Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightബോളിവുഡിനെ...

ബോളിവുഡിനെ പിടിച്ചുലച്ച മഹാദേവ് ബെറ്റിങ് കേസ്; തട്ടിപ്പിന്റെ വഴികളിങ്ങനെ

text_fields
bookmark_border
ബോളിവുഡിനെ പിടിച്ചുലച്ച മഹാദേവ് ബെറ്റിങ് കേസ്; തട്ടിപ്പിന്റെ വഴികളിങ്ങനെ
cancel

മഹാദേവ് ആപിന്റെ ബെറ്റിങ് കേസ് ബോളിവുഡിൽ ഉൾപ്പടെ ചലനങ്ങൾ ഉണ്ടാക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സെലിബ്രിറ്റികളായ രൺബീർ കപൂർ, കപിൽ ശർമ്മ, ശ്രദ്ധ കപൂർ എന്നിവർക്ക് സമൻസ് അയച്ചതോടെയാണ് വാതുവെപ്പ് വാർത്തകളിൽ ഇടം നേടിയത്. അയിരം കോടിയുടെ തട്ടിപ്പാണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് നിഗമനം. വിവിധ ഗെയിമുകളിൽ തുടങ്ങി തെരഞ്ഞെടുപ്പിൽ വരെ സംഘം വാതുവെച്ചിട്ടുണ്ട്.

ഛത്തീസ്ഗഢ് പൊലീസും ആന്ധ്ര പൊലീസിന്റെ സൈബർ ക്രൈം യൂണിറ്റും നടത്തിയ അറസ്റ്റുകളോടെയാണ് അനധികൃത ബെറ്റിങ്ങിനെ സംബന്ധിക്കുന്ന വിവങ്ങൾ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് 70ഓളം എഫ്.ഐ.ആറുകളാണ് ഛത്തീസ്ഗഢ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം അറസ്റ്റുകൾ നടത്തുകയും ചെയ്തു.

ഹവാല പണം വൻതോതിൽ ആപുകളിലേക്ക് ഒഴുകിയെന്നാണ് പൊലീസിന്റെ നിഗമനം. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നിവരാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നും ദുബൈ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. തട്ടിപ്പിൽ ആദ്യ ചാർജ്ഷീറ്റ് സമർപ്പിച്ചത് ഛത്തീസഗഢ് പൊലീസാണ്. ​അലോക് സിങ് രാജ്പുത്ത്, റാംപ്രവേഷ് സാഹു, രാജ സിങ് എന്നിവരെ പ്രതിയാക്കിയായിരുന്നു കേസ്. മഹാദേവ് ബുക്ക് വഴി സ്വരൂപീക്കുന്ന പണം ലൈവ് ലുഡോ, ഫുട്ബാൾ, കസിനോ ഗെയിംസ് എന്നിവയിൽ വാതുവെക്കാൻ ഉപയോഗിച്ചുവെന്നാണ് ഛത്തീസ്ഗഢ് പൊലീസിന്റെ കണ്ടെത്തൽ. ഇവർ പണം സ്വീകരിച്ച് ആളുകൾക്ക് ഓൺലൈൻ ഐ.ഡി ഉണ്ടാക്കി നൽകി മഹാദേവ് ബുക്ക് വഴി വാതുവെക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

കേസുമായി ബന്ധപ്പെട്ട് 19 പേരെയാണ് ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തത്. വാതുവെപ്പുകാരിൽ നിന്നും പണം സ്വീകരിച്ച ഇവർ വാട്സാപ്പ് വഴി ഇത് വ്യാജ ബാങ്ക് അക്കൗണ്ടുകളിലിട്ടു. പിന്നീട് ടൈഗർ എക്സ്ചേഞ്ച്, ഗോൾ365, ലേസർ247, ക്രിക്കറ്റ്ബസ്.കോം, പ്ലേ247.വിൻ, സ്കൈലേക്സ്ചേഞ്ച്.കോം, ക്രിക്കറ്റ്ബെറ്റ്.കോം എന്നിവയിൽ വാതുവെപ്പുകാരുടെ താൽപര്യത്തിനനുസരിച്ച് ബെറ്റ് വെക്കുകയായിരുന്നു. ആപിലൂടെയുണ്ടാക്കുന്ന പണം വിവിധ ബിനാമി അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

ചന്ദ്രശേഖറും കൂട്ടാളികളായ രവി ഉത്പൽ, കപിൽ ചെല്ലാനി, സതീഷ് കുമാർ എന്നിവരും ചേർന്ന് 60ഓളം അനധികൃത വാതുവെപ്പ് വെബ്സൈറ്റുകൾ നടത്തുന്നുണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ. ലോട്ടസ്365, ഫെയർപ്ലേ, റെഡ്ഡി അന്ന, ലേസർ ബുക്ക് തുടങ്ങിയ നിരവധി വെബ്സൈറ്റുകൾ ഇതിൽ ഉ​ൾപ്പെടുന്നുണ്ടെന്ന് ഇ.ഡി അറിയിച്ചു.രാജ്യത്തുടനീളം മഹാദേവ് ആപ് ഉ​പയോഗിച്ച് ബെറ്റിങ് നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കോടിയുടെ ഇടപാടാണ് ആപ് വഴി നടന്നതെന്നും ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെയാണ് മഹാദേവ് ആപിന്റെ പ്രവർത്തനം

