യു,എസ് ഇറാന്‍റെ ഖശം ദ്വീപ് ആക്രമിച്ചതിനു പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ വർധന
text_fieldsയു.എസ് ഇറാന്‍റെ ഖശം ദ്വീപ് ആക്രമിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്ന് ഏഷ്യൻ വിപണിയിൽ എണ്ണവില ഉയർന്നു. ഏഴ് ശതമാനം ഇടിവിന് ശേഷമാണ് ഈ വർധനവ്. എട്ട് മാസമായി തുടരുന്ന സംഘർഷം കൂടുതൽ വഷളാകുന്നതിനും മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണത്തിൽ ദീർഘകാല തടസങ്ങൾ ഉണ്ടാകുന്നതിനും ഇത് കാരണമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകൾ 0.5% ഉയർന്ന് ബാരലിന് 105.25 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 47 സെന്റ് 0.5% വർധിച്ച് ബാരലിന് 96.93 ഡോളറിലെത്തി. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 8.66 ഡോളർ (7.63%) ഇടിഞ്ഞ് 104.77 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും യു.എസും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്ന് തിങ്കളാഴ്ച ടെഹ്റാൻ അറിയിച്ചിരുന്നു. ഖത്തർ മധ്യസ്ഥരുമായി ഇറാൻ നടത്തുന്ന ചർച്ചകളിൽ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും വലിയ മുന്നേറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇറാന് എതിരെയുള്ള സൈനിക ആക്രമണങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തിങ്കളാഴ്ച ട്രംപ് സംശയം പ്രകടിപ്പിക്കുകയും ഇറാനുമായി ഒരു കരാറിലെത്താൻ സാധിച്ചേക്കുമെന്ന് പറയുകയും ചെയ്തു.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യു.എസ്-ഇറാൻ സംഘർഷം, ആഗോള ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതക വിതരണത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോയിരുന്ന ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം വൻതോതിൽ കുറച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം മിഡിൽ ഈസ്റ്റ് സംഘർഷം വീണ്ടും രൂക്ഷമായേക്കാം എന്ന ആശങ്കയെത്തുടർന്ന് ഒക്ടോബറിൽ ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് അവസാനിപ്പിച്ചത്.

