ധനകമീഷന്റെ റെഡ് സിഗ്നൽ; കേരളം കടപ്പട്ടികയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വർധിക്കുന്ന കടത്തിൽ ആശങ്ക രേഖപ്പെടുത്തി 16ാം കേന്ദ്ര ധനകമീഷൻ. ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തെ കമീഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പുറമേ ഈ പട്ടികയിലുള്ളത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ധന ഉത്തരവാദിത്ത നിയമങ്ങൾ നിലവിലുണ്ടായിട്ടും കേരളത്തിന് കടത്തിന്റെ തോത് കുറക്കാൻ സാധിച്ചിട്ടില്ലെന്ന് കമീഷൻ നിരീക്ഷിക്കുന്നു.
ധനക്കമ്മി കുറക്കുന്നതിൽ ചില ഘട്ടങ്ങളിൽ വിജയിച്ചുവെങ്കിലും മൊത്തം കടം ഉയർന്ന നിലയിൽ തന്നെ തുടരുന്നത് ആശങ്കാജനകമാണ്. 2011-12 കാലഘട്ടത്തിൽ കേരളത്തിന്‍റെ കടം-ജി.എസ്.ഡി.പി അനുപാതം 25.5 ശതമാനമായിരുന്നു. ഇത് താരതമ്യേന നിയന്ത്രണവിധേയമായ നിലയായിരുന്നു. എന്നാൽ, പിന്നീട് സംസ്ഥാനത്ത് ഉയർന്ന ധനക്കമ്മി നേരിട്ടതിനാൽ ഈ അനുപാതത്തിൽ ഏകദേശം 10 ശതമാനത്തിന്‍റെ വർധനവുണ്ടായി. 2020-21ൽ അനുപാതം 39.2 ശതമാനമായി ഉയർന്നു. എന്നാൽ, 2023-24 ആയപ്പോഴേക്കും 35.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ കടം പ്രധാനമായും വിപണി വായ്പകൾ, സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണുകൾ എന്നിവയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇവക്ക് ഉയർന്ന പലിശ നൽകേണ്ടതിനാൽ സംസ്ഥാനത്തിന്റെ വാർഷിക ബജറ്റിൽ പലിശ അടവിനായി വലിയൊരു തുക മാറ്റിവെക്കേണ്ടി വരുന്നു. ഇത് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധനച്ചെലവിനെ പരിമിതപ്പെടുത്തുന്നു.
കേരളത്തിന്റെ ധനസ്ഥിതിക്കെതിരെയുള്ള ഏറ്റവും കടുത്ത പരാമർശങ്ങളിലൊന്ന് ബജറ്റിന് പുറത്തുള്ള വായ്പകളെക്കുറിച്ചാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ വഴി കേരളം എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക കടബാധ്യതയിൽ ഉൾപ്പെടുന്നില്ലെങ്കിലും അവ ഭാവിയിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കമീഷൻ ചൂണ്ടിക്കാട്ടുന്നു. ബജറ്റിന് പുറത്തെ വായ്പകൾ പൂർണമായും അവസാനിപ്പിക്കണമെന്നും കമീഷൻ വ്യക്തമാക്കുന്നു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വരുത്തുന്ന നഷ്ടങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ സൂചനകളുണ്ട്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനോ സ്വകാര്യവത്കരിക്കാനോ തയ്യാറാകണമെന്ന് കമീഷൻ നിർദ്ദേശിച്ചു.
കേരളത്തിെന്റ ശരാശരി പ്രായം 37
സംസ്ഥാന ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം ഉയരുന്നത് പ്രതിസന്ധിയാകുമെന്ന് കമീഷൻ. കേരളത്തിന്റെ ശരാശരി പ്രായം 37 ആണ്. ഇത് ബിഹാർ പോലുള്ള സംസ്ഥാനങ്ങളെ (23 വയസ്) അപേക്ഷിച്ച് വളരെ കൂടുതലാണ്. 2036 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ 22.8 ശതമാനം 60 വയസ്സിന് മുകളിലുള്ളവരായിരിക്കും.
സാമൂഹിക സേവന ചെലവുകളിൽ ഏതാണ്ട് 30 ശതമാനവും പെൻഷനുകൾക്കായി മാത്രം കേരളം ചെലവാക്കണം. നിലവിൽ കേരളത്തിന്റെ റവന്യൂ ചെലവിന്റെ 17 ശതമാനം പെൻഷനുകൾക്കാണ്. ദേശീയ ശരാശരി 11.3 ശതമാനം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

