1.27 ലക്ഷം കോടിയുടെ സെമി കണ്ടക്ടർ 2.0ന് അനുമതി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിലെ സെമികണ്ടക്ടർ രൂപകൽപനയും നിർമാണവും വികസിപ്പിക്കുന്നതിന് 1.27 ലക്ഷം കോടി രൂപയുടെ സെമികോൺ 2.0-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ആറ് മേഖലകളിലായാണ് ഈ തുക വിനിയോഗിക്കുക.
അവ താഴെ: സെമികണ്ടക്ടറുകളുടെ നിർമാണത്തിന് ആവശ്യമായ യന്ത്രങ്ങളുടെയും അസംസ്കൃത വസ്തുക്കൾ, രാസവസ്തുക്കൾ, വാതകങ്ങൾ എന്നിവയുടെയും നിർമാണത്തിലും ഗവേഷണ-വികസന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകും. രാജ്യത്ത് പ്രിസിഷൻ മാനുഫാക്ചറിങ് വ്യവസായം വികസിപ്പിക്കുന്നതിന് ഇത് സഹായിക്കും.
ഇന്ത്യയിലേക്ക് വരാനും ചിപ്പുകൾ നിർമിക്കുന്നതിനുള്ള സിലിക്കൺ ഫാബുകൾ, കോമ്പൗണ്ട് സെമികണ്ടക്ടർ ഫാബുകൾ, ഡിസ്ക്രീറ്റ് കംപോണന്റ് ഫാബുകൾ, ഡിസ്പ്ലേ ഫാബുകൾ തുടങ്ങിയ ഫാബുകൾ സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തും. എ.ടി.എം.പി / ഒ.എസ്.എ.ടി യൂനിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ബദൽ കേന്ദ്രമായി ലോകം ഇന്ത്യയെ നോക്കിക്കാണുന്നതിനാൽ ആ വ്യവസായത്തെ ശക്തിപ്പെടുത്തും.
ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ഗവേഷണ-വികസന കേന്ദ്രങ്ങളുമായി സഹകരിച്ച് കൂടുതൽ ആധുനികമായ നോഡുകളും മറ്റ് നൂതന സാങ്കേതികവിദ്യകളും വികസിപ്പിക്കും. ഏറ്റവും പുതിയ ഇ.ഡി.എ ടൂളുകൾ ഉപയോഗിച്ച് സങ്കീർണമായ ചിപ്പ് രൂപകൽപനയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകും.
മൊബൈൽ ഫോൺ നിർമാണ പദ്ധതിക്ക് 62,500 കോടി
62,500 കോടി രൂപ ചെലവിൽ മൊബൈൽ ഫോൺ നിർമാണ പദ്ധതിക്ക് (എം.പി.എം.എസ്) കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. അഞ്ച് വർഷത്തെ പദ്ധതിയിലൂടെ ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമിച്ച് വിൽക്കുന്നവർക്ക് 2.25 മുതൽ അഞ്ച് ശതമാനം വരെയുള്ള വിവിധ നിരക്കുകളിൽ പ്രോത്സാഹന സഹായം നൽകും.
പദ്ധതി കാലാവധിയിൽ രാജ്യത്തെ മൊത്തം മൊബൈൽ ഫോൺ ഉൽപാദനം ഏകദേശം 39,00,000 കോടി രൂപയിലെത്തുമെന്നും മൊബൈൽ ഫോൺ കയറ്റുമതിയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നുമാണ് സർക്കാർ പ്രതീക്ഷ. പദ്ധതിയിലൂടെ ഏകദേശം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ദേശീയ യൂറിയ നിക്ഷേപനയത്തിന് അംഗീകാരം
ദേശീയ യൂറിയ നിക്ഷേപ നയത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭ സമിതി അംഗീകാരം നൽകി. രാജ്യത്ത് വാതക അധിഷ്ഠിത യൂറിയ നിർമാണ യൂനിറ്റുകൾ സ്ഥാപിക്കുന്നതിനായി യൂറിയ മേഖലയിൽ പുതിയ നിക്ഷേപങ്ങളെ ഈ നയം പ്രോത്സാഹിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

