ഫ്ലിപ്കാർട്ട് ഭക്ഷണ വിതരണ രംഗത്തേക്കും
text_fieldsസൊമാറ്റോക്കും സ്വിഗ്ഗിക്കും വെല്ലുവിളി ഉയർത്തി വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്കും ചുവടുവെക്കുന്നു. കമ്പനി സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തിയാണ് ഇക്കാര്യം അറിയിച്ചത്. എന്നുമുതലാണ് നടപ്പാക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആദ്യഘട്ടത്തിൽ ബംഗളൂരു പോലെയുള്ള ഒരു നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷമാകും വിപുലീകരണം. പൈലറ്റ് പ്രോജക്ട് ആഗസ്റ്റിൽ തന്നെ ആരംഭിക്കും.
ഫ്ലിപ്കാർട്ടിന്റെ പ്രധാന ആപ്പിലൂടെയും ഭക്ഷണ വിതരണത്തിനായി പ്രത്യേകം തയാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാൻ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ ഓപൺ നെറ്റ്‍വർക്ക് ഡിജിറ്റൽ കൊമേഴ്സുമായി സഹകരിച്ചാകും സേവനം ലഭ്യമാക്കുകയെന്നും സൂചനയുണ്ട്. ഫ്ലിപ്കാർട്ട് കൂടി ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം കടുക്കുകയും ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കുകയും ചെയ്യും. വിലക്കുറവ്, മികച്ച റെസ്റ്റാറന്റുകളുടെ നിര, മികച്ച സേവനം, വേഗത്തിലൂടെ ഡെലിവറി എന്നിവയിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ലക്ഷ്യമെന്ന് കല്യാൺ കൃഷ്ണമൂർത്തി വ്യക്തമാക്കിയിട്ടുണ്ട്.
പ്രഖ്യാപനം വന്നതോടെ വെള്ളിയാഴ്ച സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ഓഹരി വിലയിൽ ഇടിവുണ്ടായി. സോമാറ്റോക്ക് 57 ശതമാനത്തോളവും സ്വിഗിക്ക് 43 ശതമാനത്തോളവുമാണ് നിലവിൽ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ അസംഘടിത, ചെറുകിട സംരംഭങ്ങൾ കൂടാതെയുള്ള ഇന്ത്യയിലെ വിപണി വിഹിതം.
ഇതിൽ ഗണ്യമായൊരു ഭാഗം കൈക്കലാക്കാമെന്നാണ് ഫ്ലിപ്കാർട്ടിന്റെ പ്രതീക്ഷ. തുടക്കത്തിൽ നഷ്ടം സഹിച്ചും കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാക്കും. ഇ കൊമേഴ്സ് വിപണി പിടിച്ചടക്കാൻ ഫ്ലിപ്കാർട്ടും ആമസോണും മീഷോയും ഈ തന്ത്രം പയറ്റിയതാണ്. ഏതായാലും ഉപഭോക്താക്കൾക്ക് കോളടിക്കും എന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

