രാജ്യങ്ങൾ ഡോളറിന് പകരം സ്വർണം വാങ്ങുന്നു, വിപണിയിൽ ലോഹക്ഷാമം; വെള്ളി വില അഞ്ച് ലക്ഷം തൊടുമെന്ന് വ്യാപാരികൾ
text_fieldsന്യൂ ഡൽഹി: ആഗോള ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും അത് വരുത്തിവച്ച സാമ്പത്തിക അനിശ്ചിതത്വവും ലോഹക്ഷാമത്തിന് കാരണമായെന്നും ഇത് സ്വർണത്തിനും വെള്ളിക്കും ഇനിയും വിലകൂട്ടുമെന്നും ജ്വല്ലറി ഉടമകൾ. ആഭ്യന്തര വിപണിയിൽ സ്വർണവും വെള്ളിയും ആവശ്യത്തിന് ലഭിക്കാനില്ല.
പല രാജ്യങ്ങളും യു.എസ് ഡോളറിൽ നിന്ന്മാറി സ്വർണത്തിലും മറ്റ് ലോഹങ്ങളിലുമായി സമ്പത്ത് സൂക്ഷിക്കുകയാണ്. ലോകം പതുക്കെ രണ്ട് പ്രധാന സാമ്പത്തിക ഗ്രൂപ്പുകളായി വിഭജിക്കപ്പെടുകയാണെന്നും വിദഗ്ധർ പറയുന്നു. യു.എസ് ഡോളർ ഉപയോഗിച്ചുള്ള എണ്ണ വ്യാപാരം നടത്തുന്ന പെട്രോ-ഡോളർ സമ്പ്രദായത്തെ പിന്തുടരുന്നവരാണ് ഒരു കൂട്ടർ. മറ്റുള്ളവർ ലോഹ പിന്തുണയുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നവരാണ്. അവിടെ സ്വർണത്തിനും മറ്റ് ലോഹങ്ങൾക്കും കൂടുതൽ പ്രാധാന്യമുണ്ട്. പല രാജ്യങ്ങളും തങ്ങളുടെ ഡോളർ സമ്പാദ്യം സ്വർണ്ണമാക്കി മാറ്റുന്നതിനാൽ സ്വർണത്തിന്റെ ആവശ്യം വർധിച്ചു.
ഈ ഉയർന്ന ഡിമാൻഡും ലോഹക്ഷാമവും കാരണം അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന്‍റെ ഇറക്കുമതി പോലും വൈകുന്നു. രാജ്യങ്ങൾ ഡോളർ കൈവശം വയ്ക്കുന്നതിന് പകരം കൂടുതൽ സ്വർണ്ണം വാങ്ങുന്നു. ഇത് സ്വർണ്ണ വില വർധിപ്പിക്കുകയും ക്ഷാമം ഉണ്ടാക്കുകയും ചെയ്യുന്നു.
അടുത്തിടെ വെള്ളി വില കിലോക്ക് 4.20 ലക്ഷം മുതൽ 4.25 ലക്ഷം വരെ എത്തിയിരിക്കുന്നു. അതേസമയം 10 ഗ്രാം സ്വർണത്തിന് വില 1.85 വും എത്തിയിരുന്നു. ഇടക്കുള്ള വില കുറയൽ സാധാരണമാണെങ്കിലും വിലക്കയറ്റം ദീർഘകാലം വരെ നിലനിൽക്കുമെന്ന് പ്രാദേശിക വ്യാപാരികൾ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണവില ഇരട്ടിയിലധികമായി. വെള്ളി വില ഏതാണ്ട് നാലിരട്ടിയും.
വിലക്കയറ്റം ഉണ്ടെങ്കിലും ആഭ്യന്തര വിപണിയിലെ ആവശ്യകത കാര്യമായി കുറഞ്ഞില്ലെന്നും ആഗോള ഘടകങ്ങളാണ് വിലക്കുതിപ്പിന് കാരണമെന്നും ജ്വല്ലറി ഉടമകൾ പറയുന്നു.
അന്താരാഷ്ട്ര തലത്തിലെ എല്ലാ തീരുമാനങ്ങളുടെയും സാമ്പത്തിക നടപടികളുടെയും വേഗത്തിലുള്ള പ്രതിഫലനം സ്വർണം, വെള്ളി ലോഹങ്ങളുടെ വിലകളിൽ കാണാനാകും. ഇന്ത്യ വൻതോതിൽ ഇറക്കുമതിയിൽ ആശ്രയിക്കുന്നതിനാൽ വില നിയന്ത്രണത്തിൽ യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും വിഗദ്ധർ പറയുന്നു.
പുതിയ സ്വർണം വാങ്ങാൻ വരുന്നവരിലൂടെ 25 ശതമാനം വ്യാപാരം മാത്രമാണ് ജ്വല്ലറികളിൽ നടക്കുന്നത്. 80 ശതമാനം പേരും ജ്വല്ലറികളിൽ എത്തുന്നത് പഴയ സ്വർണം മാറ്റി പുതിയത് എടുക്കാനാണ്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ആവശ്യക്കാർ വർധിച്ചു. അതും മെഷീനിൽ നിർമിച്ച ഡിസൈനുകളോടാണ് കൂടുതൽ പേർക്കും താൽപര്യം.
9, 12, 14 കാരറ്റുകളിലെ ആഭരണങ്ങൾ കൈകൊണ്ട് നിർമിക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കല്യാണ ആഭരണങ്ങൾ മെഷീനിൽ നിർമിക്കുന്നതാണ് വ്യാപാരികൾക്കും സൗകര്യം. വരും മാസങ്ങളിൽ 10 ഗ്രാം സ്വർണത്തിന് രണ്ട് ലക്ഷം വരെയും ഒരു കിലോ വെള്ളി 4.5 മുതൽ അഞ്ച് ലക്ഷം വരെയും വില ഉയർന്നേക്കാമെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

