വിദ്യാഭ്യാസ-കരിയർ മഹാമേള ‘എജുകഫേ’ നാളെ മുതൽ
text_fieldsകോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ
ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ ‘ഗൾഫ് മാധ്യമം എജുകഫേ’യുടെ ഒമ്പതാം സീസൺ ബുധനാഴ്ച ദുബൈ മുഹൈസിന ഇത്തിസലാത്ത് അക്കാദമിയിൽ ആരംഭിക്കും. വിജ്ഞാനത്തിന്റെയും കരിയർ സാധ്യതകളുടെയും പുതുവഴികൾ വിദ്യാർഥികൾക്ക് സമ്മാനിക്കുന്ന മേള ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും.
5000 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന ‘എജുകഫേ’യിൽ ഇത്തവണ രാജ്യത്തിനകത്തും പുറത്തുമുള്ള 50ഓളം വിദ്യാഭ്യാസ-കരിയർ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളൊരുക്കിയിട്ടുണ്ട്. അതോടൊപ്പം പ്രമുഖ എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം, പ്രമുഖ ഡേറ്റ അനലിസ്റ്റ് മുഹമ്മദ് അൽഫാൻ, പ്രമുഖ മജീഷ്യൻ മാജിക് ലിയോ, ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ് ജേതാവ് നിദ അൻജും എന്നിവരടക്കം പ്രമുഖരുടെ സെഷനുകളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസരംഗത്തെ വിവിധ സ്ഥാപനങ്ങൾ ഇത്തവണ ‘എജുകഫേ’യിൽ പ്രദർശനത്തിലുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന് ആവശ്യമായ നിർദേശങ്ങൾ യൂനിവേഴ്സിറ്റി പ്രതിനിധികളിൽനിന്ന് നേരിട്ട് മനസ്സിലാക്കാൻ സ്റ്റാളുകൾ സന്ദർശിക്കുന്നതിലൂടെ സാധിക്കും. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്നരീതിയിലാണ് മേളയുടെ ഡിസൈൻ. മേളയോടനുബന്ധിച്ച് വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും സമ്മാനിക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫേ വെബ്സൈറ്റിൽ (https://www.myeducafe.com/) രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്.

