അടുപ്പിൽ തിളക്കുന്നത് വ്യാജനോ? ഒരു മാസത്തിനിടെ 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടികൂടി
text_fieldsതിരുവനന്തപുരം: ഒരു മാസത്തിനിടെ സംസ്ഥാനത്ത് 1,014 പരിശോധനകൾ നടത്തി 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രി വീണ ജോർജ്. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കേരസൂര്യ, കേര ഹരിതം, കുട്ടനാടൻ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിർമാതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ഏപ്രിൽ മുതൽ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷ പരിശോധനകളാണ് നടത്തിയത്. 331 സ്ഥാപനങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്തു. 1613 സ്ഥാപനങ്ങളിൽ നിന്നും 63 ലക്ഷം രൂപ പിഴ ഈടാക്കി.
വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾ, റീ പാക്കിങ് യൂണിറ്റുകൾ, മൊത്ത-ചില്ലറ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.
കൂടുതൽ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തും. ഉപഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
വില കൂടുന്തോറും മായവും കൂടുന്നു
വെളിച്ചെണ്ണ വില കുത്തനെ ഉയർന്നതിനാൽ മായം ചേർക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കേരളത്തിലാണ് ഏറ്റവും കൂടുതൽ വ്യാജൻ പിടിമുറുക്കിയിട്ടുള്ളത്. ബ്രാൻഡുകളുടെ ഉൾപ്പെടെ പേരുപയോഗിച്ച് നിരവധി വ്യാജൻമാർ വിപണിയിലുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. വാസനയും നിറവും ലഭിക്കുന്നതിന് വെളിച്ചെണ്ണയിൽ പാം ഓയിൽ, സൺഫ്ളവർ ഓയിൽ എന്നിവ ചേർക്കുന്നുവെന്നും പറയുന്നു.
ആരോഗ്യത്തിന് ഹാനികരമായ പാംകേർണൽ ഓയിൽ, പാരഫീൻ ഓയിൽ എന്നിവയും വ്യാപകമായി ചേർക്കുന്നുണ്ട്. അമിത ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഓണക്കാലമാകുന്നതോടെ വെളിച്ചെണ്ണക്ക് ഡിമാൻഡ് കൂടും. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപനക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.
അതിനിടെ, ഓണത്തിന് മുമ്പ് വെളിച്ചെണ്ണക്ക് ഇനിയും വില കുറയുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. നിലവില്‍ സപ്ലൈകോ വഴി ലഭ്യമാകുന്ന വെളിച്ചെണ്ണയുടെ സബ്സിഡി നിരക്ക് ലിറ്ററിന് 349 രൂപയാണ്. 429 രൂപയാണ് സബ്സിഡിയിതര നിരക്ക്. ഈ രണ്ട് നിരക്കും എത്രത്തോളം കുറക്കാന്‍ കഴിയുമെന്ന് ചർച്ച ചെയ്യും. തുടർന്ന് പുതിയ വില പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

