പാൻകാർഡും -ആധാർകാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?; അറിയേണ്ടതെല്ലാം
text_fieldsപാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള തീയതി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് നീട്ടിയിരിക്കുകയാണ്. ജൂൺ 30 വരെയൊണ് തീയതി നീട്ടിയിരിക്കുന്നത്. ചൊവ്വാഴ്ച ഇത് അഞ്ചാം തവണയാണ് പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള തീയതി നീട്ടുന്നത്. ലിങ്കിങ്ങിനുള്ള തീയതി നീട്ടിയെങ്കിലും ഇരു കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനെ കുറിച്ച് ആളുകൾക്ക് ഇപ്പോഴും സംശയം ബാക്കിയാണ്.
പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നാണ് പലർക്കും അറിയേണ്ടത്. ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി കേന്ദ്ര പ്രത്യക്ഷ നികുതിവകുപ്പ് നൽകിയിട്ടുണ്ട്. അവസാന തീയതിയായ ജൂൺ 30ന് മുമ്പ് പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാവുമെന്നാണ് കേന്ദ്രനികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. അത്തരം പാൻകാർഡുകൾക്ക് റീഫണ്ട് ലഭിക്കില്ല, പാൻകാർഡ് അസാധുവായിരുന്ന സമയത്ത് കൊടുക്കാത്ത റീഫണ്ടിന് പലിശ നൽകില്ല. ഇതിനൊടൊപ്പം ടി.ഡി.എസ്, ടി.സി.എസും ഉയർന്ന നിരക്കിലാവും അത്തരം നികുതിദായകരോട് ഈടാക്കുക.
നിശ്ചിത തീയതിക്കകം പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയും നൽകേണ്ടി വരും. 1000 രൂപയായിരിക്കും പിഴ നൽകേണ്ടി വരിക. 1000 രൂപ പിഴയടച്ച് പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിച്ചാലും പാൻകാർഡ് വീണ്ടും പ്രവർത്തനക്ഷമമാകണമെങ്കിൽ ഒരു മാസം കഴിയണം.
അതേസമയം, മുഴുവൻ ഇന്ത്യക്കാരും പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല. അസം, ജമ്മുകശ്മീർ, മേഘാലയ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ, എൻ.ആർ.ഐകൾ, കഴിഞ്ഞ വർഷം 80 വയസ് കഴിഞ്ഞവർ, ഇന്ത്യൻ പൗരൻമാരല്ലാത്തവർ എന്നിവർ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല. മറ്റെല്ലാവരും ജൂൺ 30നകം പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.
www.incometax.gov.in എന്ന വെബ്സൈറ്റിൽ ക്വിക് ലിങ്ക്സിന് കീഴിലുള്ള ‘ലിങ്ക് ആധാർ സ്റ്റാറ്റസ്’ എന്ന ഓപ്ഷനിൽ പോയി ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാകും. ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. ബന്ധിപ്പിക്കാത്തവർക്ക് ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷനിൽ പ്രവേശിച്ച് ഇതിനുള്ള നടപടി പൂർത്തീകരിക്കാം. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

