്കാർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും വായ്പ എളുപ്പം ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സ്വർണവും വെള്ളിയും പണയം വെക്കുന്നതിനുള്ള പരിധിയും റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ഒരു കിലോ വരെ സ്വർണാഭരണം പണയം വെക്കാം. എന്നാൽ, സ്വർണ നാണയമാണെങ്കിൽ 50 ഗ്രാമേ പറ്റൂ.വെള്ളിയാഭരണങ്ങൾ 10 കിലോ വരെയും വെള്ളി നാണയം 500 ഗ്രാം വരെയുമാണ് പരമാവധി പണയം വെക്കാനാവുക.
മറ്റു പ്രധാന നിർദേശങ്ങൾ
- വായ്പ തിരിച്ചടക്കുന്ന അന്നോ ഏഴു ദിവസത്തിനകമോ പണയവസ്തു തിരിച്ചുനൽകണം. അല്ലെങ്കിൽ വൈകുന്ന ഒാരോ ദിവസത്തിനും 5000 രൂപ തോതിൽ നഷ്ടപരിഹാരം നൽകണം.
- പലിശയും മുതലും ഒരുമിച്ച് അടക്കുന്ന ബുള്ളറ്റ് തിരിച്ചടവ് വായ്പകൾ ഒരു വർഷത്തേക്ക് ലഭിക്കും. ഇത്തരം വായ്പകൾ കാലാവധിയാവുമ്പോൾ പലിശ മാത്രം അടച്ച് പുതുക്കാം.
- പണയം വെച്ച സ്വർണമോ വെള്ളിയോ നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്താൽ പണയക്കാരന് മുഴുവൻ തുകയും നഷ്ടപരിഹാരം നൽകണം.
- വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്ന പക്ഷം പണയവസ്തു ലേലം ചെയ്യുമ്പോൾ ഉപഭോക്താവിന് കൃത്യമായ നോട്ടീസ് നൽകണം.
- വിപണി വിലയുടെ 90 ശതമാനത്തിൽ കുറഞ്ഞ തുകക്ക് ലേലം ചെയ്യാൻ പാടില്ല. രണ്ടു തവണ ലേലത്തിൽ വെച്ചിട്ടും 90 ശതമാനം തുക കിട്ടുന്നില്ലെങ്കിൽ മാത്രം അടുത്ത തവണ ലേലത്തുക 85 ശതമാനം വരെ കുറക്കാം.
- ലേലത്തുകയിൽനിന്ന് വായ്പാ തുകയും പലിശയും കഴിച്ച് ബാക്കിതുക ഏഴു ദിവസത്തിനകം ഉപഭോക്താവിന് തിരിച്ചുനൽകണം.
- വായ്പയുടെ നിബന്ധനകളും പണയവസ്തുവിന്റെ മൂല്യം ഉൾപ്പെടെയുള്ള വിവരങ്ങളും പ്രാദേശിക ഭാഷയിൽ ഉപഭോക്താവിന് കൈമാറണം.
- നിരക്ഷരരാണെങ്കിൽ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തിൽ ഉപഭോക്താവിന് വിശദീകരിച്ചുകൊടുക്കണം.
- പുതിയ നിബന്ധനകൾ അടുത്ത വർഷം ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യത്തിൽ വരുക. ഇതിനു മുമ്പ് നൽകിയ വായ്പകൾക്ക് പഴയ നിബന്ധനകൾതന്നെയാകും ബാധകം.
- പുതിയ മാർഗനിർദേശങ്ങൾ വാണിജ്യ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

