എൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: എൽ നിനോ മൂലം അനുഭവിക്കുന്ന വരൾച്ച അടുത്ത സീസണിലെ പഞ്ചസാര ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉൽപാദകരായ ഇന്ത്യയിൽ ഉൽപാദനം കുറയുന്നത് ആഗോള വിപണിയിലും പ്രതിസന്ധിയുണ്ടാക്കും.
അടുത്ത വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ മൊത്തം പഞ്ചസാര ഉൽപാദനം 29 ദശലക്ഷം ടണ്ണിനും 31 ദശലക്ഷം ടണ്ണിനും ഇടയിലായിരിക്കുമെന്ന് ബ്ലൂംബെർഗ് നടത്തിയ സർവേ വ്യക്തമാക്കുന്നു. വ്യാപാരികളും വിശകലന വിദഗ്ധരും മില്ലുടമകളുമടങ്ങിയ 11 അംഗ സംഘമാണ് സർവേയിൽ പങ്കെടുത്തത്. നിലവിലെ സീസണിൽ 31 ദശലക്ഷം ടൺ ഉൽപാദനമാണ് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രവചിച്ചിരുന്നത്.
ഏഷ്യയിലുടനീളം കാർഷിക വിളവെടുപ്പിനെ എൽ നിനോ ബാധിക്കുമെന്നും ഇത് ആഗോളതലത്തിൽ 260,000 ടണ്ണിന്റെ കുറവിന് കാരണമാകുമെന്നും ഇന്റർനാഷനൽ ഷുഗർ ഓർഗനൈസേഷനും മുന്നറിയിപ്പ് നൽകി. ഇന്ത്യൻ കാർഷിക മേഖല ആശ്രയിക്കുന്ന മൺസൂൺ കാലത്തെ മഴ ലഭ്യത നിലവിൽ സാധാരണയേക്കാൾ 15 ശതമാനത്തോളം കുറവാണെന്നാണ് കണക്കുകൾ പറയുന്നത്. ഉൽപാദന കുറവുമൂലം ന്യൂയോർക്കിൽ അസംസ്കൃത പഞ്ചസാരയുടെ ഫ്യൂച്ചർവില ഈ വർഷം ഏകദേശം 30 ശതമാനത്തോളം വർധിക്കുകയും ചെയ്തു.
റെക്കോഡ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി ഇറക്കുമതി തീരുവ ഒഴിവാക്കി അസംസ്കൃത പഞ്ചസാര കൊണ്ടുവരാൻ മില്ലുകൾക്കും റിഫൈനറികൾക്കും കഴിഞ്ഞ മാസം സർക്കാർ അനുമതി നൽകിയിരുന്നു. കൂടാതെ വ്യാപാരികൾക്ക് സ്റ്റോക്ക് പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാലും സ്ഥിതി നിയന്ത്രിക്കാൻ മുൻകരുതൽ അനിവാര്യമാണന്ന് അധികൃതർ വിലയിരുത്തുന്നു.
ആഭ്യന്തര വിപണിയിലെ കരുതൽ ശേഖരം മെച്ചപ്പെടുത്തുന്നതിനായി അടുത്ത വർഷം രാജ്യം പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടി വന്നേക്കുമെന്ന് ഗ്രേഡിയന്റ് കൊമേഴ്സ്യൽ ഡയറക്ടർ യതിൻ വാധ്വന വ്യക്തമാക്കി. നിലവിലെ ആഭ്യന്തര വില പഞ്ചസാര എഥനോളിലേക്ക് തിരിച്ചുവിടുന്നതിനേക്കാൾ കൂടുതൽ ഉൽപാദിപ്പിക്കാൻ മില്ലുകളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്സവ സീസണിൽ പഞ്ചസാര വില നിയന്ത്രണവിധേയമായി നിർത്താനും ആവശ്യത്തിന് ലഭ്യത ഉറപ്പാക്കാനും പഞ്ചസാര മില്ലുകൾക്ക് ഭക്ഷ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

