രൂപയുടെ മൂല്യമിടിഞ്ഞത് വിദേശത്ത് പഠിക്കുന്നവർക്ക് കനത്ത തിരിച്ചടി
text_fieldsഎ.ഐ ചിത്രം
മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം സർവകാല റെക്കോഡിലേക്ക് ഇടിഞ്ഞതോടെ തിരിച്ചടി നേരിട്ടത് വിദേശത്ത് പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്. വിദേശ പഠനത്തിന് ചെലവേറിയതാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നത്. രൂപയുടെ മൂല്യം കൂടുതൽ ഇടിയുകയാണെങ്കിൽ ഭാവിയിൽ വിദേശ പഠന സാധ്യത പോലും മങ്ങുമെന്നാണ് സൂചന.
പഠനം പൂർത്തിയാക്കി വിദേശത്ത് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ ലക്ഷക്കണക്കിന് രൂപ വിദ്യാഭ്യാസ വായ്പയെടുക്കുന്നത്. എന്നാൽ, നിലവിൽ യു.എസിലും യൂറോപ്യൻ രാജ്യങ്ങളിലും വിദേശ വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ കുറഞ്ഞതിനാൽ ഇന്ത്യയിലേക്ക് തിരിച്ചുവരേണ്ടി വരും. മൂല്യം ഇടിഞ്ഞതിനാൽ നേരത്തെയെടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടക്കണമെങ്കിൽ കൂടുതൽ രൂപ കണ്ടെത്തണമെന്നതാണ് പ്രതിസന്ധി. ഫെബ്രുവരിയിൽ നൂറുകണക്കിന് വിദ്യാർഥികൾ വിദേശ സർവകലാശാലകളിലേക്ക് പോകാനിരിക്കെയാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്.
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 90 കവിയുന്നത് വിദ്യാർഥികളുടെ പഠന-വിദേശ യാത്രയെ ബാധിക്കുമെന്നും അവരുടെ ചെലവുകൾ കുത്തനെ ഉയരുമെന്നും വെസ്റ്റ്ബ്രിഡ്ജിന്റെ വിദ്യാഭ്യാസ ധനകാര്യ സ്ഥാപനമായ പ്രൊപൽഡിന്റെ സ്ഥാപകനായ വിക്ടർ സേനാപതി പറഞ്ഞു. ഒരു ഡോളർ വാങ്ങാൻ നേരത്തെ നൽകിയതിനേക്കാൾ കൂടുതൽ രൂപ ഇപ്പോൾ നൽകേണ്ട അവസ്ഥയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പഠന ശേഷം വിദേശത്ത് ജോലി കിട്ടുമോ ഇല്ലെയോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ജോലി ലഭിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് കടുത്ത സാമ്പത്തിക നഷ്ടം നേരിടുമെന്നും സേനാപതി പറഞ്ഞു.
വ്യാഴാഴ്ചയാണ് രൂപയുടെ മൂല്യം എക്കാലത്തേയും മോശം നിലയിലായ 90.56 ലേക്ക് ഇടിഞ്ഞത്. പിന്നീട് നഷ്ടം നികത്തിയ രൂപ 89.98 എന്ന മൂല്യത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. യു.എസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥി ബാങ്ക് ഇതര സ്ഥാപനത്തിൽനിന്ന് ശരാശരി 40 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നത്. സമാനമായ തുക തന്നെ ബാങ്കുകളിൽനിന്നും വായ്പ ലഭിക്കുമെങ്കിലും നിബന്ധനങ്ങൾ കടുത്തതാണ്. നാല് വർഷത്തെ ബിരുദ പഠനം നടത്തുന്ന വിദ്യാർഥിക്ക് ഒരു വർഷം 55,000 മുതൽ ഒരു ലക്ഷം വരെ ഡോളർ ചെലവ് വരും. ഹാർവാഡ്, കൊളംബിയ തുടങ്ങിയ യു.എസിലെ എട്ട് പ്രശസ്തമായ സർവകലാശാലകളിൽ പഠിക്കുന്നവർക്കാണ് ഈ ചെലവ് കണക്കാക്കുന്നത്.
രൂപയുടെ മൂല്യമിടിഞ്ഞന്നത് 2022-23 ബാച്ച് വിദ്യാർഥികളെയാണ് ഏറ്റവും അധികം ബാധിക്കുകയെന്ന് വിദേശ വിദ്യാഭ്യാസ വായ്പ നൽകുന്ന ബാങ്ക് ഇതര സ്ഥാപനമായ ഗ്യാൻ ധന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അങ്കിത് മെഹ്‌റ പറഞ്ഞു. കാരണം, ഇവരിൽ ഭൂരിഭാഗവും പഠനം പൂർത്തിയാക്കി നാട്ടിലാണ് ജോലി ചെയ്യുന്നത്. വായ്പ തിരിച്ചടവ് തുടങ്ങിയിട്ടുണ്ടെങ്കിൽ കണക്കുകൂട്ടിയതിനേക്കാൾ കൂടുതൽ തുക ഇവർക്ക് നൽകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രൂപയിൽ വായ്പയെടുക്കാനുള്ള പദ്ധതി വിദ്യാർഥികൾ പുനപരിശോധിക്കണമെന്ന് വിദേശ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് വായ്പ നൽകുന്ന പ്രോഡിജി ഫിനാൻസിന്റെ ഗ്ലോബർ ബിസിനസ് ചീഫ് ഓഫിസർ സോനൽ കപൂർ അഭിപ്രായപ്പെട്ടു. വിദേശത്ത് ജോലി ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ ഡോളറിൽ വായ്പയെടുക്കാൻ അവസരമുണ്ട്. ജോലി നേടിയാൽ രൂപയുടെ മൂല്യമിടിയുന്നത് വിദ്യാർഥികൾക്ക് നേട്ടമാകുമെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽനിന്നടക്കമുള്ള വിദ്യാർഥികൾക്ക് വിസ അനുവദിക്കുന്ന നയം ഈ വർഷം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുപ്പിച്ചിരുന്നു. ഇതേചൊല്ലി സർവകലാശാലകളും സർക്കാറും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ യു.എസിലേക്കുള്ള വിദ്യാഭ്യാസ വായ്പയിൽ 25 മുതൽ 50 ശതമാനം വരെ ഇടിവുണ്ടായി. ചിലർ യു.എസ് സർവകലാശാല പ്രവേശനം ആറു മാസത്തേക്ക് നീട്ടിവെക്കുകയും മറ്റു ചിലർ പഠനത്തിന് യു.കെ, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022 ൽ 7.50 ലക്ഷം ഇന്ത്യക്കാർ വിദേശത്ത് പഠിച്ചിരുന്നു. 2023ൽ വിദേശത്ത് പഠനം നടത്തിയ വിദ്യാർഥികളുടെ എണ്ണം 8.92 ലക്ഷമായി ഉയർന്നു. എന്നാൽ, രാഷ്ട്രീയ പ്രതിസന്ധികളും വിസ നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ വർഷം വിദ്യാർഥികളുടെ എണ്ണം 7.59 ലക്ഷമായി ഇടിയുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

