ബിസ്കറ്റ് സോപ്പ്, നിത്യോപയോഗ സാധനങ്ങൾ എന്നിവക്ക് വില കൂടിയേക്കും; വില വർധനവ് പരിഗണിച്ച് പ്രമുഖ എഫ്.എം.സി.ജി കമ്പനികൾ
text_fieldsന്യൂഡൽഹി: അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ലാഭവിഹിതത്തെ ബാധിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുൻനിര എഫ്.എം.സി.ജി കമ്പനികൾ സെപ്റ്റംബർ പാദത്തിൽ ചില ഉൽപ്പന്നങ്ങൾക്ക് വീണ്ടും വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. വില ഉയർന്നാലും ഉപഭോഗത്തിലെ സ്ഥിരതയും പ്രീമിയം ഉൽപ്പന്നങ്ങളോടുള്ള പ്രിയവും കാരണം ഉപഭോക്തൃ ആവശ്യകത നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനികളെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ജൂൺ പാദത്തിൽ എഫ്.എം.സി.ജി മേഖല ശരാശരി 2 മുതൽ 5 ശതമാനം വരെ വിലവർധിപ്പിച്ചിരുന്നു. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് നേരിട്ട് വില കൂട്ടുന്നതിനൊപ്പം ഉൽപ്പന്നത്തിന്‍റെ വില മാറ്റമില്ലാതെ നിലനിർത്തുകയോ കൂട്ടുകയോ ചെയ്യുമ്പോൾ അളവ് കുറയ്ക്കുന്ന രീതി (ഷ്രിങ്ക്ഫ്ലേഷൻ) നടപ്പിലാക്കാനുമാണ് കമ്പനികൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില, ക്രൂഡ് ഓയിൽ നിരക്കുകൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള അപകടസാധ്യതകൾ എന്നിവ നിരീക്ഷിച്ച ശേഷമായിരിക്കും കമ്പനികൾ കൂടുതൽ വിലവർധനവിൽ തീരുമാനമെടുക്കുക.
ഗോദ്‌റെജ് കൺസ്യൂമർ, ഡാബർ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂനിലിവർ ലിമിറ്റഡ് തുടങ്ങിയ എഫ്.എം.സി.ജി കമ്പനികളാണ് വില വർധിപ്പിച്ചേക്കുമെന്ന സൂചന നൽകയിരിക്കുന്നത്. ജൂൺ പാദത്തിൽ വില 5 ശതമാനത്തോളം വർധിപ്പിച്ച ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡും സെപ്റ്റംബർ പാദത്തിൽ വീണ്ടും വില കൂട്ടിയേക്കും. അസംസ്‌കൃത വസ്തുക്കളുടെ ചെലവിനെക്കുറിച്ച് കൂടുതൽ വ്യക്തത വന്ന ശേഷമായിരിക്കും അന്തിമ തീരുമാനം.
പ്രധാനമായും 5 രൂപ, 10 രൂപ നിരക്കുകളിലുള്ള ബിസ്കറ്റ് പാക്കറ്റുകളിൽ 'ഷ്രിങ്ക്ഫ്ലേഷൻ' വഴി സെപ്റ്റംബർ പാദത്തിൽ 1.5 മുതൽ 2 ശതമാനം വരെ വില ക്രമീകരണം വരുത്താമെന്നാണ് പ്രമുഖ കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് പ്രതീക്ഷിക്കുന്നത്. പഞ്ചസാര, പാം ഓയിൽ ഉൾപ്പെടെയുള്ള പ്രധാന അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഉയർന്നതായി കമ്പനി വ്യക്തമാക്കി.
ക്രൂഡ് ഓയിൽ വിലയിലെ അനിശ്ചിതത്വം കാരണം വലിയ വിലവർധനവുകൾ ഒഴിവാക്കിയതായി ജി.സി.പി.എൽ സി.ഇ.ഒ സുധീർ സീതാപതി പറഞ്ഞു. ജി.സി.പി.എല്ലിന്‍റെ പല അസംസ്‌കൃത വസ്തുക്കളുടെയും ചെലവ് ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനം സാധാരണയായി മൂന്ന് മുതൽ നാല് ആഴ്ചകൾക്ക് ശേഷമാണ് വിപണിയിൽ വരുന്നത്. ബ്രെൻ്റ് ക്രൂഡ് നിലവിൽ ബാരലിന് 80-85 ഡോളർ നിരക്കിൽ വ്യാപാരം നടത്തുന്നതിനാൽ, തങ്ങളുടെ നിലവിലെ വില മതിയായതാണെന്നാണ് കമ്പനി കരുതുന്നത്. അതിനാൽ തൽക്കാലം വലിയൊരു വർധനവ് പ്രതീക്ഷിക്കുന്നില്ല.
സമീപഭാവിയിൽ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് ഡാബർ ഇന്ത്യയും പ്രതീക്ഷിക്കുന്നത്. തങ്ങളുടെ ലാഭവിഹിതം സംരക്ഷിക്കുന്നതിനായി ഘട്ടംഘട്ടമായുള്ള വിലവർധനവ്, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, ചെലവ് ചുരുക്കൽ നടപടികൾ എന്നിവ ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.സമ്മർദങ്ങൾ ഉണ്ടെങ്കിലും 2027 സാമ്പത്തിക വർഷത്തിൽ വരുമാന വളർച്ച കൈവരിക്കാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. തങ്ങളുടെ പ്രശസ്തമായ ബ്രാൻഡുകൾ, പുതിയ ഉൽപ്പന്നങ്ങളുടെ അവതരണം, പ്രവർത്തനക്ഷമത എന്നിവയിലാണ് കമ്പനി പ്രതീക്ഷ അർപ്പിക്കുന്നത്.
സെപ്റ്റംബർ പാദത്തിൽ വിലവർധനവിന് ഒരുങ്ങുന്ന മറ്റൊരു പ്രമുഖ എഫ്.എം.സി.ജി കമ്പനിയാണ് ഹിന്ദുസ്ഥാൻ യൂനിലിവർ ലിമിറ്റഡ്. ഏപ്രിൽ-ജൂൺ പാദത്തെ അപേക്ഷിച്ച് തുടർച്ചയായി 2 മുതൽ 5 ശതമാനം വരെ പണപ്പെരുപ്പം കമ്പനി പ്രതീക്ഷിക്കുന്നു. 2027 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ചില വിഭാഗങ്ങളിലായി 2 മുതൽ 5 ശതമാനം വരെ വിലവർധനവ് എച്ച്.യു.എൽ നടപ്പിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

