Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഒമ്പത് പൈസയിൽനിന്ന്...

ഒമ്പത് പൈസയിൽനിന്ന് ഒരു കോടി രൂപയിലേക്ക് വളർന്ന ക്രിപ്റ്റോ മൂല്യം

text_fields
bookmark_border
ഒമ്പത് പൈസയിൽനിന്ന് ഒരു കോടി രൂപയിലേക്ക് വളർന്ന ക്രിപ്റ്റോ മൂല്യം
cancel

ഗുജറാത്തിലെ ചെറുപട്ടണമാണ് ബോട്ടാദ്. അധികമൊന്നും പ്രസിദ്ധമല്ലാത്ത ഈ പട്ടണം അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞു. ക്രിപ്റ്റോ കറൻസി നിക്ഷേപകർ കൂടുതലുള്ള പ്രദേശങ്ങളിലൊന്ന് എന്നതായിരുന്നു വാർത്താപ്രാധാന്യത്തിന് കാരണം.

ബോട്ടാദ് ഒരു സൂചനയാണ്. മുമ്പൊക്കെ വൻ നഗരങ്ങളിലായിരുന്നു ക്രിപ്റ്റോ പ്രേമം. കാലം മാറിയ​പ്പോൾ ചെറുനഗരങ്ങളും അതിന് പിന്നാലെയായി. ക്രിപ്റ്റോ നിക്ഷേപത്തിൽ മുന്നിട്ട് നിൽക്കുന്നതാകട്ടെ ചെറുപ്പക്കാരും. ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപത്തിൽ 75 ശതമാനവും നടത്തുന്നത് 35 വയസ്സിൽ താഴെയുള്ളവരാണെന്ന് അറിയുമ്പോൾ പുതുതലമുറയു​ടെ താൽപര്യങ്ങൾ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. റിസ്കെടുത്ത് പുതുവഴികൾ വെട്ടാൻ അവർ തയാറാണ്.

പുതു താരപ്പിറവി

2008ൽ ലോകത്തെ ഞെരുക്കിയ സാമ്പത്തിക മാന്ദ്യമാണ് ക്രിപ്​റ്റോ കറൻസിയുടെ പിറവിക്ക് കാരണമായതെന്ന് പറയാം. നിലവിലെ സാമ്പത്തിക രീതിയുടെ പോരായ്മകൾ വ്യക്തമാക്കുന്നതായിരുന്നു അന്നത്തെ മാന്ദ്യം. അങ്ങനെയിരിക്കെയാണ് 2009ൽ പുതിയൊരു താരത്തി​െന്റ വരവ് -ബിറ്റ്കോയിൻ. കമ്പ്യൂട്ടറിൽ ഖനനം ചെയ്തെടുക്കുന്ന ഡിജിറ്റൽ കറൻസി. ആദ്യമൊക്കെ ആളുകൾ അതൊരു തമാശയായി കരുതി. പിന്നെപ്പിന്നെ കളി കാര്യമായി. ബിറ്റ്കോയിൻ തരംഗമായി.

സതോഷി നകാ​മോട്ടോ എന്ന അജ്ഞാതനാണ് ഈ ഡിജിറ്റൽ കറൻസി അവതരിപ്പിച്ചത്. ഇത് ഒരു വ്യക്തിയാ​േണാ ഒരു സംഘം ആളുകളാ​ണോ എന്നത് ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. ക്രമേണ സതോഷി നകാമോട്ടാ ചിത്രത്തിൽനിന്ന് ഇല്ലാതായി. േബ്ലാക്ക് ചെയിൻ എന്ന സാ​​​ങ്കേതിക വിദ്യയിലാണ് ബിറ്റ്കോയിൻ കുഴിച്ചെടുക്കുന്നത്.

ലളിതമായി പറഞ്ഞാൽ വികേന്ദ്രീകൃത ഡിജിറ്റൽ ലെഡ്ജറാണ് ​േബ്ലാക്ക് ചെയിൻ. ഉദാഹരണത്തിന്, ഒരു ബാങ്കി​ൽ നമ്മുടെ ഇടപാടുകളെല്ലാം അതി​െന്റ കേന്ദ്രീകൃത സെർവറിലാണ് സൂക്ഷിക്കുന്നത്. ഒരൊറ്റ സെർവർ ഹാക്ക് ചെയ്താൽ മുഴുവൻ വിവരങ്ങളും അടിച്ചുമാറ്റാമെന്ന് ചുരുക്കം. എന്നാൽ, ​േബ്ലാക്ക്ചെയിനിൽ വികേന്ദ്രീകൃതമായാണ് ലെഡ്ജർ സൂക്ഷിക്കുന്നത്. അതായത്, ഒരു ഇടപാട് നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാവരുടെയും കമ്പ്യൂട്ടറിൽ അത് രേഖപ്പെടുത്തുന്നു. എല്ലാ കമ്പ്യൂട്ടറും ഹാക്ക് ചെയ്താൽ മാത്രമേ വിവരങ്ങളിൽ മാറ്റം വരുത്താൻ സാധിക്കൂ.

