ത്രീവീലർ വിപണിയിൽ ഇലക്ട്രിക് തരംഗം
text_fieldsപലതരം ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ സാധാരണമായിട്ടും നമ്മുടെ ഓട്ടോ ഡ്രൈവർമാർ അതെല്ലാം കണ്ടുനിൽക്കുകയായിരുന്നു. ആദ്യം ഇലക്ട്രിക് ഓട്ടോകൾ വാങ്ങിയവർക്ക് പറയാനുള്ളത് അത്രനല്ല കാര്യങ്ങളായിരുന്നില്ല. അതുകേട്ട് മറ്റുള്ളവർ ആ വഴിക്ക് ഇറങ്ങിത്തിരിക്കാൻ മടിക്കുകയായിരുന്നു. പലതരം സംശയങ്ങളായിരുന്നു അവർക്ക്. ഒറ്റ ചാർജിങ്ങിൽ എത്ര കിലോമീറ്റർ ഓടും, കമ്പനികൾ പറയുന്നത്ര ദൂരം ഓടില്ല, ദീർഘദൂര ഓട്ടങ്ങൾ പോകാനാവില്ല, വിലക്കൂടുതൽ.... അങ്ങനെ ഓരോന്ന് പറഞ്ഞാണ് മിക്കവരും മടിച്ചുനിന്നത്.
ഇലക്ട്രിക് ടൂവീലർ, ഫോർ വീലർ വിൽപന കുതിച്ചുയർന്നപ്പോഴും ത്രീവീലർ വിൽപന നാമമാത്രമായിരുന്നു. അതെല്ലാം പഴങ്കഥയായി. ഇപ്പോൾ ത്രീവീലർ വിപണിയിൽ ഇലക്ട്രിക് തരംഗമാണ്.
ഇ.വി ത്രീവീലർ വിപണിയിലുണ്ടായ കുതിച്ചു ചാട്ടം
രാജ്യത്തെ ഇലക്ട്രിക് ത്രീവീലർ വിപണി കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ വൻ വളർച്ച രേഖപ്പെടുത്തി. 2025-26 സാമ്പത്തിക വർഷം ഇന്ത്യയിൽ വിറ്റ ആകെ 13.63 ലക്ഷം ത്രീവീലറുകളിൽ 8,30,819 എണ്ണം ഇലക്ട്രിക് ആയിരുന്നു. അതായത്, ത്രീവീലർ വിപണിയുടെ 60.9 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. ഇലക്ട്രിക് ഓട്ടോ വാങ്ങാൻ മടിച്ചിരുന്ന ഓട്ടോ തൊഴിലാളികൾ ഇപ്പോൾ ഇലക്ട്രിക്കിലേക്ക് മാറുന്ന നിലയിലായി.
2024ൽ ഇന്ത്യയിലെ ഇലക്ട്രിക് ത്രീവീലർ വിൽപന 57 ശതമാനമായി ഉയർന്നിരുന്നു. 2026 ജൂലൈയിൽ മാത്രം 40,198 ഇലക്ട്രിക് പാസഞ്ചർ ത്രീവീലറുകൾ വിറ്റു. ജൂണിൽ ഇത് 34,593 യൂനിറ്റുകളായിരുന്നു.
അതേസമയം, 2025-26 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 6.5 ശതമാനവും കാറുകളിൽ 7.92 ശതമാനവുമാണ്. 2022ൽ ഇലക്ട്രിക് കാറുകളുടെ വിപണി വിഹിതം 1.2 ശതമാനവും ഇരുചക്ര വാഹനങ്ങളുടേത് നാലു ശതമാനവുമായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ വിറ്റ 12,20,979 ത്രീവീലറുകളിൽ 57 ശതമാനവും ഇലക്ട്രിക് ആയിരുന്നു.
പെട്രോൾ, ഡീസൽ ത്രീവീലറുകളുടെ വിൽപന കുറഞ്ഞു
ഫോസിൽ ഇന്ധനങ്ങളുടെ വിലക്കയറ്റവും എഥനോൾ കലർന്ന പെട്രോൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളുമെല്ലാമാണ് ഇലക്ട്രിക് ത്രീവീലർ വിപണിയെ വൻ കുതിപ്പിലേക്ക് നയിക്കുന്നത്. ഇലക്ട്രിക് ത്രീവീലറുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും ചേർന്ന് ത്രീവീലർ വിപണി സമ്പൂർണ ഇലക്ട്രിക്വത്കരണത്തിലേക്കാണ് നീങ്ങുന്നത്. പെട്രോൾ, ഡീസൽ ത്രീവീലറുകളുടെ വിൽപന ഗണ്യമായി കുറഞ്ഞു.
സി.എൻ.ജിയിൽ ഓടുന്നവയാണ് കുറെയെങ്കിലും വിറ്റുപോകുന്നത്. മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി, ബജാജ് ഓട്ടോ, ടി.വി.എസ് മോട്ടോർ തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഈ വിപണിയിൽ മുന്നിൽനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

