ഉയർന്ന പി.എഫ് പെൻഷൻ; അപേക്ഷകൾ നിരസിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഉയർന്ന പെൻഷനായി സമർപ്പിച്ച ഹയർ ഓപ്ഷൻ അപേക്ഷകൾ നിരസിച്ച നടപടി നിയമപരമായി പുനഃപരിശോധിക്കണമെന്ന് ഹൈകോടതി. എസ്.ബി.ഐ.ഒ.എ എജുക്കേഷൻ ട്രസ്റ്റിന് കീഴിലെ സ്കൂളിലെ അധ്യാപകർ നൽകിയ ഹരജി തീർപ്പാക്കിയാണ് രണ്ട് മാസത്തിനകം നടപടിക്ക് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടത്.
ആലുവ ജി.ടി.എൻ കമ്പനിയിലെ ജീവനക്കാരനായിരുന്ന ജൂഡ് സേവ്യറിന്റെ ഹരജിയിലും ഉയർന്ന പെൻഷൻ അനുവദിക്കാനുള്ള ജോയന്റ് ഓപ്ഷൻ അപേക്ഷ പരിഗണിക്കാൻ ഇതേ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
തൊഴിലുടമകൾ ആവശ്യമായ രേഖകൾ നൽകിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് എസ്.ബി.ഐ.ഒ.എ അധ്യാപകരുടെ അപേക്ഷ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തള്ളിയത്. ആവശ്യമായ നടപടികൾ സ്വീകരിക്കാതെ തുടർച്ചയായി അപേക്ഷകൾ നിരസിക്കുന്ന സമീപനമാണ് ഇ.പി.എഫ്.ഒ സ്വീകരിക്കുന്നതെന്നും ഹരജിയിൽ ആരോപിക്കുന്നു.
യഥാർഥ വേതനത്തിന് ആനുപാതികമായി അർഹമായ ഉയർന്ന പെൻഷൻ അനുവദിക്കാൻ ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. അതേസമയം, നിരസിച്ച അപേക്ഷകൾ പുനഃപരിശോധിക്കാനുള്ള മാർഗനിർദേശം അധികൃതർ നൽകിയിട്ടുണ്ടെന്ന് ഇ.പി.എഫ്.ഒ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ഇപ്പോൾ ലഭ്യമായ വ്യവസ്ഥ പ്രകാരം, ഹരജിക്കാരുടെ കേസുകൾ വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. തുടർന്നാണ് പുനഃപരിശോധനക്ക് കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

