വിപണി തിരിച്ചുകയറുന്നു; ഓഹരികൾ നിർദേശിച്ച് വിദഗ്ധർ
text_fieldsമുംബൈ: ഈ വർഷത്തിന്റെ തുടക്കത്തിലുണ്ടായ കനത്ത ഇടിവിൽനിന്ന് ഓഹരി വിപണി തിരിച്ചുകയറുന്നു. ഐ.ടി മേഖലയിലെ കൂട്ടവിൽപനയും രൂപയുടെ മൂല്യം കൂപ്പുകുത്തിയതും ഓഹരികളുടെ മൂല്യം അമിതമായി ഉയർന്നതുമായിരുന്നു ഇടിവിലേക്ക് നയിച്ചത്. എന്നാൽ, വിപണിയിലെ മോശം അവസ്ഥ അവസാനിച്ചതിന്റെ സൂചന ലഭിച്ചതോടെ ആകർഷകവും വളർച്ച സാധ്യതയുമുള്ള ഓഹരികൾ ക്രമേണ വാങ്ങാൻ നിർദേശിച്ചിരിക്കുകയാണ് വിദഗ്ധർ.
വിപണിയുടെ ദീർഘകാല കുതിപ്പിനുള്ള പരിമിതമാണെങ്കിലും ഒരുമിച്ച് വലിയ തുക നിക്ഷേപിക്കാതെ ക്രമേണ ഓഹരികൾ വാങ്ങിച്ചുതുടങ്ങാമെന്ന് മിറേ അസറ്റ് ഷെയർഖാനിലെ റീട്ടെയിൽ ഗവേഷണ വിഭാഗം മേധാവി സോമിൽ മേത്ത പറഞ്ഞു. ആഗോള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതാവസ്ഥക്ക് പൂർണ വിരാമമായില്ലെങ്കിലും ആശങ്കക്ക് ഗണ്യമായ കുറവുവന്നിട്ടുണ്ട്. മിക്ക ഓഹരികളുടെയും വാല്യുവേഷൻ കുറഞ്ഞതിനാൽ പതിയെ നിക്ഷേപിച്ചു തുടങ്ങുന്നത് ബുദ്ധിപൂർവമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 18 മാസത്തിനിടെ രൂപയുടെ മൂല്യം ഏകദേശം 10 ശതമാനം കുറഞ്ഞതോടെ ഇന്ത്യൻ വിപണിയെ വിദേശ നിക്ഷേപകർ ആകർഷകമായി കാണാൻ തുടങ്ങിയെന്ന് എ.എസ്.കെ പ്രൈവറ്റ് വെൽത്തിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറും ഇക്വിറ്റി അഡ്വൈസറി മേധാവിയുമായ വിനയ് ജെയ്‌സിങ് അഭിപ്രായപ്പെട്ടു. ഫെബ്രുവരി ആറ് വരെയുള്ള കണക്കനുസരിച്ച് 717 ബില്യൺ ഡോളറിന്റെ ശക്തമായ കരുതൽ ധന ശേഖരമുള്ളയും ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർഥ്യമായതും ആഭ്യന്തര കമ്പനികൾ മൂന്നാം പാദത്തിൽ മികച്ച വരുമാനം നേടിയതും സൂചിപ്പിക്കുന്നത് ഏറ്റവും മോശം സാഹചര്യം വിപണി തരണം ചെയ്തുവെന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏത് ഓഹരികൾ വാങ്ങിക്കാം?
മിഡ് കാപ്, സ്മാൾ കാപ് ഓഹരികൾക്കാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. അതുകാരണം ഈ ഓഹരികൾ വളരെ ആകർഷകമായി മാറിയിട്ടുണ്ടെന്ന് സംവിറ്റി ക്യാപിറ്റലിന്റെ പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസ് ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ ഓഫീസർ പ്രഭാകർ കുദ്വ പറഞ്ഞു. ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ ഗുണഫലം നേരിട്ട് ലഭിക്കുന്ന മേഖലകളിലെയും വിഭാഗങ്ങളിലെയും ഓഹരികൾ നിക്ഷേപകർക്ക് വാങ്ങിക്കാമെന്നും അദ്ദേഹം നിർദേശിച്ചു. ഇത്തരം കമ്പനികളുടെ വരുമാനവും ലാഭവും വ്യാപാര കരാറിലൂടെ ഗണ്യമായി വർധിക്കുമെന്നതാണ് കാരണം.
അതേസമയം, ലാർജ്ക്യാപ് ഓഹരികളും ചില മിഡ്ക്യാപ് ഓഹരികളുമാണ് സോമിൽ മേത്ത തിരഞ്ഞെടുക്കുന്നത്. സ്‌മോൾക്യാപ് ഓഹരികൾ വാങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സോമിൽ മേത്തയുടെ അഭിപ്രായത്തിൽ പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, കാപിറ്റൽ ഗുഡ്സ്, പൊതുമേഖല ബാങ്കുകൾ, വൈദ്യുതി, ഫാർമ തുടങ്ങിയ മേഖലയിലെ ഓഹരികൾക്കാണ് സാധ്യത. സർക്കാറിന്റെ അനുകൂല നയവും ഉയർന്ന നിക്ഷേപ താൽപര്യവും വരുമാനം സാധ്യതകളുമാണ് ഈ മേഖലക്ക് പ്രതീക്ഷ നൽകുന്നത്.
എന്നാൽ, ഓട്ടോമൊബൈൽ, ഓട്ടോ അനുബന്ധ സ്ഥാപനങ്ങൾ, കാപിറ്റൽ ഗുഡ്സ്, ചില ഫാർമ കമ്പനികൾ എന്നിവയുടെ ഓഹരികൾ കുതിച്ചുകയറുമെന്ന് എം.കെ ഇൻവെസ്റ്റ്മെന്റ് മാനേജറിലെ ഫണ്ട് മാനേജറും ഗവേഷണ മേധാവിയുമായ കശ്യപ് ജാവേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

