സജീവമായി ഐ.പി.ഒ വിപണി
text_fieldsഓഹരി വിപണി വൻ വീഴ്ചയിൽനിന്ന് കരകയറിയതോടെ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ)കളും സജീവമായി. കഴിഞ്ഞ സെപ്റ്റംബർ മുതൽ വിപണി ഇടിഞ്ഞതോടെ ഓഹരി വിൽപനയുമായി എത്തിയ കമ്പനികൾക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പല കമ്പനികളും ഐ.പി.ഒ നീട്ടിവെച്ചു. ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്.
കേരള കമ്പനിയായ ലീല ഗ്രൂപ്പിന് കീഴിലെ ശ്ലോസ് ബാംഗ്ലൂർ ലിമിറ്റഡ് ജൂൺ രണ്ടിന് ലിസ്റ്റ് ചെയ്യും. 3500 കോടിയാണ് കമ്പനി പ്രഥമ വിപണിയിൽനിന്ന് സമാഹരിക്കുന്നത്.
ഏജിസ് വോപാക് ടെർമിനൽസ്, പ്രോസ്റ്റാം ഇൻഫോ സിസ്റ്റം, സ്കോഡ ട്യൂബ്സ്, നെപ്ട്യൂൺ പെട്രോകെമിക്കൽസ്, എൻ.ആർ. വന്ദന ടെക്സ്, അസ്റ്റോണിയ ലാബ്സ്, ബ്ലൂ വാട്ടർ ലോജിസ്റ്റിക്സ്, നികിത പേപ്പേഴ്സ്, ബൊറാന വേവ്സ്, ദാർ ക്രെഡിറ്റ് ആൻഡ് കാപിറ്റൽ, ബെൽറൈസ് ഇൻഡസ്ട്രീസ്, യുനിഫൈഡ് ഡാറ്റ ടെക്, ത്രീ ബി ഫിലിംസ് എന്നീ കമ്പനികളുടെ അപേക്ഷ സമയം കഴിഞ്ഞ ദിവസം അവസാനിച്ചു.
ഈയാഴ്ച ലിസ്റ്റ് ചെയ്യും. ഹീറോ ഫിൻകോർപ് കഴിഞ്ഞ ദിവസം 3600 കോടിയുടെ ഐ.പി.ഒക്ക് സെബിയുടെ അംഗീകാരം നേടി. ഓഹരി ബ്രോക്കിങ് കമ്പനിയായ ഗ്രോ ഐ.പി.ഒക്കായി സെബിക്ക് രേഖകൾ സമർപ്പിച്ചു.
ജൂണിൽ എസ്.എസ്.ഡി.എൽ (3000 കോടി രൂപ), ട്രാവൽ ഫുഡ് (2000 കോടി), ശ്രീ ലോട്ടസ് ഡെവലപേഴ്സ് (800 കോടി), ലക്ഷ്മി ഇന്ത്യ (200 കോടി), ഇൻഡോ ഗൾഫ് ക്രോപ്സയൻസസ് (300) എന്നീ പ്രധാന കമ്പനികൾ ഐ.പി.ഒയുമായി എത്തുന്നു. കഴിഞ്ഞ വർഷങ്ങളിലെ ബുൾ മാർക്കറ്റിൽ ലഭിച്ചത് പോലെയുള്ള ലിസ്റ്റിങ് നേട്ടം സമീപകാല ഐ.പി.ഒകൾക്ക് ലഭിച്ചിട്ടില്ല.
ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോ, ബജാജ് ഗ്രൂപ്പിന് കീഴിലെ ബജാജ് എനർജി, ഇ-കോമേഴ്സ് കമ്പനിയായ സ്നാപ് ഡീൽ, മീഷോ, ഓഹരി ഡെപോസിറ്ററി സർവിസ് നൽകുന്ന എൻ.എസ്.ഡി.എൽ, ഇലക്ട്രോണിക് ഉൽപന്നങ്ങളിലെ അതികായരായ എൻ.ജി ഇലക്ട്രോണിക്സ്, എ.ഡി.എഫ്.സി ബാങ്കിന്റെ അനുബന്ധ കമ്പനിയായ എച്ച്.ബി.ഡി ഫിനാൻഷ്യൻ സർവിസസ്, നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ തുടങ്ങി നിരവധി പ്രമുഖ കമ്പനികൾ ഐ.പി.ഒ ഈ വർഷമുണ്ടാകും.
വേണം കരുതൽ
ചാകര പോലെ ഐ.പി.ഒ വരുന്നതും ഏതാണ്ടെല്ലാത്തിനും നല്ല ലിസ്റ്റിങ് നേട്ടമുണ്ടാവുകയും ചെയ്യുന്നതിനാൽ സെബി അടുത്തിടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. എങ്കിലും ആത്യന്തികമായി കരുതൽ വേണ്ടത് നിക്ഷേപകന് തന്നെയാണ്. ദീർഘകാല നിക്ഷേപം ഉദ്ദേശിക്കുന്നവർ വിപണി അന്തരീക്ഷത്തേക്കാൾ കമ്പനിയുടെ ലാഭക്ഷമതയും ഭാവി വികസന സാധ്യതയുമാണ് പരിശോധിക്കേണ്ടത്.
ഐ.പി.ഒയുമായി എത്തുന്ന പല കമ്പനികളും അമിതവില നിശ്ചയിക്കുന്നതിനാൽ കമ്പനികളുടെ ഫണ്ടമെന്റൽ പരിശോധിക്കുന്നതോടൊപ്പം ന്യായവിലയാണെന്നും ഉറപ്പാക്കണം. അമിത വിലയാണെങ്കിൽ ലിസ്റ്റിങ്ങിന് ശേഷം വാങ്ങാം എന്ന് കരുതുകയാണ് നല്ലത്.
എന്താണ് ഗ്രേ മാർക്കറ്റ് പ്രീമിയം
ലിസ്റ്റിങ് നേട്ടം പ്രതീക്ഷിച്ച് ഐ.പി.ഒക്ക് അപേക്ഷിക്കുന്നവർക്ക് ഗ്രേ മാർക്കറ്റ് പ്രീമിയം അഥവാ ജി.എം.പി പരിശോധിക്കാം. നിക്ഷേപകരുടെ മൊത്തത്തിലുള്ള താൽപര്യത്തിന്റെയും ലിസ്റ്റിങ് വിലയെക്കുറിച്ചുള്ള പ്രതീക്ഷയുടെയും സൂചകമാണിത്. ഓൺലൈനിൽ പരിശോധിക്കാൻ കഴിയും.
ബിഡ്ഡിങ് വിലയേക്കാൾ മികച്ച നിലയിൽ ലിസ്റ്റ് ചെയ്യാൻ സാധ്യത സൂചിപ്പിക്കുന്നതാണ് ഉയർന്ന ജി.എം.പി. കുറഞ്ഞ ജി.എം.പി ദുർബലമായ ഡിമാൻഡിനെയാണ് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

