തകർന്നടിഞ്ഞ് റൂബിൾ; പലിശനിരക്ക് ഇരട്ടിയാക്കി റഷ്യ
text_fieldsമോസ്കോ: ലോകരാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന് റഷ്യൻ നാണയമായ റൂബിളിന് വൻ മൂല്യത്തകർച്ച. 30 ശതമാനം വരെയാണ് മൂല്യമിടിഞ്ഞത്. ഇതേ തുടർന്ന് മൂല്യശോഷണത്തിലെ നഷ്ടം കുറക്കാൻ ബാങ്കുകൾ പലിശ നിരക്ക് ഇരട്ടിയിലേറെയാക്കി. 9.5 ശതമാനത്തിൽനിന്ന് 20 ശതമാനമായാണ് നിരക്ക് ഉയർത്തിയത്. റൂബിളിന്റെ വിലത്തകർച്ചയിൽ പരിഭ്രാന്തരായ ജനങ്ങൾ മോസ്കോയിലടക്കം പ്രധാന നഗരങ്ങളിൽ പണം പിൻവലിക്കാൻ തടിച്ചുകൂടി. ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ വൻ തിരക്കാണ് കാണുന്നത്.
അതിനിടെ ആവശ്യത്തിന് കരുതൽധനമുണ്ടെന്നും ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്രബാങ്കായ ബാങ്ക് ഓഫ് റഷ്യ അഭ്യർഥിച്ചു. ബാങ്ക് കാർഡുകൾ ഉടൻ പ്രവർത്തനം നിലക്കുമെന്നും പിൻവലിക്കാവുന്ന തുകക്ക് നിയന്ത്രണം വരുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ജനങ്ങൾ കൂട്ടത്തോടെ ബാങ്കുകൾക്കു മുന്നിലെത്തിയത്.
യു.കെ, യു.എസ്, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ വിലക്കിയതോടെ റഷ്യൻ റൂബിളിന്റെ വിനിമയം ആഗോള തലത്തിൽ തടസ്സപ്പെട്ടിട്ടുണ്ട്. 50 ലക്ഷം കോടിക്കടുത്ത് (630 ബില്യൺ ഡോളർ) വരുന്ന റഷ്യയുടെ കരുതൽ ധനം ഡോളർ, യൂറോ, സ്റ്റെർലിങ് എന്നീ വിദേശ കറൻസികളിലും കൂടാതെ സ്വർണരൂപത്തിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. പണത്തിന് ആവശ്യക്കാർ കൂടിയതോടെ കേന്ദ്ര ബാങ്ക് കൂടുതൽ പണം എ.ടി.എം വഴി ജനങ്ങളിലെത്തിച്ചിരുന്നു.
ആഗോളതലത്തിലും തിരിച്ചടി
റഷ്യക്കാണ് സാമ്പത്തിക ഉപരോധമേർപ്പെടുത്തിയതെങ്കിലും അതിന്റെ പ്രത്യാഘാതം ലോകരാജ്യങ്ങളിലുമെത്തി. വാതകവിലയിലാണ് വൻ കുതിച്ചു ചാട്ടമുണ്ടായത്. വാതകവില
24 ശതമാനം വർധിച്ചത് യൂറോപ്യൻ രാജ്യങ്ങളിലടക്കം വൻ പ്രതിസന്ധിയുണ്ടാക്കി.
മറ്റു പ്രത്യാഘാതങ്ങൾ
● യൂറോപ്യൻ, ലണ്ടൻ, പാരിസ്, ഫ്രാങ്ക്ഫുർട്ട് ഓഹരി വിപണികളിൽ തകർച്ച
● ക്രൂഡ് ഓയിൽ വില 5.4 ശതമാനം വർധിച്ചു. ബാരലിന് 105 ഡോളർ വരെ ഉയർന്ന ക്രൂഡ് ഓയിൽ വില നിലവിൽ 103 ഡോളറിലാണ് തുടരുന്നത്.
● റഷ്യയുടെ എണ്ണ-പ്രകൃതിവാതക ബിസിനസ് പങ്കാളിത്തം അവസാനിപ്പിച്ചതു വഴി ബ്രിട്ടനിലെ ആഗോള എണ്ണക്കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ (ബി.പി)ഓഹരിവില ഏഴു ശതമാനം ഇടിഞ്ഞു. 25 ബില്യൺ ഡോളറാണ് കമ്പനിക്കുണ്ടായ നഷ്ടം (രണ്ടു ലക്ഷം കോടിക്കടുത്ത്).
● റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നുമുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ ഗോതമ്പ് വില കുതിച്ചുയർന്നു.
റഷ്യൻ ബാങ്കുകൾ തകരാൻ സാധ്യതയെന്ന് യൂറോപ്യൻ കേന്ദ്ര ബാങ്ക്
യൂറോപ്പിലെ റഷ്യൻ ബാങ്കുകൾ പാപ്പരാകാൻ സാധ്യതയെന്ന് യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇ.സി.ബി). റഷ്യൻ ഗവൺമെന്റിനു കീഴിലുള്ള സ്ബെർബാങ്ക് റഷ്യക്കു കീഴിൽ യൂറോപ്പിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കാണ് തിരിച്ചടിയുണ്ടാവുകയെന്ന് ഇ.സി.ബി പറയുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് 1.38 ലക്ഷം കോടി ആസ്തിയുള്ള ബാങ്കാണ് സ്ബെർബാങ്ക്. യുദ്ധം തുടങ്ങിയ ശേഷം ഈ ബാങ്കിനു കീഴിലെ യൂറോപ്യൻ ശാഖകളിൽനിന്ന് വലിയതോതിൽ പണം പിൻവലിക്കപ്പെടുന്നുണ്ടെന്ന് ഇ.സി.ബി പറയുന്നു. ക്രൊയേഷ്യ, സ്ലൊവീനിയ എന്നിവിടങ്ങളിലെ ബാങ്കുകളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നതെന്നും ഇ.സി.ബി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

