Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightചൈനയുടെ ' അത്ഭുത'...

ചൈനയുടെ ' അത്ഭുത' വളര്‍ച്ചയ്ക്ക് എവര്‍ഗ്രാന്‍ഡെ പ്രതിസന്ധി കടിഞ്ഞാണിടുമോ?

text_fields
bookmark_border
evergrande 21921
cancel

എവർഗ്രാൻഡെ പ്രതിസന്ധിക്ക്​ താൽക്കാലിക വിരാമമായിരിക്കുകയാണ്​. കടപത്രങ്ങളിൽ അട​ക്കേണ്ട തുകയുടെ ഒരു വിഹിതം കമ്പനി അടച്ചതോടെയാണ്​ കാറും കോളും അടങ്ങിയത്​. എന്നാൽ, ചൈനീസ്​ സമ്പദ്​വ്യവസ്ഥയെ കുറിച്ച്​ ചില മൗലികമായ ചോദ്യങ്ങൾ കമ്പനി ഉയർത്തുന്നുണ്ട്​. ആ ചോദ്യങ്ങൾക്ക്​ ഇനിയും ഉത്തരം കിട്ടിയിട്ടില്ല.

പക്ഷേ പ്രതിസന്ധിക്ക്​ പിന്നാലെ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ മെറ്റൽ ഓഹരികളുടെ വിലയിടിഞ്ഞത്​ കൃത്യമായ സൂചനയാണ്​. എവർഗ്രാൻഡെ പോലുള്ള വലിയ കമ്പനി തകർന്നാൽ അത്​ ആഗോള സമ്പദ്​വ്യവസ്ഥയിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്ന്​ തെളിയിക്കുന്നതാണ്​ ഓഹരി വിപണിയിലുണ്ടായ മാറ്റങ്ങൾ.

ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയൊരു സംഭാവന നല്‍കുന്ന രാജ്യമാണ് ചൈന. ചൈനയുടെ നഗര സമ്പത്തിന്റെ 70 ശതമാനവും റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ചൈനീസ് ജിഡിപിയുടെ രണ്ട് ശതമാനം വരെ സംഭാവന ചെയ്യുന്ന രണ്ടാമത്തെ വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എവര്‍ഗ്രാന്‍ഡെ. 30,000 കോടി ഡോളര്‍ വരുന്ന കടക്കെണിയിലാണ് കമ്പനി ഇപ്പോള്‍. വായ്പ നല്‍കിയവര്‍ക്കും വിതരണക്കാര്‍ക്കും പണം നല്‍കുന്നതിന് ഫണ്ട് ശേഖരിക്കാനുള്ള പ്രയാസത്തിലാണ് കമ്പനി. നിക്ഷേപകരില്‍ നിന്നും വലിയ പ്രതിഷേധം തന്നെയാണ് കമ്പനിയുടെ വിവിധ ഓഫീസുകള്‍ക്ക് മുന്നില്‍ നടക്കുന്നത്.

ചൈനയിലെ മൊത്തം വസ്തു വില്‍പ്പനയുടെ 4 ശതമാനവും വഹിക്കുന്നത് കമ്പനിയാണ്. അതേസമയം, വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കമ്പനിയ്ക്ക് ശേഷിയില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം തന്നെ പൊതുമേഖലാ ബാങ്കുകളെ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് കടക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണമെന്നും പ്രാദേശിക ഭരണകൂടങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. കമ്പനിയുടെ എണ്ണൂറോളം പദ്ധതികള്‍ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. പണമടച്ച പത്ത് ലക്ഷത്തോളം പേര്‍ക്ക് പാര്‍പ്പിടം ലഭിച്ചിട്ടില്ല. ഏഴര ലക്ഷം കോടി രൂപയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്. കമ്പനിയുടെ ഓഹരി വില 90 ശതമാനത്തോളം ഇടിഞ്ഞുകഴിഞ്ഞു. അതിരുകവിഞ്ഞ വളര്‍ച്ച സ്വന്തമാക്കാന്‍ അമിതമായി കടമെടുക്കുക എന്ന ചൈനീസ് നയത്തിന്റെ പരിണിതഫലം കൂടിയാണ് എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ചയ്ക്ക് കാരണം.

ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങി, ഫുട്‌ബോള്‍ അക്കാദമിയും കൂറ്റന്‍ സ്‌റ്റേഡിയവും സ്ഥാപിച്ചു, ഇലക്ട്രിക് കാറുകളുടെ കമ്പനി തുടങ്ങിയുമൊക്കെയാണ് കമ്പനി നഷ്ടങ്ങള്‍ വിളിച്ചുവരുത്തിയത്. ഇതിനെല്ലാം കടം വാങ്ങിയ വന്‍ തുകയും കമ്പനിയ്ക്ക് തിരിച്ചടയ്ക്കാന്‍ പറ്റാതായി. എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ച ഓഹരി വിപണിയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഒറ്റദിവസം കൊണ്ട് ശതകോടീശ്വരന്മാര്‍ക്ക് നഷ്ടമായത് പത്ത് ലക്ഷം കോടി രൂപയാണ്. ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് സൂചിക പ്രകാരം ടെസ്ല കോര്‍പറേഷന്‍ ഉടമ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ 7.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 198 ബില്യണായി.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 5.6 ബില്യണ്‍ കുറഞ്ഞ് 194.2 ബില്യണുമായി. അതേസമയം, എവര്‍ഗ്രാന്‍ഡെയുടെ വാര്‍ഷിക പലിശ പ്രശ്‌നം പരിഹരിച്ചുവെന്ന് എവര്‍ഗ്രാന്‍ഡെ ചെയര്‍മാന്‍ ഷു ജിയായിന്‍ പ്രഖ്യാപിച്ചു. ഇതോടെ കമ്പനിയുടെ ഓഹരി വിലയില്‍ 32% വര്‍ധനവുണ്ടായി. 260 കോടി രൂപയാണ് കമ്പനി നല്‍കാനുണ്ടായിരുന്നത്.

ഇനിയും ബാധ്യതകള്‍ വരാനിരിക്കെ, എത്രയും വേഗം ഫ്‌ലാറ്റുകളുടെ പണി പൂര്‍ത്തിയാക്കി ഉപയോക്താക്കള്‍ക്കു കൈമാറണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന രാജ്യത്തെ ബാങ്കിങ് സമ്പദ് വ്യവസ്ഥയിലേക്ക് വന്‍ തോതില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. അതോടെ ബാങ്കുകള്‍ക്കു മേലുളള സമ്മര്‍ദവും കുറഞ്ഞു.

എവര്‍ഗ്രാന്‍ഡെ അതിജീവിച്ചാലും, ബാലന്‍സ് ഷീറ്റുകളില്‍ വ്യക്തത വരുത്താന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. എന്തായാലും, ചൈനയെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കിയ 'അത്ഭുതം' അവസാനിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.

Show Full Article
TAGS:Evergrande 
News Summary - Will the Evergrande crisis hamper China's 'miracle' growth?
Next Story