നിസാരമല്ല, നഷ്ടപ്പെട്ട ഫോണുകളുടെ വീണ്ടെടുക്കൽ നിരക്ക് വെറും 36 ശതമാനമെന്ന് റിപ്പോർട്ട്
text_fieldsസ്മാർട്ട്ഫോൺ നഷ്ടപ്പെടുക എന്നത് ഹാർഡ്വേർ സംബന്ധമായ ഒരു ബുദ്ധിമുട്ട് മാത്രമല്ല മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ ഫോൺ വലിയൊരു സാമ്പത്തിക അപകടസാധ്യത കൂടിയായി മാറാം. പ്രത്യേകിച്ച് അവ യു.പി.ഐ ആപ്പുകൾ, ബാങ്കിങ് സേവനങ്ങൾ, ഇമെയിൽ അക്കൗണ്ടുകൾ, മറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുമ്പോൾ. സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്ററിൽ നിന്നുള്ള സർക്കാർ കണക്കുകൾ ഈ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
2026 സെപ്റ്റംബർ 4 വരെയുള്ള സി.ഇ.ഐ.ആർ ഡാഷ്ബോർഡ് കണക്കുകൾ പ്രകാരം ഏകദേശം 58,92,226 മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യുകയും 36,69,085 എണ്ണം കണ്ടെത്തുകയും 13,36,061 എണ്ണം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കണ്ടെത്തിയ മൊബൈലുകളിൽ 36.41 ശതമാനമാണ് സർക്കാർ ഡാഷ്ബോർഡ് രേഖപ്പെടുത്തുന്ന വീണ്ടെടുക്കൽ നിരക്ക്. അതായത്, നഷ്ടപ്പെട്ടോ മോഷ്ടിക്കപ്പെട്ടോ പോയ ഭൂരിഭാഗം ഉപകരണങ്ങളും ട്രാക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ തങ്ങളുടെ സാമ്പത്തിക, വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ ഉടൻ തന്നെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
ഉത്തർപ്രദേശിൽ 5,29,682 മൊബൈലുകൾ ബ്ലോക്ക് ചെയ്യുകയും 3,30,899 എണ്ണം കണ്ടെത്തുകയും 1,56,782 എണ്ണം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ വീണ്ടെടുക്കൽ നിരക്ക് 47.38 ശതമാനമാണ്. മറുഭാഗത്ത്, ഡൽഹിയിലാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വെച്ച് ഏറ്റവും കുറഞ്ഞ വീണ്ടെടുക്കൽ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത് (വെറും 7.69%). ട്രാക്ക് ചെയ്ത 6.61 ലക്ഷം മൊബൈലുകളിൽ 50,867 എണ്ണം മാത്രമാണ് അവിടെ വീണ്ടെടുക്കാൻ കഴിഞ്ഞത്. ദേശീയ തലസ്ഥാന പ്രദേശത്ത് 10.47 ലക്ഷം മൊബൈലുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് സി.ഇ.ഐ.ആർ ഡാറ്റ വ്യക്തമാക്കുന്നു.
നഷ്ടപ്പെട്ട ഒരു ഫോണിനെ നഷ്ടപ്പെട്ട വാലറ്റ് പോലെ തന്നെ കരുതണം. നഷ്ടപ്പെട്ടാൽ ഓപ്പറേറ്ററെ ബന്ധപ്പെട്ട് സിം കാർഡ് ബ്ലോക്ക് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ഔദ്യോഗിക സഞ്ചാർ സാഥി സിസ്റ്റം വഴി ഹാൻഡ്സെറ്റ് ബ്ലോക്ക് ചെയ്യണം. ഉപഭോക്താക്കൾ ഉടൻ തന്നെ ബാങ്കുകളെയും പേയ്മെന്റ് സേവന ദാതാക്കളെയും വിവരമറിയിക്കുകയും ആവശ്യമായിടത്ത് മൊബൈൽ ബാങ്കിങ് ആക്സസ് പ്രവർത്തനരഹിതമാക്കുകയും പ്രധാന അക്കൗണ്ട് പാസ്വേഡുകൾ മാറ്റുകയും വേണം.
സെക്കൻ ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് ഉപകരണത്തിന്റെ ആധികാരികത പരിശോധിക്കാൻ സി.ഇ.ഐ.ആർ പ്ലാറ്റ്ഫോം സഹായിക്കുന്നു. ഉപകരണം വാങ്ങുന്നതിന് മുമ്പ് അതിന്റെ ഐ.ഇ.എം.ഐ സ്റ്റാറ്റസ് പരിശോധിക്കാൻ സർക്കാർ പോർട്ടൽ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകുന്നു. ലക്ഷക്കണക്കിന് ഫോണുകൾ ഇതിനോടകം ഈ സംവിധാനം വഴി ബ്ലോക്ക് ചെയ്തിട്ടുണ്ട്.
സ്മാർട്ട്ഫോൺ സുരക്ഷയും സാമ്പത്തിക സുരക്ഷയും തമ്മിൽ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ കണക്കുകൾ. നഷ്ടപ്പെട്ട ഫോൺ സുരക്ഷിതമാക്കാൻ ചെലവഴിക്കുന്ന ഏതാനും മിനിറ്റുകൾ ഭാവിയിലെ വലിയൊരു സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

