പാമോയിൽ ഇറക്കുമതി കുറഞ്ഞു; സോയ, സൂര്യകാന്തി എണ്ണ വരവ് കൂടി
text_fieldsവിദേശ പാമോയിൽ ഇറക്കുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ എണ്ണക്കുരുക്കൾ ഏറ്റവും ശക്തമായ തലത്തിലേക്ക് ചുവടുവെച്ചു. ഇന്ത്യയിൽ പാമോയിൽ ഇറക്കുമതി 14 വർഷത്തെ ഏറ്റവും കുറഞ്ഞ അളവിലാണ്. ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവയിൽ വരുത്തിയ വർധനയാണ് വ്യവസായികളെ ഇതിൽനിന്ന് പിന്തിരിപ്പിച്ചത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സസ്യയെണ്ണ ഇറക്കുമതി നടത്തുന്നത് ഇന്ത്യയാണ്.
കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് പാമോയിൽ ഇറക്കുമതിയിൽ 45 ശതമാനം കുറഞ്ഞു. അതേസമയം സോയാ, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി ഉയരുകയും ചെയ്‌തു.
ആറ് മാസമായി കത്തിക്കയറിയ വെളിച്ചെണ്ണ വിപണി സാങ്കേതിക തിരുത്തലിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ മൂന്നാഴ്‌ചയായി നാളികേരോൽപന്നങ്ങളടെ വില മാറ്റമില്ലാതെ നീങ്ങുന്നത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരാം. തമിഴ്‌നാട്ടിലെ വൻകിട കൊപ്രയാട്ട് മില്ലുകാർ ഉയർന്ന വില നൽകി കൊപ്രയും പച്ചത്തേങ്ങയും ശേഖരിക്കാൻ ഉത്സാഹം കാണിക്കുന്നില്ല.
സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് ഊർജിതമാക്കുന്നത് കണക്കിലെടുത്താൽ മാസത്തിന്റെ രണ്ടാം പകുതിമുതൽ പച്ചത്തേങ്ങ ലഭ്യത കാർഷിക മേഖലകളിൽ ഉയർന്ന് തുടങ്ങാം. ഇത് ഉൽപന്ന വിലയിൽ ചാഞ്ചാട്ടം സൃഷ്‌ടിക്കാനും ഇടയുണ്ട്. വാങ്ങൽ താൽപര്യം കുറച്ച് സ്‌റ്റോക്കിസ്‌റ്റുകളെ വിൽപനക്കാരാക്കി മാറ്റാനുള്ള തന്ത്രവും വ്യവസായികൾ പ്രയോഗിച്ചാൽ വിൽപനക്ക് നീക്കം തുടങ്ങുമെന്ന നിഗനമത്തിലാണ് കാങ്കയത്തെ മില്ലുകാർ. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ 22,300 രൂപയിലും കൊപ്ര 15,000 രൂപയിലുമാണ്.
•വിനിമയ വിപണിയിലെ ചെറു ചലനങ്ങൾപോലും രാജ്യാന്തര റബർ വിലയിൽ പ്രതിഫലിച്ചു. യു.എസ് ഡോളറിന് മുന്നിൽ ജപ്പാൻ യെന്നിന്റെ മൂല്യം ശക്തിപ്രാപിച്ചതും പിന്നീട് പൊടുന്നനെ ദുർബലമായതുമെല്ലാം മുൻനിര അവധി വ്യാപാര കേന്ദ്രമായ ഒസാക്കയിൽ റബർ വിലയിൽ വൻ ചാഞ്ചാട്ടം സൃഷ്‌ടിച്ചു. ഈ അവസരത്തിൽ ടയർ കമ്പനികൾ ഷീറ്റ് സംഭരണത്തിൽ പുലർത്തിയ തണുപ്പൻ മനോഭാവം വിലക്കയറ്റം തടഞ്ഞു. പ്രമുഖ റബർ ഉൽപാദന രാജ്യങ്ങളിൽ അടുത്ത മാസത്തോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിക്കുമെന്ന വിലയിരുത്തൽ. തായ്‌ലാൻഡ് അടക്കമുള്ള രാജ്യങ്ങളിൽ ഉൽപാദനം കുറയുമെന്നത് വിലക്കയറ്റത്തിന് അവസരം ഒരുക്കാം.
വിദേശവിപണികളിൽ നിരക്ക് ഉയർന്നെങ്കിലും ഇന്ത്യൻ ടയർ നിർമാതാക്കൾ കൊച്ചിയിലും കോട്ടയത്തും ഷീറ്റ് വില ഉയർത്താതെ ചരക്ക് സംഭരിക്കാനുള്ള ശ്രമത്തിലാണ്. നാലാം ഗ്രേഡ് റബർ 19,000 രൂപയിലും അഞ്ചാം ഗ്രേഡ് 18,700 രൂപയിലുമാണ്.
•കുരുമുളക് വിളവെടുപ്പ് പുരോഗമിച്ചതോടെ സ്‌റ്റോക്കിസ്‌റ്റുകൾ വിൽപനക്ക് നീക്കം തുടങ്ങി. നേരത്തേ ഇറക്കുമതി നടത്തിയ ചരക്ക് നാടൻ മുളകുമായി കലർത്തി വിപണികളിൽ എത്തിക്കുന്ന സംഘവും രംഗത്തുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കിലോ നൂറുരൂപ ഉയർന്ന് നിൽക്കുകയാണെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം ഏതാണ്ട് എല്ലാ ഭാഗങ്ങളിലും കുറഞ്ഞതിനാൽ നിരക്ക് ഇനിയും ഉയരുമെന്ന് തന്നെയാണ് കാർഷിക മേഖലയുടെ വിലയിരുത്തൽ. വാരത്തിന്റെ തുടക്കത്തിൽ നിരക്ക് ഇടിക്കാൻ അന്തർസംസ്ഥാന വാങ്ങലുകാർ നീക്കം നടത്തിയെങ്കിലും കർഷകർ ചരക്ക് നീക്കം കുറച്ചതോടെ വീണ്ടും കൂടിയ വിലയ്‌ക്ക് ഉത്തരേന്ത്യക്കാർ മുളക് ശേഖരിച്ചു. മാർക്കറ്റ് ക്ലോസിങ്ങിൽ അൺ ഗാർബിൾഡ് 65,900 രൂപയിലാണ്.
•സ്വർണം റെക്കോഡ് പ്രകടനം കാഴ്‌ചവെച്ച വാരമാണ് കടന്നുപോയത്. വാരാരംഭത്തിൽ 63,560 രൂപയിൽ നീങ്ങിയ പവൻ പിന്നീട് എക്കാലത്തെയും ഉയർന്ന നിരക്കായ 64,480 രൂപവരെ കയറി. വാരാന്ത്യം നിരക്ക് കുറഞ്ഞ് 63,120 രൂപയിലാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2860 ഡോളറിൽനിന്ന് റെക്കോഡ് വിലയായ 2942 ഡോളർവരെ കുതിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.