രാജ്യത്ത് തുരുമ്പ് തിന്നുന്നത് വര്‍ഷംതോറും 14.15 ലക്ഷം കോടി രൂപയുടെ ആസ്തിവകകൾ
text_fieldsകൊച്ചി: പൊതുമുതൽ പലതും ഉപയോഗിക്കാതെ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നത് നമ്മുടെ നാട്ടുകാഴ്ചകളിലൊന്നാണ്. കൊട്ടിഘോഷിച്ച് തുടങ്ങിയ പല പദ്ധതികളുടെയും അനന്തര ഫലം തുടർ പരിചരണങ്ങളില്ലാതെ തുരുമ്പുപിടിച്ച് നശിക്കലിലാണ് എത്തുന്നത്. രാജ്യത്തെമ്പാടുമുള്ള സ്ഥിതിയാണിത്. രാജ്യത്ത് പ്രതിവർഷം ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുന്നത് 14.15 ലക്ഷം കോടി രൂപയുടെ ആസ്തിവകകളാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) 4.3 ശതമാനത്തിന് തുല്യമാണ്.
അടിസ്ഥാന സൗകര്യ വികസന മേഖലക്ക് വൻ ആഘാതം
ജപ്പാന് ആസ്ഥാനമായ ആഗോള ധനകാര്യ സ്ഥാപനമായ നൊമുറയുടെ പുതിയ റിപ്പോര്‍ട്ടിലാണ് തുരുമ്പ് പിടിക്കൽ മൂലം ഇന്ത്യക്കുണ്ടാകുന്ന നഷ്ടക്കണക്ക് വിവരിക്കുന്നത്. ഹൈവേകള്‍, പാലങ്ങള്‍, റെയില്‍വേ, വൈദ്യുതി, ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍, വ്യാവസായിക ആസ്തികള്‍ എന്നീ മേഖലകളിലാണ് നാശം ഏറെയുള്ളത്. ഇവയുടെ നാശം പരിപാലനച്ചെലവും പുനര്നിര്മാണച്ചെലവും ഗണ്യമായി വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തുരുമ്പെടുക്കല്‍ ഏറ്റവും വലിയ ആഘാതമുണ്ടാക്കുന്നത് അടിസ്ഥാന സൗകര്യ വികസന മേഖലയിലാണെന്ന് കണക്കുകള്‍ പറയുന്നു. 1.41 ലക്ഷം കോടിയാണ് നഷ്ടം. വാഹനമേഖല 87,098 കോടി, വൈദ്യുതി നിര്‍മാണ വിതരണമേഖല 53,860 കോടി, ടെലികമ്യൂണിക്കേഷന്‍സ് 38,320 കോടി, റെയില്‍വേ 23,788 കോടി എന്നിങ്ങനെയാണ് മറ്റ് മേഖലകളില്‍ ഇതുമൂലമുണ്ടാകുന്ന നഷ്ടം.
ഏറ്റവും വലിയ നഷ്ടം വൈദ്യുതി മേഖലക്ക്
മേഖലാടിസ്ഥാനത്തില്‍ വൈദ്യുതി മേഖലയിലാണ് ഏറ്റവും വലിയ നഷ്ടം (മേഖലാ ജി.ഡി.പിയുടെ 10.1%), തുടര്‍ന്ന് ടെലികോം (3.8%), ഓട്ടോമൊബൈല്‍ (3%), റെയില്‍വേ (2.8%) എന്നിവയാണ്.
കാലാവസ്ഥക്കും പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്കും അനുസൃതമായ ആഗോള നിലവാരത്തിലുള്ള തുരുമ്പ് പ്രതിരോധ സംവിധാനങ്ങള്‍ വ്യാപകമായി നടപ്പാക്കിയാല്‍ ഇന്ത്യയുടെ ജി.ഡി.പിയില്‍ 1.5% വരെ അധിക വളര്‍ച്ച കൈവരിക്കാനാകുമെന്നും അടിസ്ഥാനസൗകര്യങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കാനും ദീര്‍ഘകാല പരിപാലനച്ചെലവ് കുറക്കാനും കഴിയുമെന്നും നൊമുറ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
മാതൃകയാക്കണം യു.എസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയെ തുരുമ്പിൽ നിന്ന് സംരക്ഷിക്കാനുള്ള പദ്ധതികൾ കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യു.എസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ മാതൃകയാക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.
ഈ രാജ്യങ്ങളിൽ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നത്. എന്നാൽ, ഇന്ത്യയിൽ എല്ലായിടത്തും കാലാവസ്ഥ നോക്കാതെ ഒരേ സംരക്ഷണ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിൽ മാറ്റം വേണം, പ്രത്യേകിച്ച് മൺസൂൺ പോലുള്ള സാഹചര്യങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

