Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രോൺ ആക്രമണങ്ങളും ഇറാൻ സംഘർഷവും: ബ്രെന്‍റ് ക്രൂഡ് വില 109 ഡോളർ കടന്നു

text_fields
bookmark_border
ഡ്രോൺ ആക്രമണങ്ങളും ഇറാൻ സംഘർഷവും: ബ്രെന്‍റ് ക്രൂഡ് വില 109 ഡോളർ കടന്നു
cancel

ഹുർമുസ് കടലിടുക്കിനെ മറികടക്കുന്ന പ്രധാന എണ്ണ പൈപ്പ്‌ലൈൻ കഴിഞ്ഞ ആഴ്ച സൗദി അറേബ്യ അടച്ചുപൂട്ടിയതിനെത്തുടർന്ന് ചൊവ്വാഴ്ച ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 3.7 ഡോളർ വർധിച്ച് 109.39 ഡോളറിലെത്തി.

വ്യാഴാഴ്ച ഇറാഖിൽ നിന്ന് വിക്ഷേപിച്ച ഡ്രോണുകൾ സൗദിയുടെ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന്' കേടുപാടുകൾ വരുത്തിയതിനെത്തുടർന്നാണ് ഈ പ്രധാന എണ്ണപ്പാത അടയ്ക്കാൻ സൗദി സർക്കാർ നിർബന്ധിതരായത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ആഴ്ചകളെടുക്കുമെന്നതിനാൽ പൈപ്പ്‌ലൈൻ പ്രവർത്തനം തടസപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

പേർഷ്യൻ ഗൾഫിലും ഹുർമുസ് കടലിടുക്കിലും ഇറാന്‍റെ ആക്രമണങ്ങൾ കാരണം എണ്ണ ടാങ്കറുകളുടെ ഗതാഗതം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ചെങ്കടലിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനുള്ള സൗദിയുടെ പ്രധാന ബദൽ മാർഗമായിരുന്നു ഈ പൈപ്പ്‌ലൈൻ. യുദ്ധത്തിന്‍റെ ആദ്യ നാളുകളിൽ തന്നെ ഇറാൻ ഹുർമുസ് കടലിടുക്ക് ഫലത്തിൽ അടച്ചിരുന്നു. സാധാരണ സമയങ്ങളിൽ ലോകത്തിലെ എണ്ണ, വാതക വ്യാപാരത്തിന്‍റെ അഞ്ചിലൊന്ന് ഇതിലൂടെയാണ് കടന്നുപോകുന്നത്. ഇതിനുശേഷം, ക്രൂഡ് ഓയിൽ കയറ്റുമതിക്കായി ചെങ്കടലിനെ ഏഡൻ ഗൾഫുമായി ബന്ധിപ്പിക്കുന്ന 'ബാബ് എൽ-മന്ദബ്' കടലിടുക്കിനെയാണ് സൗദി അറേബ്യ പ്രധാനമായും ആശ്രയിച്ചിരുന്നത്.

യുദ്ധം ആരംഭിച്ചതിനുശേഷം സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴിയാണ് നടന്നതെന്ന് നോർവേ ആസ്ഥാനമായുള്ള റിസർച്ച് സ്ഥാപനമായ റൈസ്റ്റാഡ് എനർജിയെ (Rystad Energy) ഉദ്ധരിച്ച് എ.പി റിപ്പോർട്ട് ചെയ്തു. അതിനാൽ പൈപ്പ്‌ലൈനിലുണ്ടായ തടസം അന്താരാഷ്ട്ര വിപണിയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കാനുള്ള സൗദിയുടെ നീക്കങ്ങളെ കൂടുതൽ സങ്കീർണമാക്കും.

ജൂലൈ അവസാനത്തോടെ ബാബ് എൽ-മന്ദബ് കടലിടുക്കിൽ ഹൂതി ആക്രമണങ്ങൾ ആരംഭിച്ചപ്പോൾ യാൻബു തുറമുഖത്ത് നിന്നുള്ള ഭൂരിഭാഗം ടാങ്കറുകളും ചെങ്കടലിൽ വടക്കോട്ട് തിരിഞ്ഞ് മെഡിറ്ററേനിയൻ ഭാഗത്തേക്ക് നീങ്ങുകയും സൂയസ് കനാൽ വഴിയോ ഈജിപ്ഷ്യൻ പൈപ്പ്‌ലൈൻ വഴിയോ എണ്ണ എത്തിക്കുകയുമായിരുന്നു.

ആഗസ്റ്റ് അവസാനം മുതൽ പ്രതിദിനം ശരാശരി 26 ലക്ഷം മുതൽ 40 ലക്ഷം ബാരൽ വരെ എണ്ണയാണ് ഈ പൈപ്പ്‌ലൈനിലൂടെ കടത്തിവിട്ടിരുന്നത്. ഇതിന്‍റെ ഒഴുക്ക് പൂർണമായി നിലച്ചാൽ വിപണിയിൽ വലിയ കുറവുണ്ടാകുമെന്ന് റൈസ്റ്റാഡ് എനർജി തിങ്കളാഴ്ച പുറത്തുവിട്ട വിശകലനത്തിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ച സൗദിയുടെ ഉൽപ്പാദനം പ്രതിദിനം 19 ലക്ഷം ബാരൽ കുറഞ്ഞ് 62.38 ലക്ഷം ബാരലായി താഴ്ന്നതായി റിയാദ് ഒപെക് സെക്രട്ടറിയേറ്റിനെ അറിയിച്ചതായി ബ്ലൂംബെർഗ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിൽ രേഖപ്പെടുത്തിയ യുദ്ധകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിനേക്കാൾ താഴെയാണിത്. ഗൾഫ് യുദ്ധത്തിനു ശേഷം സൗദി അറേബ്യ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഉൽപ്പാദന നിരക്കാണിത്.

പ്രധാന എണ്ണപ്പാതകൾക്ക് നേരെ ആക്രമണം: മേഖലയിൽ സംഘർഷം കടുക്കുന്നു

പൈപ്പ്‌ലൈൻ ആക്രമണം മേഖലയിലെ നയതന്ത്ര സംഘർഷങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഹുർമുസ് കടലിടുക്കിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ഒമാനിൽ നടക്കേണ്ടിയിരുന്ന ഇറാന്‍റെയും ഗൾഫ് അറബ് രാജ്യങ്ങളുടെയും നയതന്ത്ര യോഗം ആക്രമണത്തെത്തുടർന്ന് പെട്ടെന്ന് മാറ്റിവെച്ചു. ഒരു മാസത്തിലേറെയായി ഹൂതികൾ സൗദിയുടെ എണ്ണ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയും ചെങ്കടലിലെ കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തുകയാണ്. ഇത് ആഗോള എണ്ണവില വർധിപ്പിക്കുന്നതിനും അമേരിക്കയുമായുള്ള യുദ്ധത്തിൽ ഇറാന്റെ സ്വാധീനം ശക്തമാക്കുന്നതിനും കാരണമാകുന്നു.

യമന്‍റെ പടിഞ്ഞാറൻ തീരത്തുള്ള മൊഖ തുറമുഖ നഗരം പിടിച്ചെടുത്ത ശേഷം ബാബ് എൽ-മന്ദബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഇത് ആഗോള എണ്ണ ഗതാഗതത്തിന്‍റെ മറ്റൊരു പ്രധാന പാതയുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - crude price hike
Next Story