രോഗബാധയും ഉൽപാദനക്കുറവും; തേങ്ങക്കും വെളിച്ചെണ്ണക്കും വില ഉയരാൻ സാധ്യത
text_fieldsകോട്ടയം: സംസ്ഥാനത്ത് നാളികേരത്തിനും വെളിച്ചെണ്ണക്കും വരുംമാസങ്ങളിൽ വിപണിയിൽ വില ഉയരാൻ സാധ്യത. ശബരിമല മണ്ഡലകാലം മുതൽ ജനുവരിവരെ വില ഉയർന്നനിലയിൽ തുടരുമെന്നാണ് സൂചന. സംസ്ഥാനത്ത് മികച്ച വിപണി ലഭിച്ചതോടെ തമിഴ്‌നാട്ടിലും നാളികേരവില കുതിച്ചുയർന്നിരിക്കുകയാണ്. കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ തേങ്ങയെ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിറ്റഴിക്കുന്നതും വിപണിയിലെ ക്ഷാമത്തിന് കാരണമാകുന്നു. ലക്ഷദ്വീപ് തേങ്ങ വൻകിട എണ്ണ മില്ലുകൾ നേരിട്ട് വാങ്ങി സംസ്കരിക്കുന്നതിനാൽ സംസ്ഥാന മാർക്കറ്റിൽ വിൽപനക്ക് എത്തുന്നില്ല.
വൈക്കം, തലായാഴം, കുമരകം, വെച്ചൂർ തുടങ്ങിയ മേഖലകളാണ് ജില്ലയിലെ പ്രധാന നാളികേര ഉൽപാദന മേഖലകൾ. എന്നാൽ, തെങ്ങിന് രോഗബാധയും ഉൽപാദനക്കുറവും ചേർന്ന് ഇവിടെയും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജില്ലയിലെ മാർക്കറ്റുകളിലേക്ക് തേങ്ങ കൂടുതലായി എത്തുന്നത് പൊള്ളാച്ചി, നാഗർകോവിൽ, കന്യാകുമാരി, തേനി തുടങ്ങിയ തമിഴ്‌നാട് പ്രദേശങ്ങളിൽ നിന്നാണ്. ഇവിടുത്തെ തേങ്ങയുടെ തൂക്കം കൂടുതലായിരുന്നാലും കാമ്പും രുചിയും കുറവാണ്. വേഗം കേടാകുന്നതിനാൽ വ്യാപാരികൾക്ക് കൂടുതൽ അളവിൽ സ്റ്റോക്ക് ചെയ്യാനാവാത്ത അവസ്ഥയാണ്.
ഓണത്തിന് മുന്നോടിയായി വില 80 രൂപവരെ കയറിയ നാളികേര വില സർക്കാർ ഇടപെടലിനെത്തുടർന്ന് 70 രൂപ വരെ താഴ്ന്നിരുന്നു. സപ്ലൈകോ മുഖേന ഔട്ട്‌ലെറ്റുകളിൽ 319 രൂപക്ക് വെളിച്ചെണ്ണ ലഭ്യമാക്കിയതോടെ അന്ന് വിപണിവില കുറയുകയുണ്ടായി. കൃഷിവകുപ്പിന്‍റെ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് നാളികേര ഉൽപാദനം ഇക്കൊല്ലം 15 ശതമാനം വരെ കുറവാണ്. കരിക്കിന് ഡിമാൻഡ് കൂടിയതും തേങ്ങാപ്പാൽ, തേങ്ങാപ്പൊടി മുതലായ ഉൽപന്നങ്ങളിലേക്കുള്ള നീക്കവും വില ഉയരാൻ കാരണമായി. നിലവിൽ ഒരുകിലോ തേങ്ങയുടെ ചില്ലറവില 75 മുതൽ 85 രൂപവരെ എത്തി.
പൊതിക്കാത്ത തേങ്ങക്ക് മൊത്തവിപണിയിൽ 40 മുതൽ 45 രൂപവരെയാണ് വില. മണ്ഡലകാലത്ത് നെയ് തേങ്ങക്കുള്ള ആവശ്യകത കൂടുമെന്ന് വ്യാപാരികൾ പറയുന്നു. ചെറുതേങ്ങയുടെ ആവശ്യത്തിനായി തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾ ഇതിനകം തന്നെ സ്റ്റോക്ക് തുടങ്ങിക്കഴിഞ്ഞു. ഇതിന് പിന്നാലെ വെളിച്ചെണ്ണ വിൽപനയും വർധിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

