Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightഇന്ത്യ-യു.എസ് വ്യാപാര...

ഇന്ത്യ-യു.എസ് വ്യാപാര കരാർ; അ​ട​വോ, അ​ടി​യ​റ​വോ?

text_fields
bookmark_border
Donald Trump and Narendra Modi
cancel
camera_alt

1. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2. പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ ചട്ടക്കൂട് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പുറത്തുവരുമ്പോൾ ഈ ഉടമ്പടിയിൽ ആർക്കാണ് നേട്ടം എന്ന ചോദ്യം കൂടുതൽ ശക്തമായി ഉയരുകയാണ്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യു.എസ് രണ്ട് ഘട്ടങ്ങളിലായി ഏർപ്പെടുത്തിയ 50 ശതമാനം ഇറക്കുമതിത്തീരുവ 18 ശതമാനത്തിലേക്ക് താഴ്ത്തിയ കാര്യം ചൂണ്ടിക്കാട്ടി അതിനെ‘മികച്ച ഡീൽ’ എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശേഷിപ്പിക്കുമ്പോഴും ഉടമ്പടിയിലെ പഴുതുകളിൽ ചൂഷണത്തിന്റെയും വ്യാപാരാധിനിവേശത്തിന്റെയും കുത്തകവത്കരണത്തിന്റെയും അപായസൂചനകൾ വ്യക്തം. കണിശമായ വ്യവസ്ഥകളിലൂടെ, ‘സ്വതന്ത്ര വ്യാപാരം’ എന്ന ഇന്ത്യയുടെ അവകാശത്തെ വലിയ അളവിൽ ഹനിക്കാൻ ഈ കരാറിലൂടെ യു.എസിനും ട്രംപിനും കഴിഞ്ഞിട്ടുണ്ട്; ഇന്ത്യയുടെ വ്യാപാരങ്ങൾ തുടർച്ചയായി നിരീക്ഷിക്കാനും വ്യവസ്ഥകൾ ലംഘിച്ചാൽ പിഴ ചുമത്താനും വരെ വകുപ്പുണ്ട് ഈ കരാറിൽ.

2025 ജൂലൈ 25. മൂന്ന് വർഷത്തെ ചർച്ചക്കുശേഷം ഇന്ത്യ-യു.കെ വ്യാപാര കരാറിന് അന്തിമ ധാരണയായതും ചട്ടക്കൂട് പ്രഖ്യാപിച്ചതും ആ ദിവസമായിരുന്നു. തലേന്നാൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെയായിരുന്നു കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയലും ബ്രിട്ടീഷ് വ്യവസായ മന്ത്രി ജൊനാഥൻ റെയ്നോൾഡ്സും കരാറിൽ ഒപ്പുവെച്ചത്. രണ്ടാഴ്ച മുമ്പ് ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള വ്യാപാര കരാർ ഒപ്പുവെച്ചതും ഏതാണ്ട് ഇതേ രീതിയിലായിരുന്നു.

യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുടെ സാന്നിധ്യത്തിൽ മോദി കരാറിൽ ഒപ്പുവെക്കുകയായിരുന്നു. എന്നാൽ, ഒരു വർഷമായി തുടരുന്ന ഇന്ത്യ-യു.എസ് വ്യാപാര ചർച്ചയിലേക്ക് വരുമ്പോൾ അവിടെ ഇത്തരം പ്രോട്ടോകോൾ ഒന്നുമില്ല. സർവം തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതുമെല്ലാം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്.

2026 ഫെബ്രുവരി രണ്ട്: സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ ‘ട്രൂത്തി’ൽ പ്രത്യക്ഷപ്പെട്ട ട്രംപ് ‘ഞങ്ങൾ കരാറിലെത്തിയിരിക്കുന്നു’വെന്ന് പറയുമ്പോഴാണ് ലോകം ആ വിവരമറിയുന്നത്. ആ പോസ്റ്റിലെ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി മാധ്യമങ്ങൾക്ക് വാർത്ത നൽകേണ്ടിവന്നു. ഇന്ത്യക്കുള്ള ഇറക്കുമതിത്തീരുവ 18 ശതമാനമാക്കി കുറച്ചു, അമേരിക്കയുടെ കാർഷിക, പാൽ ഉൽപന്നങ്ങൾക്കുള്ള നികുതി ഇന്ത്യ എടുത്തുകളഞ്ഞു, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തും, 50,000 കോടി ഡോളറിന്റെ വ്യാപാരത്തിന് ഇന്ത്യ സമ്മതംമൂളി തുടങ്ങിയ വിവരങ്ങളായിരുന്നു ആ പോസ്റ്റിലുണ്ടായിരുന്നത്.

പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ചശേഷമാണ് ഈ കുറിപ്പെന്നും അതിലുണ്ടായിരുന്നു. തൊട്ടുടനെ, ട്രംപിന് നന്ദി അറിയിച്ചുള്ള മോദിയുടെ ‘എക്സ്’ പോസ്റ്റും വന്നു. പിന്നീട്, പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കൊടുവിലാണ് പിയൂഷ് ഗോയൽ വാർത്തസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത്. അപ്പോഴും അവ്യക്തത അവശേഷിച്ചിരുന്നു. ഇപ്പോൾ, കരാറിന്റെ ചട്ടക്കൂടിലും അവ്യക്തത പൂർണമായും നീങ്ങി എന്ന് പറയാനായിട്ടില്ല.

ട്രംപിന്റെ വ്യാപാര യുദ്ധം

രാഷ്ട്രാന്തരീയ വ്യാപാരങ്ങൾ പരമാവധി സ്വതന്ത്രവും സുതാര്യവുമാക്കുക എന്നതാണ് ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) മൗലികലക്ഷ്യമായി ഭരണഘടനയിൽ എഴുതിച്ചേർത്തിരിക്കുന്നത്. ഈ പ്രഖ്യാപിത നിലപാടിനെയും സംഘടനയെത്തന്നെയും തീർത്തും അപ്രസക്തമാക്കി വൻശക്തി രാഷ്ട്രങ്ങൾ പോരിനൊരുങ്ങിയിരിക്കുകയാണ്. അതിനെ ആഗോള മാധ്യമങ്ങൾ ‘വ്യാപാരയുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്. 2018 മാർച്ചിൽ അലൂമിനിയത്തിനും സ്റ്റീലിനും യഥാക്രമം പത്തും 25ഉം ശതമാനം വീതം ഇറക്കുമതിത്തീരുവ വർധിപ്പിച്ചാണ് അമേരിക്ക വ്യാപാരയുദ്ധത്തിന് തുടക്കമിട്ടത്.

അമേരിക്കയിലെ സ്വന്തക്കാരായ സ്റ്റീൽ, അലൂമിനിയം വ്യാപാരികൾക്ക് വൻ ലാഭം എത്തിച്ചുകൊടുക്കുന്നതിനോടൊപ്പം ഈ മേഖലയിൽ ഏറ്റവും കൂടുതൽ കയറ്റുമതിചെയ്യുന്ന ചൈനയെ തളർത്തുക എന്നതായിരുന്നു ട്രംപിന്റെ ലക്ഷ്യം. ചൈനയെ മാത്രമല്ല ഇതു ബാധിച്ചത്. ആസ്ട്രേലിയ, ബ്രസീൽ ഒഴികെയുള്ള ഏതാണ്ടെല്ലാ രാജ്യങ്ങൾക്കും ഇത് തിരിച്ചടിയായി. തീരുമാനം പുനഃപരിശോധിക്കണമെന്ന ഡബ്ല്യു.ടി.ഒയുടെ ആവശ്യം ട്രംപ് തള്ളിയതോടെ പല രാജ്യങ്ങളും സമാന രീതിയിൽ വിവിധ ഉൽപന്നങ്ങളുടെയും തീരുവ വർധിപ്പിച്ചു.

കേ​ന്ദ്ര മ​​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ വാ​ഷി​ങ്ട​ണി​ൽ യു.​എ​സ് വാ​ണി​ജ്യ സെ​ക്ര​ട്ട​റി ഹ​വാ​ർ​ഡ് ലു​ത്‍വി​ക്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ (2025 മെ​യ്)