പരമ്പരാഗത കറൻസി സംവിധാനത്തിൽ ഒരു ഇടപാട് നടക്കണമെങ്കിൽ മൂന്നാമതൊരു കക്ഷിയുടെ സഹായം ആവശ്യമാണ്. മുഖ്യമായും ബാങ്കുകളാണ് ഈ ദൗത്യം നിർവഹിക്കുന്നത്. എന്നാൽ, ക്രിപ്റ്റോ കറൻസിക്ക് ഈ പരിമിതിയില്ല. ഒരാൾക്ക് ലോകത്തെവിടെയുമുള്ള മറ്റൊരാളുമായി നേരിട്ട് ഇടപാട് നടത്താനാകും.

ഒരു രാജ്യത്തി​െന്റ കേന്ദ്ര ബാങ്കി​െന്റ​യോ മറ്റേതെങ്കിലും ഏജൻസികളുടെ​യോ നിയന്ത്രണം ഇതിനില്ല. അതിനാൽതന്നെ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനം തുടങ്ങിയവക്കായി ക്രിപ്റ്റോ കറൻസിയെ ഉപയോഗിക്കാമെന്ന് സർക്കാറുകൾക്ക് ആശങ്കയുണ്ട്. എന്നാൽ, ക്രിപ്റ്റോയെ അനുകൂലിക്കുന്ന രാജ്യങ്ങളുമുണ്ട്. മധ്യ അമേരിക്കൻ രാജ്യമായ എൽസാൽവദോറാണ് ആദ്യമായി ബിറ്റ്കോയിനിന് നിയമപരമായ അംഗീകാരം നൽകിയത്. ക്രിപ്റ്റോ കറൻസിക്ക് പരമ്പരാഗത കറൻസിപോലെ സ്വന്തം മൂല്യമില്ല. ആവശ്യക്കാർ ഏറുമ്പോൾ മൂല്യം ഉയരുകയും ആവശ്യക്കാർ കുറയുമ്പോൾ മൂല്യം കുറയുകയുമാണ് ചെയ്യുന്നത്.

ഒമ്പത് പൈസയിൽനിന്ന് ഒരു കോടി രൂപയിലേക്ക്

സർക്കാറുകൾ ആശയക്കുഴപ്പത്തിലാണെങ്കിലും ക്രിപ്റ്റോ കറൻസി പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. 2009ൽ രംഗത്തുവരുമ്പോൾ 0.00099 ഡോളറായിരുന്നു ബിറ്റ്കോയി​െന്റ മൂല്യം. അതായത് നമ്മുടെ ഒമ്പത് പൈസയോളം. 2010ൽ 10000 ബിറ്റ്കോയിൻ കൊടുത്ത് ഒരാൾ രണ്ട് പിസ വാങ്ങിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, 15 വർഷം പിന്നിടുമ്പോൾ ബിറ്റ്കോയി​നിെന്റ വില ഒരു ലക്ഷം ഡോളർ കടന്നത് അമ്പരപ്പോടെയാണ് ​ലോകം കേട്ടത്.

അതായത് ഒരു ബിറ്റ് കോയിനിന് നമ്മുടെ ഒരു കോടി രൂപക്ക് മുകളിൽ മൂല്യം! ക്രിപ്റ്റോ കറൻസി അനുകൂലിയായ ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതാണ് പെട്ടെന്നുള്ള കുതിപ്പിന് കാരണം. ​അമേരിക്കയുടെ കരുതൽ ധനശേഖരത്തിൽ ഒരു ഭാഗം ബിറ്റ്കോയിനിലാക്കുന്നത് പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

അമിതമായ ചാഞ്ചാട്ടമാണ് ക്രിപ്റ്റോ കറൻസിയുടെ പ്രത്യേകത. അനുദിന ഇടപാടുകൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നതിന് വെല്ലുവിളിയാകുന്നതും ഈ ചാഞ്ചാട്ടമാണ്. ക്രിപ്റ്റോ കറൻസി വാങ്ങിയാൽ അടുത്ത ദിവസം മൂല്യം കുത്തനെ ഇടിഞ്ഞാൽ കച്ചവടക്കാർ പെരുവഴിയിലാകും. ഒരു വർഷം മുമ്പ് 35 ലക്ഷത്തോളം രൂപയായിരുന്ന മൂല്യമാണ് ഒരു കോടിക്ക് മുകളിൽ എത്തിയത്. കയറിയതുപോലെ വില താഴേക്ക് ഇറങ്ങാനും സാധ്യതയുണ്ടെന്ന് ഓർക്കണം. അതേസമയം, ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. ഇലോൺ മസ്കി​​െന്റ ടെസ്‍ല ചില ഉൽപന്നങ്ങൾ ഡോജ് കോയിൻ ഉപയോഗിച്ച് വാങ്ങാൻ അനുവദിക്കുന്നുണ്ട്.

