Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസംഘർഷം കനക്കുന്നു;...

സംഘർഷം കനക്കുന്നു; ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചു, ഇന്ത്യയിലും ആശങ്ക

text_fields
bookmark_border
crude oil prices rise
cancel

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. എണ്ണ വിതരണത്തിൽ പരിമിതികൾ നേരിട്ടതും ചരക്ക് ഗതാഗത മാർഗങ്ങൾ തടസപ്പെട്ടതും ചെയ്തതോടെ വ്യാഴാഴ്ച്ച ക്രൂഡ് ഓയിൽ വില രണ്ട് ശതമാനം വർധിച്ചു.

ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന സഞ്ചാര പാതയായ ഹുർമുസ് കടലിടുക്ക് അടച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. എണ്ണ വിതരണത്തിന്‍റെ കാൽ ഭാഗത്തിലധികവും ആശ്രയിക്കുന്ന സഞ്ചാരപാതയാണിത്.

ഒരു വശത്ത് യു.എസും ഇസ്രായേലും മറുവശത്ത് ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ കുത്തനെ വർധിക്കുന്നതും നിർണായകമായ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങളും സമീപകാല ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ വിതരണ തടസങ്ങളിലേക്ക് നയിച്ചതായി ബുധനാഴ്ച കൊട്ടക് സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ഹുർമുസ് കടലിടുക്ക് അടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ ജലപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി. ബുധനാഴ്ച, ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടിരുന്നു. കപ്പലിന് കേടുപാടുകൾ സംഭവിച്ചതോടെ ജീവനക്കാർക്ക് കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആഗോള തലത്തിൽ പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യമാണിതെന്നും കൊട്ടകിന്‍റെ റിപ്പോർട്ടിൽ പറയുന്നു. പ്രതി ദിനം ഏകദേശം 20 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലും പ്രതിവർഷം 86 ദശലക്ഷം എൽ.എൻ.ജിയുമാണ് (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) ഹുർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്നത്. ഇത് ആഗോള എണ്ണ വ്യാപാരത്തിന്‍റെ 27 ശതമാനവും എൽ.എൻ.ജി വ്യാപാരത്തിന്‍റെ 20 ശതമാനവുമാണ്.

ഹുർമുസ് കടലിടുക്കിനെ നീണ്ടകാലത്തേക്ക് അടച്ചു പൂട്ടുമെന്ന് തോന്നുന്നില്ലെങ്കിലും ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കുന്ന തടസം പോലും വിപണിയിൽ ഗുരുതല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്‍റെ ആദ്യ ലക്ഷണങ്ങൾ വിപണിയിൽ ഇപ്പോൾ തന്നെ പ്രകടമാണ്.

ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതിക്കാരിൽ പ്രധാനിയായ ഖത്തർ അവരുടെ എൽ.എൻ.ജി പ്ലാന്‍റുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകളുണ്ട്. ഇത് വിതരണ തുടർച്ചയെ കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.

നിലവിലെ സാഹചര്യങ്ങൾ ഇന്ത്യൻ വിപണിയിലും ആഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ആവശ്യമായ ക്രൂഡ് ഓയിലിന്‍റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അടച്ചുപൂട്ടലുകളും വിതരണ തടസങ്ങളും രാജ്യത്തും വിലവർധനവിന് കാരണമാകും.

എണ്ണവിലയിലെ തുടർച്ചയായ വർധനവ് ഇന്ത്യയിൽ ഇറക്കുമതി ചെലവും പണപ്പെരുപ്പവും ദീർഘകാലാടിസ്ഥാനത്തിൽ വർധിക്കാൻ കാരണമാകും. ഒരു വർഷം മുഴുവൻ എണ്ണവിലയിൽ ബാരലിന് ഒരു ഡോളർ വർധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഏകദേശം 16,000 കോടിരൂപയായി വർധിക്കാൻ കാരണമാകുമെന്ന് വിശകലന വിദഗ്ധർ കണക്കാക്കുന്നു.

ഇന്ത്യയിലെത്തുന്ന ക്രൂഡ് ഓയിലിന്‍റെയും എൽ.എൻ.ജിയുടെയും ഇറക്കുമതിയുടെ ഏകദേശം 50–55% ഹുർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്. ഈ ജലപാതക്ക് സംഭവിക്കുന്ന ഏതൊരു തടസവും ഇന്ത്യയെ കാര്യമായി തന്നെ ബാധിക്കും. ഇത് പ്രതിസന്ധി ഇരട്ടിയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹുർമുസ് കടലിടുക്കിലെ തടസ്സം ആഗോള എണ്ണ വിതരണ ശൃംഖലയെ താറുമാറാക്കുന്നതിനാൽ, കേന്ദ്ര സർക്കാർ രാജ്യത്തിന്‍റെ ഇന്ധന, എണ്ണ സ്റ്റോക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളുടെ കൈവശം ഏകദേശം 25 ദിവസത്തേക്കപള്ള അസംസ്കൃത എണ്ണയും 25 ദിവസത്തേക്കുള്ള പെട്രോളും ഡീസലും ഉണ്ട്. ഇന്ത്യയിൽ ഏകദേശം 25 ദിവസത്തെ പാചക വാതക ശേഖരവും 21 ദിവസം വരെ ആവശ്യമായ എൽ.എൻ.ജി സ്റ്റോക്കും ഉണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HormuzCrude Oil PriceMiddle East ConflictIran US Tensions
News Summary - Global crude oil prices rise amid escalating tensions; concerns grow in India
Next Story