ഹുർമുസിൽ വീണ്ടും ആക്രണം; എണ്ണവില കുതിക്കുന്നു; ഏഷ്യൻ വിപണികളിൽ തകർച്ച
text_fieldsന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ രക്ഷാദൗത്യം യു.എൻ നിർത്തിവെച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. നിലവിൽ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില 4 ശതമാനത്തോളം ഉയർന്നു. ആഗസ്റ്റിൽ വിതരണം ചെയ്യേണ്ട ബ്രെന്‍റ് ഫ്യൂച്ചറുകൾ ബാരലിന് 74.89 ഡോളറിലെത്തി. യു.എസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നതിന് തലേദിവസത്തെ ക്ലോസിങ് വിലയായ 72.48 ഡോളറിന് താഴേക്ക് നേരത്തെ വില ഇടിഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച യു.എസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെത്തുടർന്ന് ബ്രെന്റ് ഓയിൽ വിലയിൽ വലിയ ഇടിവുണ്ടായിരുന്നു. ഇപ്പോഴത്തെ വില യുദ്ധത്തിന് മുമ്പുള്ള നിലവാരത്തേക്കാൾ ഏകദേശം 3 ശതമാനം കൂടുതലാണ്.
ഏഷ്യൻ വിപണികളിൽ തകർച്ച
ഏഷ്യൻ വിപണികൾ വലിയ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌വാൻ എന്നിവിടങ്ങളിലെ പ്രധാന സൂചികകൾ വലിയ ഇടിവ് രേഖപ്പെടുത്തി. ടോക്കിയോയിലെ നിക്കി 225, സിയോളിലെ കോസ്പി എന്നിവ രാവിലെ വ്യാപാരത്തിൽ 3 ശതമാനത്തിലധികം ഇടിഞ്ഞു. തായ്‌വാൻ സൂചിക ഏകദേശം 1 ശതമാനവും, ഹോങ്കോംഗിലെ ഹാങ് സെങ് ഇൻഡക്സ് 1 ശതമാനത്തോളവും ഇടിവ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