തരംഗമായി ക്രിപ്റ്റോ നിക്ഷേപം

നി​ക്ഷേപം, ട്രേഡിങ് എന്നീ നിലകളിലാണ് നിലവിൽ ഈ ഡിജിറ്റൽ കറൻസി വൻ മുന്നേറ്റമുണ്ടാക്കുന്നത്. അമേരിക്കയിലെ ഓഹരി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ കഴിഞ്ഞ വർഷം ക്രിപ്റ്റോ ഇ.ടി.എഫുകൾക്കും അനുമതി നൽകി. 3.6 ലക്ഷം കോടി ഡോളറാണ് ലോകത്തെ ക്രിപ്​റ്റോ കറൻസികളുടെ വിപണിമൂല്യം.

ഏറ്റവും ആദ്യം സൃഷ്ടിക്കപ്പെട്ടതിനാൽ ബിറ്റ്കോയിൻ തന്നെയാണ് ക്രിപ്റ്റോയിലെ രാജാവ്. നിലവിൽ പ്രചാരത്തിലുള്ളത് 19.81 ദശലക്ഷം ബിറ്റ്കോയിനാണ്. പരമാവധി 21 ദശലക്ഷം ബിറ്റ്കോയിനാണ് ഖനനം ചെയ്തെടുക്കാൻ കഴിയുന്നത്. അതുകൊണ്ടുതന്നെയാണ് അതിന് മൂല്യം കൂടുന്നതും. നിലവിൽ 13000ലധികം ക്രിപ്റ്റോ കറൻസികളാണ് ലോകത്തുള്ളത്.

ബിറ്റ്മകോയിൻ അല്ലാത്ത മറ്റുള്ളവരെല്ലാം ബദൽ കോയിനുകൾ (Altcoin) എന്നാണ് അറിയപ്പെടുന്നത്. മീംകോയിൻ, സ്റ്റേബിൾ കോയിൻ എന്നിങ്ങനെ ബദൽ കോയിനുകൾ പലതരമുണ്ട്. പ്രചുരപ്രചാരം നേടിയ മീമുകളോ കാർട്ടൂൺ കഥാപാത്രങ്ങളോ അടിസ്ഥാനമാക്കിയുള്ള കോയിനുകളാണ് മീം കോയിൻ. തമാശക്ക് തുടങ്ങുന്ന ഇവയിൽ പലതും കാലക്രമേണ പ്രചാരം നേടുകയും മൂല്യം കൈവരിക്കുകയുംചെയ്യുന്നു. ലോക കോടീശ്വരൻ ഇലോൺ മസ്കി​െന്റ ഇഷ്ട കോയിനായ ഡോജ്കോയിൻ ഇതിനുദാഹരണമാണ്.

ഡോളർ, സ്വർണം തുടങ്ങിയ ഏതെങ്കിലും കേന്ദ്ര ആസ്തിയുമായി മൂല്യം ബന്ധിപ്പിച്ചവയാണ് സ്റ്റേബിൾ കോയിൻ. ഡോളറുമായി ബന്ധിപ്പിച്ച കോയിനുകളുടെ മൂല്യം ഏത് സമയത്തും ഏറക്കുറെ അതിനോടടുത്താകും. കാര്യമായ ചാഞ്ചാട്ടമുണ്ടാകില്ലെന്ന് ചുരുക്കം. നി​ക്ഷേപമെന്ന നിലയിൽ കാര്യമായ നേട്ടം നൽകില്ലെങ്കിലും അനുദിന ഇടപാടുകൾക്ക് ഇവ അനുയോജ്യമാണ്. ടെഥർ (യു.എസ്.ഡി.ടി), യു.എസ്.ഡി.സി തുടങ്ങിയവ ഉദാഹരണം.

