ബഹ്റൈൻ ജ്വല്ലറി അറേബ്യ പ്രദർശനം നവംബർ 25 മുതൽ
text_fieldsമനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, ജ്വല്ലറി അറേബ്യ എക്സിബിഷനും അറേബ്യൻ പെർഫ്യൂം എക്സിബിഷനും നവംബർ 25 മുതൽ 29 വരെ ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. മേഖലയിലെ ഏറ്റവും അഭിമാനകരമായ ഈ ആഡംബര റീട്ടെയിൽ ഇവന്റിന്റെ 33ാം പതിപ്പും, അറേബ്യൻ പെർഫ്യൂം എക്സിബിഷന്റെ മൂന്നാം പതിപ്പുമാണ് ഇത്തവണ അരങ്ങേറുന്നത്. ഇവന്റിന്റെ സംഘാടകരായ ‘ഇൻഫോർമ ബഹ്റൈൻ’ സന്ദർശകർക്കും പ്രദർശകർക്കും മികച്ച അനുഭവം നൽകുന്നതിനായി നിരവധി ഡിജിറ്റൽ മെച്ചപ്പെടുത്തലുകളും സേവന നവീകരണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആറ് പ്രത്യേക ഹാളുകളിലായി 700ലധികം പ്രാദേശിക, അന്താരാഷ്ട്ര എക്സിബിറ്റർമാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 51,000ത്തിലധികം സന്ദർശകരെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ അവശ്യ ഇവന്റ് വിവരങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുന്ന നവീകരിച്ച മൊബൈൽ ആപ്ലിക്കേഷൻ ഇത്തവണത്തെ പ്രധാന പ്രത്യേകതയാണ്.
പ്രദർശന ഹാളുകൾ, പാർക്കിങ്, പ്രവേശന കവാടങ്ങൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്ന ഇന്ററാക്ടിവ് മാപ് ഇതിൽ ഉൾപ്പെടുന്നു. പങ്കെടുക്കുന്ന ബ്രാൻഡുകളുടെ വിശദമായ ഡയറക്ടറി, ഇഷ്ടമുള്ളവ ബുക്ക്മാർക്ക് ചെയ്യാനുള്ള സൗകര്യം, എക്സ് ക്ലൂസിവ് ഓഫറുകളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ എന്നിവയും ആപ്പിലുണ്ട്. നൂതനത്വം, ആഡംബരം, ആതിഥേയത്വം എന്നിവയുടെ അടിസ്ഥാനത്തിൽ, അന്താരാഷ്ട്ര ഇവന്റുകൾക്കും മികച്ച റീട്ടെയിൽ അനുഭവങ്ങൾക്കുമുള്ള പ്രധാന കേന്ദ്രമായി ബഹ്റൈന്റെ സ്ഥാനം ഈ പ്രദർശനം വീണ്ടും ഉറപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

