Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഓഹരികൾ കൂട്ടമായി...

ഓഹരികൾ കൂട്ടമായി വിറ്റ് വിദേശികൾ; നിക്ഷേപം മാറ്റിയത് പാകിസ്താനിലേക്കും

text_fields
bookmark_border
സ്റ്റോക് മാർക്കറ്റ്
cancel

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഈ വർഷം വിദേശികൾ നടത്തിയത് റെക്കോഡ് വിൽപന. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനവും ഓഹരികളുടെ മൂല്യം ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിദേശ നിക്ഷേപകരുടെ കൂട്ട വിൽപനക്ക് വഴിവെച്ചത്. ഒക്ടോബർ ഒന്നു വരെയുള്ള കണക്ക് പ്രകാരം 2.02 ലക്ഷം കോടി രൂപയുടെ ​ഓഹരികൾ വിൽപന നടത്തിയ വിദേശികൾ പണം മറ്റു പല രാജ്യങ്ങളുടെയും വിപണിയി​ൽ നിക്ഷേപിച്ചിരിക്കുകയാണ്.

ഇന്ത്യക്ക് പകരം ഓഹരികളുടെ മൂല്യം കുറഞ്ഞ രാജ്യങ്ങളുടെ വിപണിയിലേക്കാണ് വിദേശികൾ നിക്ഷേപം മാറ്റിയതെന്ന് ജി ക്വാന്റ് ഇൻവെസ്റ്റെക് സ്ഥാപകൻ ശങ്കർ ശർമ്മ പറഞ്ഞു. സ്പെയിൻ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, പാകിസ്താൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ ഓഹരി വിപണിയാണ് ഈ വർഷം വിദേശ നിക്ഷേപത്തിന്റെ പിന്തുണയിൽ ഏറ്റവും കൂടുതൽ റിട്ടേൺ നൽകിയത്. നേട്ടം നൽകിയതിൽ ലോകത്തെ 29 പ്രധാന ഓഹരി സൂചികകളിൽ 24ാം റാങ്കാണ് നിഫ്റ്റി-50യുടെത്. സെപ്റ്റംബർ 30 വരെ 0.3 ശതമാനം ​മാത്രം നേട്ടമാണ് നിഫ്റ്റി വിദേശികൾക്ക് നൽകിയത്.

എന്നാൽ, രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും വേട്ടയാടിയ പാകിസ്താന്റെ ഓഹരി വിപണി ഇതേ കാലയളവിൽ 42.5 ശതമാനം റിട്ടേൺ സമ്മാനിച്ചു. യു.എസുമായുള്ള പാകിസ്ഥാന്റെ നയതന്ത്ര ബന്ധം ശക്തമാകുന്നതിനിടയിലാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണിയിലേക്ക് കോടികൾ ഇറക്കിയത്.

സ്‌പെയിൻ ഓഹരി വിപണി 51.3 ശതമാനവും ദക്ഷിണ കൊറിയ 50.6 ശതമാനവും വളർച്ച കൈവരിച്ച് ഒന്നും രണ്ടും റാങ്കുകൾ സ്വന്തമാക്കി. ദക്ഷിണ ആഫ്രിക്കയിൽ 46.5 ശതമാനവും മെക്സിക്കോയിൽ 44.7 ശതമാനവും കുതിപ്പാണുണ്ടായത്. അതേസമയം, 13.7 ശതമാനം നേട്ടത്തോടെ യു.എസ് ഓഹരി സൂചികയായ എസ് & പി 21-ാം സ്ഥാനത്തുണ്ട്.

2022ന് ശേഷം ഏറ്റവും ശക്തമായ വിൽപനയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ ദൃശ്യമായത്. അന്ന് 1.46 ലക്ഷം കോടി രൂപയുടെയും കഴിഞ്ഞ വർഷം 1.21 ലക്ഷം കോടി രൂപയുടെയും വിൽപന നടന്നിരുന്നു. കനത്ത വിൽപനയെ തുടർന്ന് നിഫ്റ്റി റെക്കോഡ് ഉയരത്തിൽനിന്ന് അഞ്ച് ശതമാനം നഷ്ടത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

അതേസമയം, മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ അടക്കമുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ​ ഓഹരികൾ വാങ്ങിക്കൂട്ടിയത് വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങിയിട്ടും വിപണി വലിയ തകർച്ച നേരിടാതിരുന്നതിന്റെ കാരണം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ നീക്കമാ​ണ്. ഈ വർഷം മാത്രം 5.82 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ആഭ്യന്തര നിക്ഷേപകർ വാങ്ങിയതെന്നും നാഷനൽ സെക്യുരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mutual fundshare marketmutual fundssipforiegn investoresGold Ratesell stockdomestic institutesstockmarket
News Summary - FIIs sell off touch record level
Next Story