നിരവധി ബെറ്റിങ് ആപുകളിലൂടേയും ചാറ്റ് വെബ്സൈറ്റുകളിലെ ക്ലോസ്ഡ് ഗ്രൂപ്പുകളിലൂടെയുമാണ് ഇവരുടെ പ്രവർത്തനം.യൂസർമാർക്ക് ആപുമായി ബന്ധപ്പെടാൻ വൈബ്സൈറ്റുകളിൽ നമ്പർ നൽകിയിട്ടുണ്ടാവും. വാട്സാപ്പ് വഴി മാത്രമേ ഈ നമ്പറിലേക്ക് ബന്ധപ്പെടാനാവു. ഈ നമ്പറിൽ നിന്നും ഉപയോക്താക്കൾക്ക് രണ്ട് വ്യത്യസ്ത ഫോൺ നമ്പറുകൾ ലഭിക്കും. ഇതിലൊന്ന് വാതുവെപ്പിനായി പണം നിക്ഷേപിക്കാനും മറ്റൊന്ന് വാതുവെപ്പിലൂടെ ലഭിക്കുന്ന പോയിന്റുകൾ പണമാക്കി മാറ്റാൻ ബന്ധപ്പെടേണ്ട നമ്പറുമാണ്.

പാനൽ ഓപ്പറേറ്റർമാർ അല്ലെങ്കിൽ ബ്രാഞ്ച് മാനേജർമാരുടെ സഹായത്തോടെയാണ് ആപിന്റെ പ്രവർത്തനമെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. പാനൽ ഓണറും നാല് ജോലിക്കാരുമാണ് ഒരു പാനലിലുണ്ടാവുക. മഹാദേവ് ബെറ്റിങ് ആപിന്റെ ഹെഡ്ക്വാർട്ടേഴ്സ് ദുബൈയിലാണ്. പാനൽ ഓപ്പറേറ്റർമാർക്ക് നിശ്ചിത തുക ആപ് നൽകിയിട്ടുണ്ടാവും. വാതുവെക്കുന്നവർക്ക് ചെറിയ തുകകൾ നൽകാനാണിത്. മഹാദേവ് ആപ് വഴി വാതുവെക്കാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ വെബ്സൈറ്റിലെ വാട്സാപ്പ് നമ്പർ വഴി ദുബൈയിലുള്ള പ്രധാന കേന്ദ്രത്തിലേക്ക് ലഭിക്കുകയും അവിടെ നിന്ന് ഇത് പാനൽ ഓപ്പറേറ്റർമാർക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. വാതുവെപ്പിനായി എത്തുന്ന ഉപയോക്താക്കളെ ഓരോ പാനൽ ഓഫീസറിന്റെ കീഴിലാക്കുകയാണ് ഹെഡ് ഓഫീസ് ചെയ്യുക.

100 രൂപയാണ് ബെറ്റ്​വെക്കാൻ വേണ്ട മിനിമം തുക. ഇത് പാനൽ ഓപ്പറേറ്റർമാർക്കാണ് കൈമാറുക. അവർ ഇതിന്റെ റസീപ്പ്റ്റ് മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഉടമകൾക്ക് നൽകുന്നു. ആകെ വാതുവെച്ച തുകയുടെ 20 ശതമാനമാണ് പാനൽ ഓപ്പറേറ്റർമാർക്ക് ലഭിക്കുക. ഇത് ബാങ്ക് അക്കൗണ്ട് വഴിയോ ഹവാലയായോ നൽകും. നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം തട്ടിപ്പിന്റെ താഴെതട്ടിലുള്ള കണ്ണികളാണെന്നാണ് നിഗമനം.

മഹാദേവ് ആപുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലും ഉടമകൾ ക്ഷണിച്ച വിവാഹത്തിലും പ​ങ്കെടുത്തുവെന്നാണ് ബോളിവുഡ് താരങ്ങൾക്കെതിരായ ആരോപണം. ഇതിനായി അനധികൃത മാർഗങ്ങളിലൂടെ ഇവർ പണം സ്വീകരിച്ചുവെന്നും ആരോപണമുണ്ട്. ഇതും അന്വേഷണപരിധിയിലാണെന്നാണ് ഇ.ഡി അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood NewsMahadev Online Betting Case
News Summary - Mahadev app betting case: Bollywood’s connection to a billion-dollar racket
Next Story