ക്രൂഡ് വിലയിൽ ചെറിയ ഇടിവ്; കഴിഞ്ഞ ദിവസം ബ്രെന്‍റ് 90 ഡോളറിനു മുകളിലെത്തിയിരുന്നു
text_fieldsന്യൂഡൽഹി: യു.എസും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന രാഷ്ട്രീയ ഭീഷണികളും തുടരുന്നതിനിടെ തുടർച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം ചൊവ്വാഴ്ച എണ്ണ വില സ്ഥിരത കൈവരിച്ചു. ബ്രെന്‍റ് ക്രൂഡ് ബാരലിന് 89 ഡോളറിന് താഴെയും, യു.എസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്‍റർമീഡിയറ്റ് (WTI) 83 ഡോളറിനടുത്തും ആണ് നിലവിലെ വില. കഴിഞ്ഞ ദിവസം ബ്രെന്‍റിന്‍റെ വില 90 ഡോളർ കടന്ന് 90.13 ഡോളറിലെത്തിയിരുന്നു. 84.20 ഡോളറായിരുന്നു ഡബ്ല്യു.ടി.ഐ വില.
യു.എസും ഇറാനും പരസ്പരം സൈനികാക്രമണങ്ങൾ തുടരുന്നതാണ് പുതിയ വിലക്കയറ്റത്തിനും വിപണിയിലെ അസ്ഥിരതക്കും കാരണം. അമേരിക്കൻ സൈനികരുടെ വധത്തിന് ഇറാൻ വില നൽകേണ്ടിവരുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി ഇറാൻ കുവൈറ്റിന് നേരെ ആക്രമണം നടത്തിയതോടെ സംഘർഷം മേഖലയാകെ വ്യാപിക്കുമോ എന്ന ആശങ്ക വർധിച്ചിട്ടുണ്ട്.
ചെങ്കടലിലൂടെയുള്ള സൗദി അറേബ്യയുടെ സമുദ്ര ഗതാഗതം തടയുമെന്ന് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഭീഷണിപ്പെടുത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ ചോക്ക്‌പോയിന്റുകളിലൊന്നായ ഹുർമുസ് കടലിടുക്ക് ഒഴിവാക്കിക്കൊണ്ട് ദശലക്ഷക്കണക്കിന് ബാരൽ ക്രൂഡ് ഓയിൽ കയറ്റി അയക്കാൻ സൗദി അറേബ്യയെ സഹായിക്കുന്ന പ്രധാന കയറ്റുമതി പാതയാണ് ഇതിലൂടെ പ്രതിസന്ധിയിലാകുന്നത്.
കഴിഞ്ഞ ആഴ്ച വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് ഹുർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം മന്ദഗതിയിലായിലായിരുന്നു. സുരക്ഷാ ഭീഷണികൾ വർധിച്ചതോടെ, ഈ മേഖലയിലൂടെ കപ്പലുകൾ കൊണ്ടുപോകാൻ തയ്യാറാകുന്ന ജീവനക്കാർക്ക് വൻതോതിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യാൻ കപ്പൽ ഉടമകൾ നിർബന്ധിതരായി. ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്ര വിജയകരമായി പൂർത്തിയാക്കുന്ന നാവികർക്ക് ആറു മാസത്തെ അധിക ശമ്പളം നൽകുമെന്നാണ് ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ ടാങ്കർ ഉടമകളിൽ ഒന്നായ സിനോകോർ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

