എ.ഐ ഷോക്ക്; ഐ.ടി ഓഹരികളിൽ കൂട്ടവിൽപന, നഷ്ടമായത് കോടികൾ
text_fieldsമുംബൈ: രാജ്യത്തെ വിപണിയിൽ ചോരപ്പുഴ ഒഴുക്കി ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ഓഹരികൾ. നിഫ്റ്റി ഐ.ടി ഓഹരി സൂചിക 5.5 ശതമാനം ഇടിഞ്ഞു. വൻകിട ഐ.ടി കമ്പനികളായ ഇൻഫോസിസ് 5.84 ശതമാനവും എച്ച്.സി.എൽ ടെക്നോളജീസ് 4.87 ശതമാനവും വിപ്രോ 4.67 ശതമാനവും ടി.സി.എസ് 5.49 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച കൂട്ട വിൽപനയിൽ 2.80 ലക്ഷം കോടി രൂപ നിക്ഷേപകർക്ക് നഷ്ടമായി. ഐ.ടി ഓഹരികളിലുണ്ടായ വിൽപന സമ്മർദത്തെ തുടർന്ന് സുപ്രധാന സൂചികകളായ ബി.എസ്.ഇ സെൻസെക്സ് 559 പോയന്റും നിഫ്റ്റി 50 147 പോയന്റും ഇടിവ് നേരിട്ടു.
യു.എസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സ്റ്റാർട്ട്അപ് ആന്ത്രോപിക് പുറത്തിറക്കിയ എ.ഐ ടൂളുകൾ പരമ്പരാഗത ഐ.ടി കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്ന ആശങ്കയാണ് നിക്ഷേപകരുടെ കൂട്ടവിൽപനക്ക് കാരണം. ആന്ത്രോപിക് ഷോക്കിൽനിന്ന് ടെക് ഓഹരികൾ ഉടൻ കരകയറാൻ സാധ്യതയില്ലെന്ന് ജിയോജിത് ഇൻവെസ്റ്റ്‌മെന്റിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ മുന്നറിയിപ്പ് നൽകി. നിക്ഷേപകർ ഐ.ടിയിനിന്ന് വളർച്ച സാധ്യതയുള്ള മറ്റു മേഖലകളിലെ ഓഹരികളിലേക്ക് മാറുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവ പദ്ധതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ഇറാനുമായി യുദ്ധത്തിലേക്ക് നീങ്ങുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും വിപണിയിൽ അനിശ്ചിതാവസ്ഥക്ക് ഇടയാക്കി. ഇറാന്റെ യൂറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുകയും ബാലിസ്റ്റിക് മിസൈൽ നിർമാണം നിയന്ത്രിക്കുകയും ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശക്തമായ സമ്മർദം ചെലുത്തുന്നതായാണ് സൂചന. മാത്രമല്ല, ഹമാസിനും ഹിസ്ബുല്ലക്കും ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. ഉപരോധം എടുത്തുമാറ്റുകയാണെങ്കിൽ ആണവ പദ്ധതി അവസാനിപ്പിക്കാൻ ഇറാൻ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ യു.എസിന്റെ മറ്റു നിരവധി ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ബി.എസ്.ഇ അനലിറ്റിക്സ് പ്രകാരം രാജ്യത്തെ ഐ.ടി ഓഹരികൾ രണ്ടു വർഷമായി കനത്ത വിൽപന സമ്മർദമാണ് നേരിടുന്നത്. അതായത് നിക്ഷേപകർക്ക് ഐ.ടി ഓഹരികൾ സമ്മാനിച്ചത് നഷ്ടമാണ്. രണ്ട് വർഷത്തിനിടെ ടി.സി.എസ് 32 ശതമാനവും ഇൻഫോസിസ് 17 ശതമാനവും വിപ്രോ 13 ശതമാനവും എച്ച്.സി.എൽ ടെക്നോളജീസ് 10 ശതമാനവും ഇടിഞ്ഞു. ടെക് മഹീന്ദ്ര മാത്രമാണ് ഇക്കാലയളവിൽ നിക്ഷേപകർക്ക് റിട്ടേൺ നൽകിയത്. ടെക് മഹീന്ദ്ര 19 ശതമാനം ഉയർന്നതായി കണക്കുകൾ പറയുന്നു.
പരമ്പരാഗത ഐ.ടി കമ്പനികളുടെ ബിസിനസ് മാതൃക എ.ഐ തകർക്കുമെന്ന സൂചനകളാണ് ഓഹരി വിപണിയിലെ കൂപ്പുകുത്തലിന് കാരണമെന്ന് റെലിഗെയർ ബ്രോക്കിങ് സീനിയർ വൈസ് പ്രസിഡന്റ് (റിസർച്ച്) അജിത് മിശ്ര പറഞ്ഞു. ഐ.ടി കമ്പനികൾക്ക് എ.ഐ വെല്ലുവിളിയാണെന്നതിൽ സംശയമില്ലെന്നും എന്നാൽ, ഐ.ടി കമ്പനികൾ തിരിച്ചുവരില്ലെന്ന് ഇത്രയും നേരത്തെ പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഐ.ടി ഓഹരികൾ നിക്ഷേപകർ ഒഴിവാക്കണമെന്നും കൂടുതൽ വ്യക്തത വരുന്നത് വരെ കാത്തിരിക്കണമെന്നും അജിത് മിശ്ര കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

