Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവജ്രത്തെ നിക്ഷേപമായി...

വജ്രത്തെ നിക്ഷേപമായി കാണാൻ കഴിയുമോ? യാഥാർഥ്യം ഇതാണ്...

text_fields
bookmark_border
വജ്രത്തെ നിക്ഷേപമായി കാണാൻ കഴിയുമോ? യാഥാർഥ്യം ഇതാണ്...
cancel

ആഡംബര ജ്വല്ലറി ഷോറൂമുകളിൽ കാലെടുത്തു വെച്ചാൽ ആരെയും ഒന്ന് പിടിച്ചു നിർത്തുന്ന തരത്തിൽ ആകർഷകമായാണ് വജ്രാഭരണങ്ങൾ ഒരുക്കിയിട്ടുള്ളത്. 'കാലാതീതമായ മൂല്യമുള്ളവ' എന്ന് വിശേഷിപ്പിച്ചാണ് ഇവ വിപണനം ചെയ്യുന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഷോറൂമിന് പുറത്തിറങ്ങിയാൽ വജ്രത്തിന്‍റെ ഈ പകിട്ട് പെട്ടെന്ന് അപ്രത്യക്ഷമാകും. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ ഈ രത്നം വിറ്റ് പണമാക്കാൻ ശ്രമിക്കുമ്പോൾ ഈ പുറമെയുള്ള പകിട്ടിന് മങ്ങലേൽക്കും. ലാബ്-ഗ്രോൺ വജ്രങ്ങളുടെ കടന്നുകയറ്റം, വിതരണത്തിലെ സമ്മർദം, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾ എന്നിവ ഒരു കയ്പേറിയ സത്യം പുറത്തുകൊണ്ടുവരുന്നു, 'വജ്രങ്ങൾ ഒരു വൈകാരികമായ ആഡംബരമോ അല്ലെങ്കിൽ ഉപയോഗിച്ച് തീർക്കുന്ന ഒന്നോ മാത്രമാണ്; അതൊരു നിക്ഷേപമല്ല.'

വിലയിലെ ഇടിവ്

വജ്രങ്ങളെ നിക്ഷേപമായി കാണുന്നതിലെ അപകടസാധ്യത മനസിലാക്കാൻ ആഗോള വജ്ര വിപണിയിലെ തകർച്ചകൾ പരിശോധിക്കണം. റാപാപോർട്ട് ഡയമണ്ട് പ്രൈസ് സ്റ്റാറ്റിസ്റ്റിക്സ് വാർഷിക റിപ്പോർട്ട് പ്രകാരം, പ്രകൃതിദത്ത വജ്രങ്ങളുടെ മൊത്തവ്യാപാര വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 1 കാരറ്റിന് താഴെയുള്ള വജ്രങ്ങളുടെ വില 2022-ലെ ഉയർന്ന നിലവാരത്തിൽ നിന്ന് ഏകദേശം 30% കുറഞ്ഞു. കോവിഡാനന്തര കാലത്തെ ഉപഭോഗവും വിതരണത്തിലെ തടസങ്ങളും കാരണം 2022-ൽ വജ്രത്തിന്റെ വില കുതിച്ചുയർന്നിരുന്നു.

പ്രകൃതിദത്ത വജ്രങ്ങളുടെ വിതരണ ശൃംഖലയിലുണ്ടായ ആഘാതങ്ങളെക്കുറിച്ച് കാമ ജ്വല്ലറി മാനേജിങ് ഡയറക്ടർ കോളിൻ ഷാ വിശദീകരിക്കുന്നു: "ഒന്നാമത്തേത് ഭൂരാഷ്ട്രതന്ത്രപരമായ സംഘർഷങ്ങളാണ്, പ്രത്യേകിച്ച് റഷ്യയിൽ നിന്നുള്ള വിതരണത്തിന്മേലുള്ള ഉപരോധങ്ങൾ. രണ്ടാമത്തേത് ചൈനയിലെ ആഡംബര വസ്തുക്കളുടെ ഡിമാൻഡിലുണ്ടായ വലിയ ഇടിവാണ്. മൂന്നാമത്തേത് ലാബ്-ഗ്രോൺ വജ്രങ്ങളുടെ വരവാണ്. ഈ ഘടകങ്ങളെല്ലാം ചേർന്ന് ഡിമാൻഡിനെയും വിതരണത്തെയും ഒരുപോലെ ബാധിച്ചു."