അമേരിക്കയിൽനിന്നുള്ള 659 ഉൽപന്നങ്ങളുടെ തീരുവ 25 ശതമാനം വർധിപ്പിച്ചാണ് ചൈന പകരം ചോദിച്ചത്. ഇത്രയും ഉൽപന്നങ്ങൾ ചൈനയിൽ ഇറക്കുമതിചെയ്യണമെങ്കിൽ അമേരിക്കക്ക് 50 ബില്യൺ ഡോളറിന്റെ അധികബാധ്യത വരും. അതേ രീതിയിൽ കാനഡയും മെക്സികോയും യൂറോപ്യൻ യൂനിയനും തുർക്കിയയും ഇറക്കുമതിത്തീരുവ വർധിപ്പിച്ച് അമേരിക്കയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചുവെങ്കിലും ട്രംപ് തീരുമാനം കനപ്പിച്ചു. 20,000 കോടി ഡോളറിന്റെ ഇറക്കുമതിത്തീരുവ ചൈനക്കുമേൽ പിന്നെയും ഏർപ്പെടുത്തി ആഗോള വ്യാപാരക്രമത്തിന്റെ കുത്തക കൈവശപ്പെടുത്താൻ തന്നെയാണ് തീരുമാനമെന്ന് സ്വന്തം രാജ്യത്തുനിന്നുള്ള വിമർശനങ്ങൾക്കിടയിലും അദ്ദേഹം പ്രഖ്യാപിച്ചു.

രണ്ടാം വരവിൽ കൂടുതൽ ‘ആക്രമണോത്സുക’ മനോഭാവത്തിൽ ഭരണചക്രം തിരിക്കുന്ന ട്രംപിന്റെ ‘പകരച്ചുങ്ക’ നടപടി ലോകത്തെയാകെ പിടിച്ചുകുലുക്കി. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് ശക്തമായ പ്രഹരമേൽപിച്ചാണ് അദ്ദേഹം വ്യാപാര യുദ്ധം പുനരാരംഭിച്ചത്. കൂട്ടത്തിൽ വലിയ അടി കിട്ടിയ രാജ്യങ്ങളിലൊന്നായി ഇന്ത്യ. 26 ശതമാനമാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിയത്. പിന്നീട് അത് 25 ശതമാനം എന്ന് തിരുത്തി. ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് നയതന്ത്ര ചർച്ച പുരോഗമിക്കുന്നതിനിടെ അടുത്ത പ്രഹരം: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ പിഴയായി 25 ശതമാനം അധിക നികുതി ചുമത്തി. അങ്ങനെ ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിത്തീരുവ 50 ശതമാനത്തിലെത്തി. അതാണിപ്പോൾ കണിശമായ വ്യവസ്ഥകളോടെ 18 ശതമാനത്തിലെത്തിച്ചിരിക്കുന്നത്.

ഇന്ത്യയുമായി വ്യാപാര ചർച്ച നടക്കുന്നതിനിടെ, ആഗോള തലത്തിൽ വ്യാപാര യുദ്ധത്തിന് അറുതിവരുത്തുന്നതിനുള്ള ശ്രമങ്ങളും യു.എസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കാരണം, ഈ യുദ്ധത്തിൽ യു.എസിനും നഷ്ടമുണ്ട്. 2025 ഒക്ടോബർ 30ന് ചൈനയുമായി ഉണ്ടാക്കിയ കരാർ അത്തരത്തിലൊന്നാണ്. ദക്ഷിണ കൊറിയയിലെ ബൂസാനിൽ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ചേർന്ന് നടത്തിയ ചർച്ചയിൽ മഞ്ഞുരുക്കത്തിന്റെ സൂചനയുണ്ടായി. ചൈനീസ് ഉൽപന്നങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയ 20 ശതമാനം തീരുവ പകുതിയാക്കിയപ്പോൾ മറുവശത്ത്, അപൂർവ ധാതുക്കളുടെ (റെയർ എർത്ത് എലമെന്റ്സ്) കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ചൈന ഒരു വർഷത്തേക്ക് മരവിപ്പിച്ച് സന്ധി ചെയ്തു.

വരികൾക്കിടയിൽ

തീരുവ: ഇന്ത്യയുടെ തീരുവ 18 ശതമാനമെന്ന് കരാറിൽ വ്യക്തം. എന്നാൽ, യു.എസ് ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവയോ? ‘ഇന്ത്യ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യും’ എന്ന് മാത്രമാണ് കരാറിലുള്ളത്. അതെത്ര എന്ന് ഇനിയും വ്യക്തമല്ല. ചില ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ യു.എസ് പൂർണമായി ഒഴിവാക്കിയതായി കരാറിലുണ്ട്. അതിലൊന്ന് ഫനറിക് മരുന്നുകളാണ്.

