Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോര്‍പറേറ്റ് ടാക്‌സ് റിട്ടേണുകള്‍ 30നകം സമര്‍പ്പിക്കണമെന്ന് യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി

text_fields
bookmark_border
കോര്‍പറേറ്റ് ടാക്‌സ് റിട്ടേണുകള്‍ 30നകം സമര്‍പ്പിക്കണമെന്ന് യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി
cancel

അബൂദബി: 2025ലെ കോര്‍പറേറ്റ് ടാക്‌സ് റിട്ടേണുകള്‍ സെപ്റ്റംബര്‍ 30നകം സമര്‍പ്പിക്കണമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി യു.എ.ഇയിലെ ബിസിനസ് സ്ഥാപനങ്ങളെ ഓര്‍മപ്പെടുത്തി. വൈകിയാല്‍ അഡ്മിനിസ്‌ട്രേറ്റീവ് പിഴകള്‍ നേരിടേണ്ടിവരും. ടാക്‌സ് ഏജന്‍റ്സ് ഫോറത്തിലാണ് എഫ്.ടി.എ ഈ നിർദേശം നല്‍കിയത്. രാജ്യത്തെ ഇലക്ട്രോണിക് ഇന്‍വോയ്‌സിങ് സിസ്റ്റത്തിന്‍റെ വരാനിരിക്കുന്ന നിര്‍ണായക തീയതികളും ഫോറത്തില്‍ വ്യക്തമാക്കി.

റിട്ടേണുകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കുന്നതിനും കുടിശ്ശിക തുകകള്‍ അടച്ചുതീര്‍ക്കുന്നതിനും കമ്പനികളെ സഹായിക്കാന്‍ ടാക്‌സ് ഏജന്‍റുമാര്‍ മുന്നോട്ടുവരണമെന്ന് എഫ്.ടി.എ. ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ മുല്ല അഭ്യർഥിച്ചു. കോര്‍പറേറ്റ് ടാക്‌സ്, വാറ്റ്, എക്‌സൈസ് ടാക്‌സ്, ഇലക്ട്രോണിക് ഇന്‍വോയ്‌സിങ് എന്നിവയുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങളും ഫോറത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഇ-ഇന്‍വോയ്‌സിങ് സമയപരിധി

അഞ്ചുകോടി ദിര്‍ഹമോ അതിലധികമോ വരുമാനമുള്ള സ്ഥാപനങ്ങള്‍: ഇലക്ട്രോണിക് ഇന്‍വോയ്‌സിങ് സിസ്റ്റത്തിന്‍റെ പരിധിയില്‍ വരുന്ന ഇവര്‍ ഒക്ടോബര്‍ 30, 2026നകം അംഗീകൃത സേവന ദാതാവിനെ നിയമിക്കേണ്ടതാണ്. തുടര്‍ന്ന് ജനുവരി 1, 2027 മുതല്‍ ഇലക്ട്രോണിക് ഇന്‍വോയ്‌സിങ് സിസ്റ്റം പൂര്‍ണമായും നടപ്പാക്കണം.

അഞ്ചുകോടി ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള സ്ഥാപനങ്ങള്‍: ഈ വിഭാഗത്തില്‍പ്പെടുന്ന ബിസിനസുകള്‍ മാര്‍ച്ച് 31, 2027നകം അംഗീകൃത സേവന ദാതാവിനെ നിയമിക്കേണ്ടതാണ്. ജൂലൈ 1, 2027 മുതല്‍ ഇവര്‍ ഇ-ഇന്‍വോയ്‌സിങ് നടപ്പിലാക്കണം. വ്യത്യസ്ത നടപ്പാക്കല്‍ ഘട്ടങ്ങളെക്കുറിച്ചും സമയപരിധികളെക്കുറിച്ചും കമ്പനികള്‍ക്ക് കൃത്യമായ അവബോധം നല്‍കുന്നതില്‍ ടാക്‌സ് ഏജന്‍റുമാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അബ്ദുല്‍ അസീസ് അല്‍ മുല്ല വ്യക്തമാക്കി. ഏറ്റവും പുതിയ നികുതി നിയമങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും ടാക്‌സ് ഏജന്‍റുമാരെ അറിയിക്കാനും അവരുമായി നേരിട്ട് ആശയവിനിമയം നടത്താനും എഫ്.ടി.എ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാക്‌സ് ഏജന്‍റുമാരുടെ ഉത്തരവാദിത്തങ്ങള്‍

