കച്ചവടക്കാർക്ക് കഷ്ടകാലം; സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു
text_fieldsമുംബൈ: സ്വർണ വില സർവകാല റെക്കോഡിലേക്ക് കുതിച്ചുയർന്നത് തിരിച്ചടിയായത് ആഭരണ വിപണിക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആഭരണ വിൽപനയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഈ വർഷം അവസാനിക്കുന്നതോടെ 12 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ നൽകുന്ന മുന്നറിയിപ്പ്. 802.8 ടണിൽനിന്ന് 650-700 ടണിലേക്കാണ് ആഭരണ വിൽപന ഇടിയാൻ സാധ്യത.
ഒരു പവൻ സ്വർണത്തിന് 98,400 രൂപയാണ് ശനിയാഴ്ചത്തെ വില. ജനുവരി മുതൽ സ്വർണ വിലയിൽ 65 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അതേസമയം, വില കുതിച്ചുയർന്നിട്ടും ആഭ്യന്തര വിപണിയിലെ ഉപഭോക്താക്കൾക്ക് പ്രിയം 22 കാരറ്റുള്ള സ്വർണാഭരണം തന്നെയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഇന്ത്യ സി.ഇ.ഒ സച്ചിൻ ജയിൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഹാൾ മാർക്കിങ് നൽകിയിട്ടുണ്ടെങ്കിലും 18, 14, ഒമ്പത് കാരറ്റ് സ്വർണാഭരണങ്ങൾ ഇന്ത്യക്കാരെ ആകർഷിക്കാൻ സമയമെടുക്കും. പക്ഷെ, ആദ്യമായി സ്വർണ നാണയങ്ങൾ വാങ്ങുന്നവരുടെ എണ്ണം ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി
വിവാഹ സീസൺ ആയിരുന്നിട്ടും താങ്ങാനാവാത്ത വില കാരണം സ്വർണാഭരണ വിൽപന ഇടിഞ്ഞതായാണ് നിർമാതാക്കളിൽനിന്നും ചെറുകിട വിൽപനക്കാരിൽനിന്നും ലഭിക്കുന്ന പ്രതികരണം. ഏറ്റവും അധികം ഡിമാൻഡുണ്ടായിരുന്നത് ചെറിയ തുകയുടെ ആഭരണങ്ങൾക്കായിരുന്നു. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ഷോപ്പിങ്ങിൽ വൻ കുറവാണ് നേരിടുന്നത്. അതേസമയം, വില കൂടിയതിനാൽ അതി സമ്പന്നരായവർ സ്വർണം വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. 100-400 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളോ നാണയങ്ങളോ ആണ് അവർ വാങ്ങിയത്. എങ്കിലും മൊത്തം വിൽപനയിലുണ്ടായ കുറവ് നികത്താൻ അതിസമ്പന്നരുടെ ട്രെൻഡിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, വൻകിട ജ്വല്ലറികളുടെ വിൽപന ആരോഗ്യകരമാണെങ്കിലും ചെറുകിട കച്ചവടക്കാർക്ക് തിരിച്ചടി നേരിട്ടിട്ടുണ്ടെന്നും സച്ചിൻ ജയിൻ കൂട്ടിച്ചേർത്തു.
വേൾഡ് ഗോൾഡ് കൗൺസിൽ കണക്ക് പ്രകാരം ജനുവരി-സെപ്റ്റംബർ കാലയളവിൽ 462.4 ടൺ സ്വർണമാണ് ഇന്ത്യക്കാർ വാങ്ങിയത്. സ്വർണത്തിന്റെ ഇറക്കുമതിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം അധികം തുക മുടക്കി. അതായത് 55 ബില്ല്യൻ ഡോളർ നൽകിയാണ് വിദേശത്തുനിന്ന് സ്വർണം വാങ്ങിയത്. അതേസമയം, ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ അളവിൽ 20 ശതമാനത്തിന്റെ കുറവുണ്ടായി. 580 ദശലക്ഷം ടണ്ണിലേക്കാണ് ഇടിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

