സ്വര്‍ണ വില ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
text_fieldsദുബൈ: യു.എ.ഇയിൽ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വെള്ളിയാഴ്ച 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 184.50 ദിര്‍ഹമാണ് നിരക്ക്. വ്യാഴാഴ്ച വൈകീട്ട് 185.75 ദിര്‍ഹമായിരുന്നു. വിലക്കുറവിനൊപ്പം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി യു.എ.ഇയിലെ ഏതാണ്ടെല്ലാ ജ്വല്ലറികളും വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലെ ഇളവുകള്‍ക്ക് പുറമെ നിശ്ചിത അളവ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പല ജ്വല്ലറികളും വാഗ്ദാനം ചെയ്യുന്നത്. വില കുറയുന്ന സമയത്ത് അഡ്വാന്‍സ് ബുക്കിങ് സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ദീപാവലി അടുത്തതോടെ ഇന്ത്യൻ പ്രവാസികൾ സ്വർണം വാങ്ങാൻ കൂടുതലായി എത്തിച്ചേരുന്നുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില കുറയുകയാണ്. ഇന്ന് ഔണ്‍സിന് 1619 ഡോളറാണ് വില. കഴിഞ്ഞ ദിവസം ഔണ്‍സിന് 1644 ഡോളറായിരുന്നു. ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ ദിവസങ്ങള്‍ക്കകം തന്നെ അന്താരാഷ്ട്ര വിപണിയിലെ വില ഔണ്‍സിന് 1610 ഡോളര്‍ എന്ന നിലയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
വില കുറയുമ്പോൾ സാധാരണ സ്വർണ വിൽപനയിൽ വർധനയുണ്ടാകാറുണ്ട്. ആഘോഷ സീസണുകളിലും വിൽപനയിൽ അപ്രതീക്ഷിതമായ മുന്നേറ്റം കാണിക്കാറുള്ളതാണ്. ഈ ആഴ്ചയിൽ വിലക്കുറവും ദീപാവലി ആഘോഷവും ഒന്നിച്ചെത്തിയതാണ് തിരക്കിന് കാരണമായത്. ഫെബ്രുവരിയിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച സഹകരണ കരാറിനെ തുടർന്ന് 5 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയത് സ്വർണ വ്യാപാര മേഖലക്ക് വലിയ ഉണർവ് പകർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുറവും വിപണിയെ സജീവമാക്കിയിരിക്കുന്നത്. ഇന്ത്യക്കാർ ധാരാളമായി സ്വർണാഭരണങ്ങൾ വാങ്ങാൻ യു.എ.ഇയെ തിരഞ്ഞെടുക്കുന്നുണ്ട്. വിസിറ്റ് വിസയിൽ വന്നു മടങ്ങുന്നവർ പോലും നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനമായും മറ്റും സ്വർണം കരുതാറുണ്ട്. വിലക്കുറവുകൂടി എത്തിയതോടെ പ്രവാസികൾ കൂടുതലായി സ്വർണം വാങ്ങാനെത്തുന്നതായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നു. യു.എസ് ഡോളർ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ശക്തമായതാണ് സ്വർണ വിലയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ. വിലക്കുറവ് കുറച്ചു ദിവസങ്ങൾകൂടി തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

