പശ്ചിമേഷ്യയിലെ സംഘർഷം: ആശങ്കയിൽ ഓഹരി വിപണി
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കയോടെ ഓഹരി വിപണി. ഇസ്രായേൽ-ഇറാൻ സംഘർഷത്തിനൊപ്പം, കുതിച്ചുയരുന്ന എണ്ണവിലയും പണപ്പെരുപ്പ കണക്കുകളും പലിശനിരക്കിലെ യു.എസ് ഫെഡ് തീരുമാനവും ഈ ആഴ്ച ഓഹരി വിപണിയുടെ ഗതി നിർണയിക്കുന്നതാണ്.
വെള്ളിയാഴ്ച പുലർച്ചയാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചത്. ഇതിന് പിന്നാലെ, കനത്ത നഷ്ടത്തിലാണ് അന്ന് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, തിങ്കളാഴ്ചയും സമാന സാഹചര്യമായിരിക്കുമെന്നാണ് വിലയിരുത്തൽ.
യു.എസ്-ചൈന വ്യാപാര ചർച്ചകൾ ഉയർത്തിയ പ്രതീക്ഷകളെ ഇല്ലാതാക്കുന്നതായിരുന്നു ഇസ്രായേൽ-ഇറാൻ സംഘർഷം. എണ്ണവില ഉയരുന്നത് പണപ്പെരുപ്പ നിരക്ക് ഉയരാൻ ഇടയാക്കുമെന്ന ഭീതിയും മുന്നിലുണ്ട്. സുരക്ഷിത മാർഗങ്ങളിലേക്ക് നിക്ഷേപം മാറ്റാനുള്ള നിക്ഷേപകരുടെ തീരുമാനം സ്വർണവില സർവകാല റെക്കോഡിൽ എത്താനുമിടയാക്കി.
ബുധനാഴ്ചയാണ് യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുക. ഇതോടൊപ്പം, ജപ്പാൻ, യു.കെ എന്നിവിടങ്ങളിലെ കേന്ദ്രബാങ്കുകളും ഈ ആഴ്ച പലിശനിരക്ക് പ്രഖ്യാപിക്കും. ഈ തീരുമാനങ്ങൾ വിപണിയെ സ്വാധീനിക്കുന്നവയാണ്.
കഴിഞ്ഞയാഴ്ച സെൻസെക്സ് 1070.39 പോയന്റും നിഫ്റ്റി 284.45 പോയന്റുമാണ് ഇടിഞ്ഞത്. ചാഞ്ചാട്ടം തുടരുകയാണെങ്കിൽ ഈ ആഴ്ചയും വിപണി ചുവപ്പിൽ തന്നെയാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

