100 ശതമാനം വിശ്വസിക്കാമോ? ഡാബർ വിവാദം നൽകുന്ന ഉപഭോക്തൃപാഠം
text_fieldsഒരു ഉൽപന്നത്തിന്റെ പാക്കറ്റിൽ ‘100 ശതമാനം പരിശുദ്ധം’, ‘100 ശതമാനം പ്രകൃതിദത്തം’, ‘100 ശതമാനം ജൈവം’, എന്നെഴുതിയാൽ സാധാരണ ഉപഭോക്താവിന്റെ മനസ് ഉറപ്പിച്ച് പറയും -ഈ ഉൽപന്നം ധൈര്യമായി വാങ്ങാം. എന്നാൽ ഈ ‘100 ശതമാനം’ ഉറപ്പുകൾക്ക് പിന്നിൽ യഥാർഥത്തിൽ എന്താണ് എന്ന ചോദ്യം ഉയർത്തുകയാണ് ഡാബറിനെതിരായ നടപടി.
ഇന്ത്യയിലെ പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഡാബർ ഇന്ത്യയുടെ ചില ഭക്ഷ്യ ഉൽപന്നങ്ങളിൽ ഉപയോഗിച്ച ‘100 ശതമാനം’ അവകാശവാദങ്ങൾ വ്യക്തതയില്ലാത്തതും പരിശോധിച്ച് ഉറപ്പാക്കാൻ കഴിയാത്തതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതുമാണെന്ന് ഭക്ഷ്യസുരക്ഷാ-മാനദണ്ഡ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) കണ്ടെത്തുകയായിരുന്നു. തുടർന്ന്, ആഗസ്റ്റ് മൂന്നിന് ഡാബറിനോട് ഇത്തരം അവകാശവാദങ്ങളുള്ള ഉൽപന്നങ്ങളുടെ വിൽപന നിർത്താൻ നിർദേശം നൽകി. ഇതിന് മുമ്പും വിവിധ കമ്പനികളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്.
ഡാബർ ചെയ്ത ‘കുറ്റം’ എന്ത്?
നിയമപരമായി അനുവദനീയമല്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ലേബലിങ്/ മാർക്കറ്റിങ് അവകാശവാദം ഉന്നയിച്ചു എന്നതാണ് ഡാബറിനെതിരെ കണ്ടെത്തിയത്. ഡാബർ തേൻ, വെളിച്ചെണ്ണ, പശുവിൻ നെയ്യ്, ആപ്പിൾ സിഡാർ വിനെഗർ, തേങ്ങാപ്പാൽ, തേങ്ങാവെള്ളം തുടങ്ങിയ ഉൽപന്നങ്ങളിലെ ‘100 ശതമാനം’ എന്ന തരത്തിലുള്ള അവകാശവാദങ്ങളാണ് നടപടിക്ക് കാരണമായത്.
ഭക്ഷ്യ ഉൽപന്നങ്ങളുടെ പരസ്യങ്ങളിലും ലേബലുകളിലും ഉപയോഗിക്കുന്ന അവകാശവാദങ്ങൾ സത്യസന്ധവും വ്യക്തവുമായും പരിശോധിച്ച് ഉറപ്പാക്കാവുന്നതുമായിരിക്കണം എന്നതാണ് എഫ്.എസ്.എസ്.എ.ഐ നിലപാട്. ‘100 ശതമാനം’ എന്ന് എഴുതിയിരിക്കുന്ന ഉൽപന്നം വാങ്ങുമ്പോൾ ഉപഭോക്താവ് അതിനെ മറ്റ് ഉൽപന്നങ്ങളെക്കാൾ കൂടുതൽ ശുദ്ധമോ പ്രകൃതിദത്തമോ സുരക്ഷിതമോ ആണെന്ന് കരുതിയേക്കാം. അതിനാൽ, ഒരു ചെറിയ വാക്കുപോലും വാങ്ങൽ തീരുമാനത്തെ നേരിട്ട് സ്വാധീനിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഡാബറിനെതിരെ നടപടി ഉണ്ടായത്.
എഫ്.എസ്.എസ്.എ.ഐ നടപടിക്കെതിരെ ഡാബർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ നോട്ടീസോ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ മതിയായ അവസരമോ നൽകാതെയാണ് നടപടി ഉണ്ടായതെന്നാണ് കമ്പനിയുടെ പ്രധാന വാദം. ആഗസ്റ്റ് ഏഴിന് ഡൽഹി ഹൈക്കോടതി നിരോധന ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ചു. ‘100 ശതമാനം’ എന്ന അവകാശവാദം മറ്റ് കമ്പനികളും ഉപയോഗിക്കുന്നുണ്ടെന്നും തങ്ങളുടെ ഉൽപന്നങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ നിയമാനുസൃതമാണെന്നും കമ്പനി വാദിച്ചു.
ഉപഭോക്താവ് ശ്രദ്ധിക്കേണ്ടത്?
‘100 ശതമാനം’ കണ്ടാൽ ഉടൻ വിശ്വസിക്കരുത് എന്നതാണ് ഇവിടെ ഉപഭോക്താവ് ഓർമിക്കേണ്ട കാര്യം. ഇത്തരം അവകാശ വാദങ്ങൾ ഉൽപന്നത്തിന്റെ മുഴുവൻ യാഥാർഥ്യവും പറയണമെന്നില്ല. പാക്കറ്റിന്റെ പിൻവശത്തെ ചേരുവ പട്ടിക കൂടി വായിക്കണം. മുൻവശത്തെ പരസ്യവാചകത്തേക്കാൾ ഈ പട്ടിക പ്രധാനമാണ്.
പാക്കറ്റിന്റെ മുൻവശത്ത് വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്ന അവകാശവാദം വാങ്ങൽ തീരുമാനത്തെ സ്വാധീനിക്കാൻ രൂപകൽപന ചെയ്തതായിരിക്കാം. യഥാർഥ ഘടകങ്ങൾ, അളവ്, പോഷകവിവരങ്ങൾ എന്നിവ സാധാരണയായി പിന്നിലെ ലേബലിലാണ്. ഒരു ഉൽപന്നം പ്രകൃതിദത്തമാണെന്ന് അവകാശപ്പെടുന്നതുകൊണ്ട് അത് എല്ലാവർക്കും ആരോഗ്യകരമാണെന്ന് അർഥമില്ല. പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, കലോറി തുടങ്ങിയ പോഷകവിവരങ്ങളും പരിശോധിക്കണം.
‘100 ശതമാനം ഫ്രൂട്ട് ജ്യൂസ്’ എന്ന് എഴുതിയാൽ അത് മുഴുവൻ പഴത്തിൽ നിന്ന് നേരിട്ട് ലഭിച്ച ജ്യൂസാണെന്ന് കരുതരുത്. അതിൽ വെള്ളം, പഴസത്ത്, പഞ്ചസാര തുടങ്ങിയവ ചേർത്തിട്ടുണ്ടോയെന്നും നോക്കണം.
രണ്ട് ബ്രാൻഡുകളിലെ ‘പ്രകൃതിദത്തം’, ‘പരിശുദ്ധം’, ‘ആരോഗ്യപ്രദം’ തുടങ്ങിയ വാക്കുകൾ മാത്രം നോക്കാതെ 100 ഗ്രാം/100 മില്ലി അടിസ്ഥാനത്തിലുള്ള പോഷകവിവരങ്ങൾ താരതമ്യം ചെയ്യുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