യു.എ.ഇയുടെ നികുതി വ്യവസ്ഥയിലെ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും ബാധ്യതകള്‍ നിറവേറ്റുന്നതിനും കമ്പനികളെ സഹായിക്കുന്നതില്‍ ടാക്‌സ് ഏജന്റുമാര്‍ക്കുള്ള ചുമതലകള്‍ എഫ്.ടി.എ. ഊന്നിപ്പറഞ്ഞു. നികുതി നടപടിക്രമങ്ങളും ഇലക്ട്രോണിക് ഇന്‍വോയ്‌സിങ് നടപ്പിലാക്കുമ്പോള്‍ ബിസിനസുകാര്‍ സ്വീകരിക്കേണ്ട പ്രായോഗിക നടപടികളും ഫോറത്തില്‍ ചര്‍ച്ചയായി.

കൂടാതെ, ‘പില്ലര്‍ ടൂ’ നിയമങ്ങളുടെ പരിധിയില്‍ വരുന്ന ബിസിനസുകളെ സഹായിക്കാനും ടാക്‌സ് ഏജന്‍റുമാരോട് ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ സംബന്ധിച്ച കൃത്യമായ വെളിപ്പെടുത്തലുകള്‍, ടാക്‌സ് റിട്ടേണുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാനും ഇവര്‍ കമ്പനികള്‍ക്ക് പിന്തുണ നല്‍കണം.

എന്താണ് ‘പില്ലര്‍ ടു’?

ആഗോളതലത്തിലുള്ള നികുതി വെട്ടിപ്പും ലാഭം വകമാറ്റുന്ന പ്രവണതകളും തടയാന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോ ഓപറേഷന്‍ ആൻഡ് ഡവലപ്‌മെന്‍റ് (ഒ.ഇ.സി.ഡി) രൂപീകരിച്ച ആഗോള നികുതി പരിഷ്‌കരണത്തിന്‍റെ ഭാഗമാണ് ‘പില്ലര്‍ ടു’. ലോകത്തെവിടെയായാലും വലിയ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കുറഞ്ഞത് 15 ശതമാനം ആഗോള കുറഞ്ഞ നികുതി നിരക്ക് ഉറപ്പാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

ആര്‍ക്കാണ് ബാധകമാവുന്നത്: ലോകമെമ്പാടുമുള്ള മൊത്തം വാര്‍ഷിക വരുമാനം 75 കോടി യൂറോയില്‍ (ഏകദേശം 318 കോടി ദിര്‍ഹമില്‍) കൂടുതലുള്ള വലിയ ബഹുരാഷ്ട്ര കമ്പനി ഗ്രൂപ്പുകള്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്.

യു.എ.ഇയിലെ നടപ്പാക്കല്‍: യു.എ.ഇയില്‍ ഈ നിയമം ‘ഡൊമസ്റ്റിക് മിനിമം ടോപ്-അപ്പ് ടാക്‌സ്’ ആയി നടപ്പാക്കിയിട്ടുണ്ട്. യു.എ.ഇയുടെ സാധാരണ കോര്‍പറേറ്റ് നികുതി നിരക്ക് 9 ശതമാനം ആണെങ്കിലും, വലിയ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പില്ലര്‍ ടൂ പ്രകാരമുള്ള 15 ശതമാനം മിനിമം നികുതിയാണ് ബാധകമാകുന്നത്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE Corporate Tax Deadline Alert
Next Story