"വലിയ പ്രകൃതിദത്ത വജ്രങ്ങൾക്കും കഴിഞ്ഞ കുറച്ചു വർഷങ്ങളായി 40% മുതൽ 60% വരെ വിലക്കുറവുണ്ടായിട്ടുണ്ട്," ലൈംലൈറ്റ് ലാബ് ഗ്രോൺ ഡയമണ്ട്‌സ് സ്ഥാപക പൂജ സേത്ത് ചൂണ്ടിക്കാട്ടി. "വില ഇടിയുന്നതിന് പ്രധാന കാരണം ലാബ്-ഗ്രോൺ വജ്രങ്ങളുടെ മത്സരം വർധിക്കുന്നതാണ്.

മുൻഗണനയിലെ മാറ്റം

പലർക്കും വജ്രമെന്നത് പലതാണ്. നിക്ഷേപത്തിനും പണത്തിനുമുള്ള ഒരു ആസ്തി എന്നതിനപ്പുറം പലരും വൈകാരികമായാണ് വജ്രത്തെ കാണുന്നത്. ജീവിതത്തിലെ ചില സുപ്രധാന നിമിഷങ്ങളെ എന്നും ഓർക്കാൻ, ചില വൈകാരിക ബന്ധങ്ങളെയും ഓർമകളയും പാരമ്പര്യത്തെയും നിലനിർത്താൻ അങ്ങനെ അങ്ങനെ...

യുവതലമുറയും ഇടത്തരം പ്രായക്കാരായ ഉപഭോക്താക്കളും കൂടുതൽ യുക്തിസഹമായ പാതയാണ് തെരഞ്ഞെടുക്കുന്നത്. ന്യൂഡൽഹിയിൽ നിന്നുള്ള 46 വയസുള്ള ബിസിനസുകാരൻ ഗൗരവ് ചൗള തന്റെ പ്രകൃതിദത്ത വജ്രങ്ങളെ അന്തസിന്‍റെ പ്രതീകമായാണ് കാണുന്നത്. "എന്നെപ്പോലെയുള്ള പല ഉപഭോക്താക്കൾക്കും ഒരു വജ്രം വാങ്ങുന്നത് ഒരു സാധാരണ വാച്ചിന് പകരം കാർട്ടിയർ വാച്ച് വാങ്ങുന്നതുപോലെയോ, സാധാരണ കാറിന് പകരം മെഴ്‌സിഡസ് വാങ്ങുന്നതുപോലെയോ ആണ്. അത് എപ്പോഴും ഉപഭോഗത്തെക്കുറിച്ചല്ല, മറിച്ച് ആഗ്രഹങ്ങൾ, പ്രതീകാത്മകത, പദവി എന്നിവയെക്കുറിച്ചാണ്," ചൗള പറയുന്നു. എന്നിരുന്നാലും, കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ബദലുകൾ ഈ വാങ്ങലിനെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു.

ലിക്വിഡിറ്റിയും തിരിച്ചും വിൽക്കാനുള്ള ബുദ്ധിമുട്ടും

ഏതൊരു നിക്ഷേപത്തിന്റെയും പരീക്ഷണം അതിന്റെ ലിക്വിഡിറ്റിയാണ്. എത്ര വേഗത്തിൽ അത് പണമാക്കി മാറ്റാം, എത്ര നഷ്ടം സഹിക്കേണ്ടിവരും? ഇവിടെയാണ് വജ്രം ഒരു നിക്ഷേപം എന്ന നിലയിൽ നിന്ന് മാറുന്നത്..

സ്വർണത്തിൽ നിന്ന് വ്യത്യസ്തമായി, വജ്രങ്ങളുടെ കാര്യത്തിൽ വിവരങ്ങൾ ലഭിക്കുന്നതിൽ വലിയ അസമത്വം നിലനിൽക്കുന്നു. ഓൾ ഇന്ത്യ ജെം & ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ രാജേഷ് റോക്ഡെ അടിസ്ഥാന സൗകര്യങ്ങളിലെ വ്യത്യാസം ഊന്നിപ്പറയുന്നു: "സ്വർണം വളരെ വലിയ തോതിൽ സ്റ്റാൻഡേർഡ് ചെയ്ത ഒരു വസ്തുവാണ്. അത് എവിടെ നിന്നും വാങ്ങാനും വിൽക്കാനും അല്ലെങ്കിൽ കൈമാറ്റം ചെയ്യാനും എളുപ്പമാണ്. മറുവശത്ത്, വജ്രങ്ങൾ തിരിച്ചും വിൽക്കാനോ കൈമാറ്റം ചെയ്യാനോ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, മുംബൈയിലെ 7,000 മുതൽ 8,000 വരെ ജ്വല്ലറികളിൽ 700 എണ്ണം മാത്രമാണ് വജ്രത്തിൽ വ്യാപാരം നടത്തുന്നത്. അതായത് വിപണിയുടെ 10% മാത്രം." ഒരു കല്ലിന്റെ മൂല്യം നിർണയിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള അജ്ഞത വജ്രങ്ങൾ വീണ്ടും വിൽക്കുന്നത് കൂടുതൽ പ്രയാസകരമാക്കുന്നു.

ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക അല്ലെങ്കിൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പോലുള്ള ആഗോള അംഗീകാരമുള്ള സർട്ടിഫിക്കേഷനുകൾ നോക്കണമെന്ന് പരിചയസമ്പന്നരായ വാങ്ങുന്നവർക്ക് അറിയാം. എന്നാൽ പല പുതിയ ഉപഭോക്താക്കളും സ്വതന്ത്ര ജ്വല്ലറികൾ നൽകുന്ന ഇൻ-ഹൗസ് സർട്ടിഫിക്കറ്റുകളിൽ ചെന്നുപെടാൻ സാധ്യതയുണ്ട്. മൂന്നാം കക്ഷി വഴി വിൽക്കുമ്പോൾ ഇവക്ക് യാതൊരു വിശ്വാസ്യതയുമില്ല.

ഉപഭോഗ നിക്ഷേപം

വൈകാരിക സംതൃപ്തിയെയും സമ്പത്ത് സൃഷ്ടിക്കലിനെയും വേർതിരിച്ചറിയണം. "വജ്രങ്ങൾ എക്കാലത്തും നിലനിൽക്കും' എന്ന റൊമാന്റിക് കഥ പറഞ്ഞ് നിക്ഷേപമായി അവതരിപ്പിക്കാൻ ജ്വല്ലറി വ്യവസായം എപ്പോഴും ശ്രമിക്കും. എന്നാൽ സത്യത്തിൽ, അത് ഒരിക്കലും ഒരു നിക്ഷേപമായി കാണരുത്," ജെർമിനേറ്റ് ഇൻവെസ്റ്റ്‌മെന്റ് സർവീസസ് സ്ഥാപകൻ സന്തോഷ് ജോസഫ് പറഞ്ഞു.

വജ്രങ്ങൾ എന്തുകൊണ്ട് ഈടായി ഉപയോഗിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തുടർന്ന് വിശദീകരിച്ചു: "നിങ്ങൾ സ്വർണം ഒരു കാരറ്റ് മീറ്ററിലൂടെ പരിശോധിച്ചാൽ, ബാങ്കിന് അതിന്റെ കൃത്യമായ മൂല്യം തൽക്ഷണം പരിശോധിക്കാൻ കഴിയും. ആഭരണങ്ങളിൽ പതിപ്പിച്ച വജ്രത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് അത് എളുപ്പത്തിലോ വസ്തുനിഷ്ഠമായോ ചെയ്യാൻ കഴിയില്ല."

ചെലവിനെ എങ്ങനെ കാണണം?

നിങ്ങളുടെ ലക്ഷ്യം ലിക്വിഡിറ്റിയും നിക്ഷേപവുമാണെങ്കിൽ മറ്റ് സാമ്പത്തിക ഉപകരണങ്ങളാണ് ഏറ്റവും മികച്ച മാർഗം. കൂടുതൽ ലാഭത്തിന്, ആഭരണങ്ങൾ ഒഴിവാക്കി ശുദ്ധമായ സ്വർണ ബിസ്‌ക്കറ്റുകൾ വാങ്ങുക, അല്ലെങ്കിൽ അതിലും മികച്ചത് ഡിജിറ്റൽ ഗോൾഡ് ഇ.ടി.എഫുകൾ തെരഞ്ഞെടുക്കുക. ഇത് സംഭരണച്ചെലവും റീട്ടെയിൽ മാർക്കപ്പും ഇല്ലാതാക്കുന്നു. മറുവശത്ത്, നിങ്ങൾ ഒരു ഡിസൈനിന് വേണ്ടിയോ, അല്ലെങ്കിൽ വൈകാരിക സന്തോഷത്തിനോ വേണ്ടിയാണ് വജ്രം വാങ്ങുന്നതെങ്കിൽ അതിനെ ഒരു ആഡംബര ചെലവായി മാത്രം കണ്ടാൽ മതി.

(മിന്‍റ് ലേഖനം അടിസ്ഥാനമാക്കിയുള്ളത്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssetdiamondinvestmentBusiness News
News Summary - Can diamonds be considered an investment
Next Story