താരിഫ് യുദ്ധത്തിനിടെ അമേരിക്കൻ ഐ.ടി കമ്പനി ഇന്ത്യയിൽ ഐ.പി.ഒക്ക് ഒരുങ്ങുന്നു
text_fieldsമുംബൈ: ലോകത്തെ വൻകിട ഐ.ടി കമ്പനികളിലൊന്നായ കോഗ്നിസന്റ് ടെക്നോളജി സൊലൂഷൻസ് കോർപറേഷൻ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വരാൻ തയാറെടുക്കുന്നതായി റിപ്പോൾട്ട്. പദ്ധതി യാഥാർഥ്യമായാൽ ടാറ്റ കൺസൾട്ടൻസി സർവിസസിന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായി കോഗ്നിസന്റ് മാറും. യു.എസിലെ ന്യൂജയ്സിയിലുള്ള ടീനെക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഗ്നിസന്റ് 27 വർഷം മുമ്പാണ് ന്യൂയോർക്ക് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്.
കമ്പനിയുടെ പാദ വാർഷിക ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജതിൻ ദലാലാണ് പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയത്. ദീർഘകാല നിക്ഷേപകർക്ക് നേട്ടം സമ്മാനിക്കുന്ന പദ്ധതികൾ കമ്പനിയുടെ ബോർഡും മാനേജ്മെന്റും നിരന്തരമായി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് നിയമ, സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തുകയാണെന്നും ജിതിൻ ദലാൽ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തില്ലെന്നും ഓഹരി ഉടമകളുടെ താൽപര്യം പരിഗണിച്ച് മാത്രമേ മുന്നോട്ടുപോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കോഗ്നിസന്റിന്റെ മൊത്തം 3.50 ലക്ഷം ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. വരുമാനത്തിന്റെ 90 ശതമാനവും യു.എസിൽനിന്ന് ലഭിക്കുമ്പോഴാണ് ആഭ്യന്തര ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങാനുള്ള പദ്ധതി. ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥക്കിടയിലും ജൂലായ്-സെപ്റ്റംബർ കാലയളവിൽ കോഗ്നിസന്റ് മികച്ച വരുമാനം നേടിയിരുന്നു. .
നിലവിൽ ഐ.ടി ഭീമന്മാരായ ഇൻഫോസിസും വിപ്രോയും മാത്രമാണ് ഇന്ത്യയിലെയും യു.എസിലെയും ഓഹരി വിപണികളിൽ വ്യാപാരം നടത്തുന്നത്. ഹെക്‌സാവെയർ ടെക്‌നോളജീസ് ലിമിറ്റഡ് ഈ വർഷം ഫെബ്രുവരിയിൽ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയതിന് പിന്നാലെയാണ് കോഗ്നിസെന്റിന്റെ തയാറെടുപ്പ്. അശോക് സൂത്ത സ്ഥാപിച്ച ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസ് ലിമിറ്റഡിന് ശേഷം ലിസ്റ്റ് ചെയ്യപ്പെട്ട രണ്ടാമത്തെ ഐ.ടി സേവന സ്ഥാപനമാണ് ഹെക്‌സാവെയർ.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് വർധിപ്പിച്ചതും എച്ച്‍വൺബി വിസ ഫീസ് കുത്തനെ ഉയർത്തിയതും ഐ.ടി മേഖലയിൽ അനിശ്ചിതാവസ്ഥക്ക് ഇടയാക്കിയിരുന്നു. ഇതേതുടർന്ന് ഐ.ടി കമ്പനികളുടെ ഓഹരികളിൽ കനത്ത ഇടിവാണ് ഈ വർഷം നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