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

​പുതിയ നി​ക്ഷേപ രീതിയായതിനാൽ ശ്രദ്ധിച്ച് മാത്രം കൈകാര്യംചെയ്യുക എന്നതാണ് പ്രധാനം. പെട്ടെന്ന് അത്യാവശ്യം വരില്ലെന്ന് ഉറപ്പുള്ള ചെറിയൊരു തുക മാത്രം നിക്ഷേപിച്ച് പരീക്ഷണം നടത്താം. കുഴപ്പമില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രം മുന്നോട്ട് പോവുക. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്നതാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകളു​െട പ്രത്യേകത. 24 മണിക്കൂർ അടിസ്ഥാനമാക്കിയാണ് വില വ്യതിയാനം കാണിക്കുക. ​മിനിറ്റുകൾക്കുള്ളിലോ മണിക്കൂറുകൾക്കുള്ളിലോ വൻ ഏറ്റക്കുറച്ചിൽ സംഭവിച്ചേക്കാം. അതിനാൽ, നല്ല മനോധൈര്യവും ഈ നിക്ഷേപത്തിന് ആവശ്യമാണ്. താഴേക്ക് പോയ വില അതുപോലെ മുകളിലേക്ക് കയറുന്നതും കാണാം.

കുംഭകോണങ്ങളും ഹാക്കിങ്ങുകളും അടുത്തകാലത്ത് ക്രിപ്റ്റോ വിപണിയെ പിടിച്ചുലച്ചിരുന്നു. അമേരിക്കയിലെ മുൻനിര ക്രിപ്റ്റോ എക്സ്ചേഞ്ചായ എഫ്.ടി.എക്സ് 2022ൽ തകർന്നതാണ് ഇതിലെ ഏറ്റവും വലിയ ഉദാഹരണം. കോടിക്കണക്കിന് നിക്ഷേപം ഉടമകൾ വകമാറ്റി തട്ടിപ്പ് നടത്തിയത് പുറത്തുവന്നതോടെയാണ് ഈ എക്സ്ചേഞ്ച് തകർന്നത്.

ഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീർഎക്സിന് നേരെ കഴിഞ്ഞവർഷം ജൂലൈയിലുണ്ടായ സൈബർ ആക്രമണത്തിൽ നിക്ഷേപകർക്ക് 2000 കോടി രൂപയോളമാണ് നഷ്ടമായത്. അതേസമയം, സകലമാന സർക്കാർ നിയന്ത്രണങ്ങളുമുള്ള ഓഹരി വിപണിയിലും തട്ടിപ്പുകൾക്ക് കുറവില്ലെന്ന കാര്യം മറക്കരുത്. ഹർഷദ് മേത്ത കോടികൾ തട്ടിയെടുത്തതും നിക്ഷേപകരുടെ ഓഹരികൾ പണയം വെച്ച് കാർവി എന്ന സ്​റ്റോക്ക് ബ്രോക്കിങ് സ്ഥാപനം കോടികൾ വായ്പയെടുത്ത് വകമാറ്റിയതും നമ്മുടെ മുന്നിലുണ്ട്.

ക്രിപ്റ്റോ കറൻസികളെക്കുറിച്ചും ക്രിപ്റ്റോ എക്സ്ചേഞ്ചുകളെക്കുറിച്ചും ആവശ്യമായ അറിവ് നേടുകയും വിശ്വാസ്യത ഉള്ളവയുമായി മാത്രം ഇടപാട് നടത്തുകയുംചെയ്യുക എന്നതാണ് നിക്ഷേപകർ ചെയ്യേണ്ടത്.

ഇന്ത്യയിൽ നികുതി 30 ശതമാനം

ഇന്ത്യയിൽ ക്രിപ്​റ്റോ കറൻസിയുടെ കാര്യത്തിൽ സർക്കാരിന് ഇപ്പോഴും ആശയക്കുഴപ്പമാണ്. 2018ൽ ക്രിപ്റ്റോകളെ വിലക്കി റിസർവ് ബാങ്ക് സർക്കുലർ പുറപ്പെടുവിച്ചു. എന്നാൽ, സുപ്രീംകോടതി ഇതെടുത്ത് കുട്ടയിലെറിഞ്ഞു. ക്രിപ്റ്റോകളെ അങ്ങനെയങ്ങ് വിലക്കാനാകില്ലെന്ന് കോടതി തീർത്തു പറഞ്ഞു. ഇതോടെ നിക്ഷേപകർക്ക് ആവേശമായി. അവർ ​ക്രിപ്റ്റോകളിൽ നിക്ഷേപവും ട്രേഡിങ്ങും തുടങ്ങി.

