ഇന്ത്യ-യു.എസ് വ്യാപാര കരാർ യാഥാർഥ്യമായാൽ...
text_fieldsപ്രതീകാത്മക ചിത്രം
ഇന്ത്യ -അമേരിക്ക വ്യാപാര ചർച്ചയിൽ പുരോഗതിയുണ്ടെന്നും വ്യാപാര കരാർ സമീപ ഭാവിയിൽ തന്നെ യാഥാർഥ്യമാകുമെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞു. നവംബറിൽ കരാർ യാഥാർഥ്യമാകുമെന്ന കണക്കുകൂട്ടലിലാണ് വാണിജ്യ ലോകം. കരാർ യാഥാർഥ്യമാകുന്നത് ഓഹരി വിപണിക്ക് ശുഭവാർത്തയാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ ഒഴിവാകും എന്നതുതന്നെ പ്രധാന കാരണം.
ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചപ്പോൾ പ്രതികൂലമായി ബാധിച്ച മേഖലകൾക്കാണ്, കരാർ നിലവിൽ വരുമ്പോൾ അനുകൂലമായി വരുക. പ്രധാനമായും ടെക്സ്റ്റൈൽസ്, സമുദ്രോൽപന്നങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, സ്മാർട്ട് ഫോൺ, ആഭരണങ്ങൾ, ഫാർമ തുടങ്ങിയ മേഖലകളിലാണ് ട്രംപിന്റെ തീരുവ ഇടിത്തീയയത്. കരാർ യാഥാർഥ്യത്തിലേക്ക് അടുക്കുന്നുവെന്ന സൂചന വന്നപ്പോൾ തന്നെ ഈ മേഖലകളിലെ കമ്പനി ഓഹരികളിൽ കുതിപ്പ് ദൃശ്യമായി.
തീരുവ ഒഴിവാക്കൽ അല്ലാതെ എന്തൊക്കെയാകും സ്വാധീനഘടകങ്ങൾ എന്ന് അറിയണമെങ്കിൽ എന്തൊക്കെയാണ് കരാറിലെ വ്യവസ്ഥകൾ എന്നറിയണം. ഏതൊക്കെ യു.എസ് ഉൽപന്നങ്ങൾക്കാണ് ഇന്ത്യൻ വിപണി തുറന്നുകൊടുക്കുന്നത് എന്നത് ശ്രദ്ധിക്കണം. ആ മേഖലയിലെ ഇന്ത്യൻ കമ്പനികൾക്ക് ഇത് തിരിച്ചടിയാണ്. ഇന്ത്യൻ ഓഹരി വിപണി വൻ കുതിപ്പിന്റെ വക്കിലാണെന്നും ഇന്ത്യ -യു.എസ് വ്യാപാര കരാർ പ്രഖ്യാപനം കുതിപ്പിന് നാന്ദിയാകുമെന്നും സമൂഹ മാധ്യമങ്ങളിലെ ‘വിദഗ്ധ വിശകലന’ങ്ങളിൽ പറയുന്നു.
എന്നാൽ, ഇത്തരം വാർത്താധിഷ്ഠിത മുന്നേറ്റങ്ങൾക്ക് ഏതാനും ദിവസത്തെ ആയുസ്സേ ഉണ്ടാകൂ എന്ന് മറക്കാതിരിക്കുക. ഇന്ത്യൻ വിപണി ഇപ്പോഴും അമിത മൂല്യത്തിലാണുള്ളത്. ന്യായമായ നിലവാരത്തിലേക്ക് തിരുത്തപ്പെടുകയോ കോർപറേറ്റ് വരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടാവുകയോ ചെയ്യാതെ അടുത്ത സുസ്ഥിര മുന്നേറ്റം പ്രതീക്ഷിക്കേണ്ട. ദീർഘകാല മുന്നേറ്റത്തിന് സാമ്പത്തിക ഭദ്രതയും ലാഭക്ഷമതയും ഭാവിസാധ്യതയുമൊക്കെ തന്നെയാണ് പരിഗണിക്കേണ്ടത്.
ഇന്ത്യൻ ഓഹരി വിപണി സൂചിക എക്കാലത്തെയും ഉയർന്ന നിലക്ക് തൊട്ടടുത്താണ്. അടുത്ത കുതിപ്പ് കാലം (ബുൾ റൺ) വന്നെത്തിയെന്ന് പലരും പറയുന്നു. എന്നാൽ, സൂചിക കുതിക്കുമ്പോഴും സാധാരണ നിക്ഷേപകരുടെ പോർട്ട്ഫോളിയോയിൽ അതനുസരിച്ചുള്ള മുന്നേറ്റമില്ല എന്നതാണ് സമീപകാല പ്രതിഭാസം. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഹെവി വെയ്റ്റേജ് ബ്ലൂ ചിപ്പ് ഓഹരികളിൽ ആസൂത്രിത വാങ്ങൽ നടത്തി സൂചികയെ താങ്ങിനിർത്തുകയാണ്. എസ്.ഐ.പിയായി എല്ലാ മാസവും എത്തുന്ന കോടികളാണ് അവരെ ഇതിന് സഹായിക്കുന്നത്.
ഓഹരിവിപണി സൂചികയിൽ വൻ വീഴ്ചയുണ്ടായാൽ സാധാരണ നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും എസ്.ഐ.പി വരവിനെയും അത് ബാധിക്കും. അത് സംഭവിക്കാതിരിക്കാനാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വ്യവസ്ഥാപിതമായി കരുക്കൾ നീക്കുന്നത്. ഒക്ടോബർ തുടക്കം മുതൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപനയുടെ തോത് കുറച്ചതും വിപണിക്ക് കരുത്തായി. പല ദിവസങ്ങളിലും ചെറിയ തോതിലെങ്കിലും അവർ വാങ്ങലുകാരായി.
എക്കാലത്തെയും ഉയർന്ന നിലവാരത്തിന് തൊട്ടടുത്തുനിന്ന് സൂചികയെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അടുത്തയാഴ്ച വലിച്ച് താഴെയിടാൻ സാധ്യത ഏറെയാണ്. ചാഞ്ചാട്ടം ശക്തമായിരിക്കും എന്നതിനാൽ അടുത്ത രണ്ടുമാസം സാധാരണ നിക്ഷേപകർക്ക് വെല്ലുവിളിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

