കോവിഡിെൻറ അതിതീവ്രവ്യാപനത്തിനിടയിലും കാര്യമായ തകർച്ചയില്ലാതെ ഓഹരി വിപണി
text_fieldsമുംബൈ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുകയാണ്. ദിവസങ്ങളായി പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേർക്കാണ് രോഗം ബാധിക്കുന്നത്. മരണസംഖ്യയും 3000 കടന്ന് കുതിക്കുകയാണ്. രാജ്യമാകെ ആശങ്കയുടെ നിഴൽ പടരുേമ്പാഴും ഇന്ത്യൻ ഓഹരി വിപണികൾക്ക് കുലുക്കമില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ചെറിയ നഷ്ടം മാത്രമാണ് വിപണികൾക്ക് ഉണ്ടാവുന്നത്. വിപണിയുടെ വ്യാപാരത്തിനിടെയുണ്ടാവുന്ന സ്വാഭാവിക നഷ്ടത്തിനുമപ്പുറം കോവിഡിെൻറ ഒന്നാം തരംഗത്തിനിടെയുണ്ടായ കടുത്ത തിരിച്ചടി ഓഹരി വിപണിക്ക് ഉണ്ടാവുന്നില്ല.
ഓഹരി വിപണി കോവിഡിനിടയിലും പിടിച്ചു നിൽക്കുന്നതിെൻറ പ്രധാന കാരണം കഴിഞ്ഞ വർഷത്തിൽ നിന്ന് വിഭിന്നമായി ഇക്കുറി സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെന്നതാണ്. ചില സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഇല്ലാത്തത് വിപണിയിലുണ്ടാക്കിയ ചലനം ചെറുതല്ല.
കോവിഡ് തകർച്ചക്കിടയിലും സാമ്പത്തിക വർഷവസാനം കാര്യമായ നഷ്ടമില്ലാതെ പിടിച്ച് നിൽക്കാൻ പല കമ്പനികൾക്കും സാധിച്ചിട്ടുണ്ട്. ജീവനക്കാരെ പിരിച്ച് വിട്ടും ചെലവ് കുറച്ചുമെല്ലാം കമ്പനികൾ കോവിഡ് പ്രതിസന്ധിയെ മറികടക്കുകയായിരുന്നു. രണ്ടാം തരംഗത്തിലും കമ്പനികൾ മുൻ മാതൃക പിന്തുടർന്ന് വലിയ നഷ്ടമില്ലാതെ മുന്നോട്ട് പോകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
കഴിഞ്ഞ തവണത്തെ പോലെ ലോക്ഡൗൺ ഉണ്ടാവുകയാണെങ്കിലും കേന്ദ്രസർക്കാറും ആർ.ബി.ഐയും സമ്പദ്വ്യവസ്ഥയിൽ ഇടപെടുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. ഉത്തേജക പാക്കേജുകളിലൂടെയും ഇളവുകളിലൂടെയും സമ്പദ്വ്യവസ്ഥയെ സർക്കാറും ആർ.ബി.ഐയും തകർച്ചയിൽ നിന്ന് മോചിപ്പിക്കുമെന്നാണ് വിപണിയിലെ ഒരു വിഭാഗംറ കരുതുന്നത്. ഇത് കനത്ത തകർച്ചയിൽ നിന്നും ഓഹരി വിപണിയെ രക്ഷപ്പെടുത്തുന്നു.
2020ൽ നിന്നും വ്യത്യസ്തമായി കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ എന്നൊരു ആയുധമുള്ളതും വിപണിക്ക് കൂടുതൽ കരുത്ത് പകരുന്നു. അതേസമയം, ഓഹരി വിപണി തകരാത്തത് മാത്രം വിലയിരുത്തി കാര്യങ്ങൾ അത്ര ലഘുവായി കാണേണ്ടെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കോവിഡിെൻറ അതി തീവ്രവ്യാപനമാണ് നടക്കുന്നത്. ഗ്രാമപ്രദേശങ്ങളിലും കോവിഡ് വ്യാപനം വർധിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ സമ്പദ്വ്യവസ്ഥയെ ഇത് എങ്ങനെ ബാധിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഇവർ പറയുന്നു. പല റേറ്റിങ് ഏജൻസികൾ ഇന്ത്യയുടെ അടുത്ത സാമ്പത്തിക വർഷത്തേക്കുളള ജി.ഡി.പി വളർച്ച നിരക്ക് സംബന്ധിച്ച പ്രവചനത്തിൽ മാറ്റം വരുത്തിയതും ഇതിെൻറ ഭാഗമാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

