സ്വർണം വിൽക്കണോ വാങ്ങണോ? മ്യൂച്ച്വൽ ഫണ്ട് മേധാവി പറയുന്നത് നോക്കൂ
text_fieldsമുംബൈ: നിക്ഷേപകർക്ക് ഒരു വർഷത്തിനിടെ ഏറ്റവും മികച്ച ലാഭം നൽകിയ ആസ്തിയാണ് സ്വർണം. ഒരു പവർ സ്വർണം വാങ്ങാൻ ഇനി 91,000 രൂപയിലേറെ നൽകണം. 50 ശതമാനത്തിലേറെ മുന്നേറ്റമാണ് സ്വർണ വിലയിലുണ്ടായത്. അധികം വൈകാതെ പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. വില ഇത്രയേറെ ഉയർന്ന സാഹചര്യത്തിൽ നിക്ഷേപകർക്കും ആഭരണ പ്രേമികളായ ഉപഭോക്താക്കൾക്കും ഒരേയൊരു സംശയം മാത്രമേയുള്ളൂ, നിക്ഷേപം തുടരണോ അതോ സ്വർണം വിറ്റ് ലാഭമെടുക്കണോ? ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് നിപ്പോൺ ഇന്ത്യ മ്യൂച്ച്വൽ ഫണ്ട് കമ്പനിയുടെ കമ്മോഡിറ്റീസ് തലവനും ഫണ്ട് മാനേജറുമായ വിക്രം ധവാൻ. നിക്ഷേപകർ നൽകിയ 30000 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഗോൾഡ് ഇ.ടി.എഫ്) ഉടമയാണ് നിപ്പോൺ ഇന്ത്യ.
സ്വർണ വില ഇനിയും ഉയരുമോ?
സ്വർണത്തിൽ ലോകം മുഴുവനുമുള്ള നിക്ഷേപകരുടെയും റിസർവ് ബാങ്ക് അടക്കമുള്ള സെൻട്രൽ ബാങ്കുകളുടെയും താൽപര്യം വർധിച്ചതാണ് വില ഉയരുന്നതിന്റെ പിന്നിലെ രഹസ്യം. നിരവധി വർഷങ്ങളായി സെൻട്രൽ ബാങ്കുകൾ ഡോളറിന് പകരം സ്വർണമാണ് വാങ്ങിക്കൂട്ടുന്നത്. ഈ ട്രെൻഡ് സ്വകാര്യ നിക്ഷേപകരിലും വർധിച്ചുവന്നിരിക്കുന്നു. ഇന്ത്യയിലെ മ്യൂച്ച്വൽ ഫണ്ട് രംഗത്ത് വെറും രണ്ട് ശതമാനത്തിൽ താഴെയാണ് സ്വർണം, വെള്ളി നിക്ഷേപം. ആഗോള തലത്തിലും കഴിഞ്ഞ വർഷം പകുതി വരെ മിക്ക നിക്ഷേപകരും സ്വർണം കാര്യമായി പരിഗണിച്ചിരുന്നില്ല. പുതിയ നിക്ഷേപക മാറ്റത്തിലൂടെ ലോകത്ത് ശക്തമായ സ്വർണ വിപണിയുണ്ടാകും. സ്വർണ വിലയിലെ കുതിപ്പിനിടയിൽ തിരുത്തലുകളുമുണ്ടാകും. എന്നാലും സ്വർണ നിക്ഷേപത്തോടുള്ള പോസിറ്റിവ് ട്രെൻഡിൽ മാറ്റമുണ്ടാകില്ല.
സ്വർണം വാങ്ങാൻ വിലയിടിവ് കാത്തിരിക്കണോ?
വ്യത്യസ്തമായ ആസ്തികളിൽ നിക്ഷേപിക്കുക എന്ന രീതി ഇന്ത്യയിൽ താരതമ്യേന പുതിയൊരു ആശയമാണ്. എന്നാൽ, വൈവിധ്യമാർന്ന മേഖലയിലും വ്യത്യസ്ത ആസ്തികളിലും നിക്ഷേപിക്കുന്നവരാണ് യു.എസുകാരും യൂറോപ്പുകാരും. മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയിൽ വെറും രണ്ട് മുതൽ മൂന്ന് ശതമാനം വരെ മാത്രമാണ് സ്വർണവും വെള്ളിയും. പോർട്ട്ഫോളിയോ വൈവിധ്യവത്കരണമെന്ന ബോധം വളരുന്നതിന് അനുസരിച്ച് വൻ ലാഭത്തേക്കാൾ സുരക്ഷിതവും സുസ്ഥിരവുമായ നേട്ടത്തിലേക്ക് നിക്ഷേപകരുടെ താൽപര്യം മാറും. അവിടെയാണ് സ്വർണം പ്രധാന പങ്ക് വഹിക്കുന്നത്. അതുകൊണ്ട് തന്നെ, വൈവിധ്യമാർന്ന ആസ്തികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വർണം ഇപ്പോഴും വാങ്ങിക്കാം.
ബോണ്ട് ആദായം ഇടിഞ്ഞതും സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചതും വൻകിടക്കാർ താൽകാലിക നേട്ടത്തിന് വേണ്ടി ഊതിവീർപ്പിച്ച് നടത്തിയ നിക്ഷേപവുമായിരുന്നു 2008ലെ സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് ഓഹരി വിപണിയിലുണ്ടായ കുതിപ്പ് കാരണം. എന്നാൽ, ഇത്തവണ ദീർഘകാല നിക്ഷേപകരാണ് സ്വർണ വിലയിൽ നിർണായക സ്വാധീനം ചെലുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