സർക്കാരിന് കൃത്യമായ നിലപാടില്ലെങ്കിലും കിട്ടാനുള്ളത് പോരട്ടെയെന്ന നിലപാടിലായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ. 2022ലെ ബജറ്റിൽ ക്രിപ്റ്റോ നിക്ഷേപത്തിൽനിന്നുള്ള വരുമാനത്തിന് അവർ 30 ശതമാനം നികുതി ചുമത്തി. അതും പോരാതെ നാല് ശതമാനം സെസും ഒരു ശതമാനം ടി.ഡി.എസും ചുമത്തി. ഒരു ക്രിപ്റ്റോ നിക്ഷേപത്തിൽ നഷ്ടമുണ്ടായാൽ അത് അടുത്ത നിക്ഷേപത്തിലെ ലാഭത്തിൽ തട്ടിക്കിഴിക്കാനാകില്ല. നഷ്ടം അടുത്ത വർഷ​ത്തേക്ക് നീക്കിയിരിപ്പ് നടത്താനും കഴിയില്ല. ചുരുക്കത്തിൽ നഷ്ടമെല്ലാം നി​ക്ഷേപകൻ ത​െന്ന സഹിക്കണം. ലാഭം കിട്ടിയാൽ നല്ലൊരു പങ്കും സർക്കാരിന് കൊടുക്കുകയും വേണം.

ക്രിപ്റ്റോയിൽനിന്നുള്ള വരുമാനം ആദായനികുതി റിട്ടേണിൽ നിർബന്ധമായും കാണിച്ചിരിക്കണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. ഇന്ത്യയിൽ ഇപ്പോൾ രണ്ട് കോടിയിലധികം ക്രിപ്റ്റോ നിക്ഷേപകരുണ്ടെന്നാണ് കണക്ക്. അത് ഇനിയും കൂടിക്കൊണ്ടിരിക്കും.

നിക്ഷേപം നടത്താൻ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ

സ്റ്റോക്ക് ബ്രോക്കർമാർ മുഖേന ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെയാണ് ​ ക്രിപ്റ്റോ കറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്. ഇതിനായി ക്രിപ്റ്റോ എക്സ്ചേഞ്ചുകളുണ്ട്. ഏതാണ്ട് 48ഓളം ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഇന്ത്യയിലുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തി​െന്റ കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂനിറ്റിൽ (എഫ്.ഐ.യു) രജിസ്റ്റർചെയ്ത എക്സ്ചേഞ്ചുകൾക്കാണ് ഇന്ത്യയിൽ അനുമതിയുള്ളത്. ബൈനാൻസ്, കോയിൻ ഡി.സി.എക്സ്, മർഡെക്സ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ആധാർ നമ്പർ, പാൻ നമ്പർ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകി കെ.വൈ.സി പൂർത്തിയാക്കി അക്കൗണ്ട് തുറക്കാം. തുടർന്ന് ഇഷ്ടമുള്ള തുക അക്കൗണ്ടിലേക്ക് മാറ്റി ട്രേഡിങ് ആരംഭിക്കാം.

നിലവിൽ 13,000ലധികം ​ക്രിപ്റ്റോ കറൻസികളാണ് ലോകത്ത് പ്രചാരത്തിലുള്ളത്. ദിവസവും പുതിയ കോയിനുകൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിപണിമൂല്യത്തി​െന്റ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് ബിറ്റ്കോയിനാണ്. ഏകദേശം 160 ലക്ഷം കോടി രൂപയാണ് നിലവിൽ ബിറ്റ്കോയിനി​െന്റ വിപണിമൂല്യം. മൊത്തം ക്രിപ്റ്റോ വിപണിയിൽ 56.81 ശതമാനം വിഹിതമാണ് ബിറ്റ്കോയിൻ കൈയാളുന്നത്.

രണ്ടാംസ്ഥാനത്തുള്ള ഇഥിറിയത്തി​െന്റ വിപണിമൂല്യം ഏക​ദേശം 34 ലക്ഷം കോടി രൂപയാണ്. ഇഥിറിയത്തി​​െന്റ വിപണിവിഹിതം 12.16 ശതമാനമാണ്. ടെഥർ (യു.എസ്.ഡി.ടി), എസ്.ആർ.പി, ബി.എൻ.ബി, ​സൊലാന, ഡോജ്, യു.എസ്.ഡി കോയിൻ (യു.എസ്.ഡി.സി), കാർഡാനോ (എ.ഡി.എ), ട്രോൺ (ടി.ആർ.എക്സ്) തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള കോയിനുകൾ. മിക്ക എക്സ്ചേഞ്ചുകളിലും ഇന്ത്യൻ രൂപയിൽതന്നെ ഇടപാടുകൾ കാണാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BusinessCryptocurrency Era
News Summary - The Era of Cryptocurrency
Next Story