ചരിത്രം കുറിച്ച് മ്യൂച്ച്വൽ ഫണ്ടുകൾ; ആസ്തി 50 ലക്ഷം കോടി കടന്നു
text_fieldsമുംബൈ: ആഭ്യന്തര വിപണിയിൽ മ്യൂച്ച്വൽ ഫണ്ടുകൾ ശക്തമായ വളർച്ചയിലെന്ന് റിപ്പോർട്ട്. ചരിത്രത്തിൽ ആദ്യമായി മ്യൂച്ച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 50 ലക്ഷം കോടി കടന്നു. ഒക്ടോബർ അവസാനത്തോടെ മ്യൂച്ച്വൽ ഫണ്ട് ആസ്തി 50.6 ലക്ഷം കോടി രൂപയാണ്. രണ്ട് വർഷത്തിനിടെയാണ് ആസ്തി ഇരട്ടിയായത്. 15 മാസത്തിനുള്ളിൽ മ്യൂച്ച്വൽ ഫണ്ടുകളിലേക്ക് ഒഴുകിയത് 10 ലക്ഷം കോടി രൂപയാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്തത് മ്യൂച്ച്വൽ ഫണ്ടുകളാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ (എസ്.ഐ.പി) ജനപ്രിയമായതോടെയാണ് മ്യൂച്ച്വൽ ഫണ്ടുകളുടെ ആസ്തി കുതിച്ചുയർന്നത്.
കുടുംബങ്ങൾക്ക് ഓഹരി വിപണികളിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയവും കാര്യക്ഷമവുമായ മാർഗങ്ങളിലൊന്നായി മ്യൂച്വൽ ഫണ്ടുകൾ എങ്ങനെ മാറിയെന്നാണ് ഈ നാഴികക്കല്ല് ചൂണ്ടിക്കാണിക്കുന്നതെന്ന് എഡൽവീസ് മ്യൂച്ച്വൽ ഫണ്ടിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ രാധിക ഗുപ്ത പറഞ്ഞു. നിക്ഷേപകരുടെ ആത്മവിശ്വാസം വളർത്തിയെടുക്കാൻ വർഷങ്ങളോളം കമ്പനികളും മ്യൂച്വൽ ഫണ്ടുകൾ സുതാര്യവും സുഗമവുമായ നിക്ഷേപ മാർഗമാണെന്ന് ഉറപ്പാക്കാൻ റെഗുലേറ്റർമാരും നടത്തിയ പരിശ്രമമാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് അവർ അവകാശപ്പെട്ടു.
ഈ വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ മ്യൂച്ച്വൽ ഫണ്ടുകൾക്ക് 2.9 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. തുടക്കത്തിൽ നേരിയ ഇടിവ് നേരിട്ടെങ്കിൽ എസ്.ഐ.പി നിക്ഷേപം വീണ്ടും ഓരോ മാസവും പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ഒക്ടോബറിൽ മാത്രം എസ്.ഐ.പി നിക്ഷേപം 29,529 കോടി രൂപയായിരുന്നു. മാത്രമല്ല, നിക്ഷേപം വർധിച്ചതോടെ മ്യൂച്ച്വൽ ഫണ്ടുകളുടെ ഓഹരി വാങ്ങലും പുതിയ റെക്കോഡ് തൊട്ടു. കഴിഞ്ഞ വർഷം 4.3 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് മ്യൂച്ച്വൽ ഫണ്ടുകൾ വാങ്ങിക്കൂട്ടിയത്. എന്നാൽ, ഈ വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ നിക്ഷേപം നാല് ലക്ഷം കോടി രൂപയിലെത്തി.
ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന കമ്പനികളുടെ മൊത്തം വിപണി മൂലധനത്തിൽ 11 ശതമാനം മ്യൂച്ച്വൽ ഫണ്ട് കമ്പനി നിക്ഷേപമാണ്. വിദേശ നിക്ഷേപകർ കനത്ത വിൽപന നടത്തിയിട്ടും ഓഹരി വിപണിക്ക് കാര്യമായ നഷ്ടമുണ്ടാകാതിരുന്നത് മ്യൂച്ച്വൽ ഫണ്ടുകളുടെ ശക്തമായ സാന്നിധ്യമാണ്. ആഭ്യന്തര ഓഹരി വിപണിയിൽ വിദേശികളേക്കാൾ കൂടുതൽ മ്യൂച്ച്വൽ ഫണ്ടുകൾക്ക് നിക്ഷേപമുണ്ടാകുന്ന കാലം അതിവിദൂരമല്ലെന്ന് പ്രൈം ഡാറ്റബേസിന്റെ എം.ഡി പ്രണവ് ഹാൽഡിയ പറഞ്ഞു. ആത്മനിർഭരത (സ്വാശ്രയത്വം) ലക്ഷ്യമാക്കിയാണ് വിപണി കുതിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

