കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ രണ്ട് ശതമാനം വർധിപ്പിക്കാൻ തീരുമാനം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിയർനെസ് അലവൻസ്) രണ്ടുശതമാനം വർധിപ്പിക്കും. ക്ഷാമബത്ത വർധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വിലക്കയറ്റത്തിന്റെ ആഘാതം കുറക്കുന്നതിനായി ശമ്പളത്തിന്റെയോ പെൻഷന്റെയോ കൂടെ നൽകുന്ന ഒരു പ്രത്യേക അലവൻസാണ് ഡി.എ. ഉപഭോക്തൃ വില സൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) അടിസ്ഥാനമാക്കി വർഷത്തിൽ രണ്ടുതവണ, ജനുവരിയിലും ജൂലൈയിലും സാധാരണയായി ഇത് പരിഷ്കരിക്കാറുണ്ട്. എന്നാൽ ഇത്തവണ ഡി.എ പ്രഖ്യാപനം വൈകിയിരുന്നു. സാധാരണയായി സെപ്റ്റംബർ അവസാനത്തിൽ ശമ്പള വർധനവ് പ്രഖ്യാപിച്ച് ഒക്ടോബർ ആദ്യം കുടിശ്ശിക നൽകുമെന്നും ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ഡി.എ പ്രഖ്യാപനം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
13,000 കോടി രൂപയുടെ സോവറിൻ മാരിടൈം ഫണ്ട് രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും ഇന്ത്യയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന കപ്പലുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നതാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. ഇതിനുപുറമെ, പ്രധാനമന്ത്രി ഗ്രാം സഡക് യോജന 2028 വരെ നീട്ടുന്നതിനും 3,000 കോടി രൂപ അധികമായി അനുവദിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
അതേസമയം, മന്ത്രിസഭാ യോഗത്തിൽ വനിതാ സംവരണ ബില്ലിനെ പിന്തുണക്കാൻ വിസമ്മതിച്ച പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമർശിച്ചു. ബില്ലിനെ പിന്തുണക്കാത്തതിലൂടെ പ്രതിപക്ഷം ഗുരുതരമായ തെറ്റ് ചെയ്തുവെന്നും ഭാവിയിൽ രാഷ്ട്രീയമായി വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