എന്നാൽ, ട്രംപിനുമുമ്പ് ഫാർമ ഉൽപന്നങ്ങൾക്ക് തീരുവ ഉണ്ടായിരുന്നില്ല. അതിനാൽ, ഈ ഇളവ് പുതിയതല്ല. 18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിലും സന്തോഷിക്കാൻ വകയില്ല. 50 ശതമാനത്തിൽനിന്ന് 18ലെത്തിയത് നല്ലതെങ്കിലും, ട്രംപിനു മുമ്പ് ഇത് എത്രയായിരുന്നുവെന്നുകൂടി പരിശോധിക്കണം. മൻമോഹൻ കാലത്ത് നടപ്പാക്കിയ ഇന്ത്യ-യു.എസ് ആണവ കരാറിനുശേഷം ഇന്ത്യയുടെ ശരാശരി തീരുവ മൂന്ന് ശതമാനത്തിൽ താഴെയായിരുന്നു. അതിപ്പോൾ 18ൽ നിജപ്പെടുത്തിയിരിക്കുന്നു.

നിരീക്ഷണം: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ല എന്ന ഉറപ്പിന്മേലാണ് 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയിരിക്കുന്നത്. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് യു.എസ് നിരീക്ഷിക്കും. ഇത് രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യ-യു.എസ് വ്യാപാരക്കരാർ: നാൾവഴികൾ

  • 2025 ഫെബ്രുവരി 13: വ്യാപാരബന്ധം ശക്തമാക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സംയുക്ത പ്രസ്താവന നടത്തുന്നു. 2030ഓടെ, വ്യാപാരം 50,000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു പ്രഖ്യാപനം.
  • 2025 മാർച്ച് നാല്: കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ യു.എസ് സന്ദർശനം. യു.എസ് ട്രേഡ് റെപ്രസന്റേറ്റിവ് ജമൈസൻ ഗ്രീർ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി.
  • 2025 ഏപ്രിൽ രണ്ട്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 26 ശതമാനം ഇറക്കുമതി (പകരച്ചുങ്കം) തീരുവ പ്രഖ്യാപിച്ചു.
  • 2025 ഏപ്രിൽ ഒമ്പത്: പകരച്ചുങ്കം 90 ദിവസത്തേക്ക് യു.എസ് മരവിപ്പിച്ചു.
  • 2025 മേയ് 17: കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ യു.എസ് സന്ദർശനം വീണ്ടും. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നു.
  • 2025 ജൂൺ നാല്: വ്യാപാര ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം ഇന്ത്യയിൽ.
  • 2025 ജൂൺ 26: വ്യാപാര ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധിസംഘം യു.എസിൽ.
  • 2025 ജൂൺ 27: ഇന്ത്യയുമായി ‘വൻ വ്യാപാര കരാറി’നൊരുങ്ങുന്നുവെന്ന് ട്രംപ്
  • 2025 ജൂലൈ 31: ഇന്ത്യക്കുമേലുള്ള 25 ശതമാനം ഇറക്കുമതി നികുതി ആഗസ്റ്റ് ഏഴിന് പ്രാബല്യത്തിൽവരുമെന്ന് യു.എസ്.
  • 2025 ആഗസ്റ്റ് ആറ്: ഇന്ത്യക്കെതിരെ യു.എസിന്റെ പിഴത്തീരുവ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി 25 ശതമാനം അധിക ഇറക്കുമതിത്തീരുവ.
  • 2025 സെപ്റ്റംബർ 22: വ്യാപാര ചർച്ചകൾക്കായി ഗോയൽ വീണ്ടും യു.എസിലേക്ക് (ഇതിനകം ആറ് റൗണ്ട് ചർച്ചകൾ കഴിഞ്ഞു).
  • 2026 ജനുവരി 12: കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ.
  • 2026 ഫെബ്രുവരി രണ്ട്: കരാറിന്റെ പ്രാഥമിക വിവരങ്ങൾ ട്രംപ് ‘ട്രൂത്ത്’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുന്നു; അൽപനേരം കഴിഞ്ഞ്, ട്രംപിന് നന്ദി അറിയിച്ച് മോദിയുടെ ‘എക്സ്’ പോസ്റ്റ്.
  • 2026 ഫെബ്രുവരി ഏഴ്: കരാർ സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറത്തുവന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia us trade dealDonald Trumpbusiness deal
News Summary - India-US trade deal; a deal or a breakthrough?
Next Story