മോതയ്ക്ക് 620, തളയ്ക്ക് 600നു മുകളിൽ; ഇരട്ടിച്ച് മീൻവില
text_fieldsകോട്ടയം: റമദാനും ഈസ്റ്ററിനും ശേഷം കുറയുമെന്ന പ്രതീക്ഷകൾ തെറ്റിച്ച് മീൻ വില വർധിക്കുന്നു. വലിയ മീനുകളുടെ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. മുറിച്ചുവിൽക്കുന്ന വലിയ മീനുകളുടെ വില ഈസ്റ്റർ ദിനങ്ങളെക്കാൾ ഉയർന്ന നിലയിലാണ്. ഈസ്റ്ററിന് ഒരാഴ്ച മുമ്പ് 380-400 രൂപക്ക് വിറ്റിരുന്ന ഒരു കിലോ തളയുടെ വില ഇപ്പോള്‍ 580-600 രൂപയായി ഉയർന്നു. 300-380 രൂപയായിരുന്ന കേരയുടെ വില 580 വരെയായി കുതിച്ചുകയറി. മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയായിരുന്നതിനാൽ കൂടുതലായി വിറ്റുപോകുന്നതും കേര പീസുകളായിരുന്നു.
ശരാശരി 400 രൂപയുണ്ടായിരുന്ന മോതയുടെ വില 620 രൂപക്ക് മുകളിലെത്തിയതായും കച്ചവടക്കാർ പറയുന്നു. വറ്റ, വിളമീൻ എന്നിവയും 800 കടന്നു. വില കുതിച്ചുകയറുന്നതിനാല്‍ കാളാഞ്ചി, നെയ്മീന് പോലുള്ളവ ഒഴിവാക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. രണ്ടു മാസം മുമ്പ് 250 ലേക്ക് താഴ്ന്ന ചെമ്മീന്‍ വില 500 രൂപ കടന്നു.
ലഭ്യത കുറഞ്ഞതോടെ ചെറുപച്ചമീനുകളുടെ വിലയും നേരിയതോതിൽ ഉയർന്നിട്ടുണ്ട്. ഒരു മാസം മുമ്പ് ഒന്നരക്കിലോ ചെറിയ മത്തി 100 രൂപക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോള്‍ കുറഞ്ഞ വില 140 രൂപയായി. വലിയ മത്തിയുടെ വില 240 വരെയായി. കിളി, അയല എന്നിവയുടെ വില 240-260 രൂപയാണ്. മറ്റ് ചെറുമീനുകളുടെ വിലയിലും വർധനയുണ്ട്.
വില ഉയർന്നത് വിൽപനയെ ബാധിച്ചതായും കച്ചവടക്കാർ പറയുന്നു. വലിയ പീസ് മീനുകൾ വാങ്ങിയിരുന്നവർ പലരും ചെറുമീനുകളിലേക്ക് മാറി. മറ്റു ചിലർ തൂക്കം കുറച്ചാണ് വാങ്ങുന്നത്. കായല്‍, വളര്‍ത്തുമീനുകളുടെ വിലയിലും മാറ്റങ്ങളുണ്ടായി. തിലോപ്പിയ, രോഹു, കട്ല, വാള എന്നിവക്കെല്ലാം 200 രൂപക്ക് മുകളിലാണ് വില. പലയിനങ്ങളും കിട്ടാനുമില്ല. മാലിന്യം നിറഞ്ഞതോടെ വേമ്പനാട്ട് കായലില്‍നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് മുതലെടുത്ത് മറ്റ് പല സ്ഥലങ്ങളില്‍ നിന്നുള്ളവ വേമ്പനാട്ടെ മീനെന്ന പേരിൽ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായും ആക്ഷേപമുണ്ട്.
വളർത്തുമീനുകളെ വളർത്തുന്നവരുടെ എണ്ണവും അടുത്തിടെയായി വലിയ തോതിൽ കുറഞ്ഞു. ഇതും പ്രദേശിക വിപണികളിൽ പ്രതിഫലിക്കുന്നുണ്ട്. വേനല്‍ ചൂടിനെത്തുടര്‍ന്ന് മീനിന്റെ ലഭ്യത കുറഞ്ഞതാണ് വില വര്‍ധനക്ക് കാരണമായി വ്യാപാരികള്‍ പറയുന്നത്. ചൂട് വർധിച്ചതോടെ മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതോടെ തീരങ്ങളോട് ചേർന്ന മേഖലകളിൽ മീൻ ലഭ്യത കുറഞ്ഞു. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രോളിങ് നിലനിൽക്കുന്നതും തിരിച്ചടിയായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തമിഴ്നാട്ടിലെ വിവിധ ഹാര്‍ബറുകളില്‍നിന്നാണ് ജില്ലയിലേക്കടക്കം വലിയ മീനുകള്‍ വ്യാപകമായി എത്തിയിരുന്നത്. കാലവർഷം ആരംഭിക്കുന്നതുവരെ വില ഈ നിലയിൽ തുടരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. മഴക്കാലത്ത് മീൻ ലഭ്യത വർധിക്കുന്നതോടെ വില കുറയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

